News & Views

ഇന്തോനേഷ്യന്‍ ചെമ്മീന്‍ ട്രംപിന് കൊടുത്തത് വലിയ പണി; കേരളത്തിന് നേട്ടമാകും?

യു.എസിലേക്ക് ഓരോ വര്‍ഷവും കയറ്റുമതി ചെയ്യുന്നത് 35,000 കോടി രൂപയുടെ ഇന്ത്യന്‍ ചെമ്മീന്‍

Dhanam News Desk

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം ഇരട്ട നികുതി ചുമത്തിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇന്ത്യന്‍ ചെമ്മീനിന്റെ ഏറ്റവും വലിയ വിപണിയാണ് യു.എസ്. തീരുവ വര്‍ധിച്ചതോടെ ഇന്ത്യയ്ക്കു പകരം ഇക്വഡോര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ചെമ്മീന്‍ ഇറക്കുമതിക്കായി അമേരിക്കന്‍ കമ്പനികള്‍ ശ്രമം തുടങ്ങിയിരുന്നു.

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഇന്ത്യയുടെ എതിരാളികള്‍ക്കും യു.എസിനും അത്ര സന്തോഷം പകരുന്നതല്ല. ഇന്തോനേഷ്യയില്‍ നിന്ന് യു.എസ് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ റേഡിയോ ആക്ടീവ് സാന്നിധ്യം കണ്ടെത്തിയെന്നാണ് വാര്‍ത്ത. വാള്‍മാര്‍ട്ടിന്റെ സ്‌റ്റോറുകള്‍ വഴി വില്ക്കാന്‍ കൊണ്ടുവന്ന ചെമ്മീനിലാണ് അപകടകരമായ സാന്നിധ്യം കണ്ടെത്തിയത്. ഈ ചെമ്മീന്‍ കഴിക്കരുതെന്ന മുന്നറിയിപ്പ് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നല്കിയിട്ടുണ്ട്.

ലോസ് ഏഞ്ചല്‍സ്, ഹൂസ്റ്റണ്‍, മയാമി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാംപിളിലാണ് സെസിയം-137 റേഡിയോ ആക്ടീവ് പദാര്‍ത്ഥം കണ്ടെത്തിയത്. 13ലധികം സംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ച ചെമ്മീന്‍ വാള്‍മാര്‍ട്ട് തിരിച്ചു വിളിച്ചിട്ടുണ്ട്. ഇവ അപകടകരമല്ലാത്ത രീതിയില്‍ നശിപ്പിക്കാനാണ് പദ്ധതി.

നേട്ടം ഇന്ത്യയ്ക്ക്?

യു.എസിലേക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാംസ്ഥാനത്താണ് ഇന്തോനേഷ്യ. ഇന്ത്യയാണ് ഇതുവരെ പട്ടികയില്‍ മുന്നില്‍. എന്നാല്‍ ഇരട്ട തീരുവ വന്നതോടെ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി വലിയതോതില്‍ കുറയും. ഈ സ്ഥാനത്തേക്ക് ഇക്വഡോറും ഇന്തോനേഷ്യയും വരാനാണ് സാധ്യത. ഇന്തോനേഷ്യയ്ക്ക് 19 ശതമാനവും ഇക്വഡോറിന് 15 ശതമാനവുമാണ് യു.എസിന്റെ തീരുവ. ഇന്ത്യയുടേതുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ കുറവാണിത്.

യു.എസിലെ ഭക്ഷ്യസുരക്ഷ നിയമം വളരെ കടുപ്പമാണ്. റേഡിയോ ആക്ടീവ് സാന്നിധ്യം കണ്ടെത്തിയതോടെ ഇന്തോനേഷ്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് നിരോധനം വരാനാണ് സാധ്യതയേറെ. അങ്ങനെ സംഭവിച്ചാല്‍ അത് ഇന്തോനേഷ്യയ്ക്ക് വലിയ തിരിച്ചടിയാകും. ഇന്ത്യയെ സംബന്ധിച്ച് പന്ത് ട്രംപിന്റെ കോര്‍ട്ടിലുമാകും.

ചെമ്മീന് മാത്രം ഇളവ് നല്കുന്നതു പോലുള്ള എന്തെങ്കിലും സഹായം ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഉണ്ടായാല്‍ മാത്രമേ ഇന്തോനേഷ്യയുടെ വീഴ്ച്ച മുതലാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കൂ. ഇന്ത്യന്‍ ചെമ്മീന് രുചിയും നിലവാരവും കൂടുതലാണ്. ഇതും ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്.

ചെമ്മീന്‍ കയറ്റുമതി ഒറ്റനോട്ടത്തില്‍

  • യു.എസിലേക്ക് ഓരോ വര്‍ഷവും കയറ്റുമതി ചെയ്യുന്നത് 35,000 കോടി രൂപയുടെ ഇന്ത്യന്‍ ചെമ്മീന്‍

  • യു.എസ് ഇറക്കുമതിയുടെ 34 ശതമാനം ചെമ്മീനും ഇന്ത്യയില്‍ നിന്ന്

  • ഈ വര്‍ഷം ജനുവരിയില്‍ യു.എസ് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ 20,055 ടണ്‍ ഇന്ത്യയില്‍ നിന്ന്

  • കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് യു.എസിലേക്കുള്ള ചെമ്മീന്‍ കയറ്റുമതിയുടെ ഏറിയ പങ്കും.

Indonesia's shrimp exports face radiation scare in the US, opening potential opportunities for Indian exporters

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT