ഇന്‍ഷുറന്‍സ് രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള നിര്‍ണായക തീരുമാനമാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. മുന്‍ സര്‍ക്കാരുകള്‍ തൊടാന്‍ മടിച്ചതാണ് മോദി സര്‍ക്കാര്‍ മൂന്നാം ടേമില്‍ മാറ്റിയത്. ഇന്ത്യയുടെ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ തീരുമാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ വിദേശനിക്ഷേപം 74 ശതമാനമാണ്. 2047ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയെന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിലേക്കുള്ള ചുവടുവയ്പാണ് പുതിയ നീക്കം.
പൂര്‍ണ വിദേശ നിക്ഷേപം അനുവദിച്ചതിലൂടെ വിപണിയെ കൂടുതല്‍ മത്സരാധിഷ്ടിതമാക്കാന്‍ സാധിക്കും. ഇന്ത്യന്‍ ജനസംഖ്യയുടെ പാതിയില്‍ താഴെയാണ് ഇപ്പോഴും ഏതെങ്കിലുമൊരു ഇന്‍ഷുറന്‍സ് കവറേജുള്ളവര്‍. ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടു പോയാല്‍ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയെന്ന നേട്ടത്തിലേക്ക് എത്താന്‍ അടുത്ത കാലത്തൊന്നും സാധിക്കില്ല.
സാധാരണക്കാരന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ഓരോ വര്‍ഷവും പ്രീമിയം വര്‍ധിക്കുകയാണ്. ഇത് പലരെയും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറത്തേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നു. ഈ രീതിക്ക് മാറ്റംവരുത്താന്‍ പുതിയ നീക്കത്തോടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
വിദേശ കമ്പനികള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ നേരിട്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാമെന്ന അവസ്ഥ വന്നതോടെ വിപണിയില്‍ മത്സരം കടുക്കും. കൂടുതല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ എത്തും. ഇത് മത്സരം കടുപ്പിക്കും. പ്രീമിയം തുകയില്‍ അടക്കം പ്രതിഫലനമുണ്ടാകും. കേന്ദ്രം പ്രതീക്ഷിക്കുന്നതും ഇതുതന്നെയാണ്.
അതേസമയം, രാജ്യത്തെ പ്രമുഖ സ്ഥാപനമങ്ങളായ എല്‍.ഐ.സി, എസ്.ബി.ഐ ലൈഫ് തുടങ്ങിയവ പുതിയ മത്‌സരം നേരിടേണ്ട സാഹചര്യം കൂടിയാണ് വരുന്നത്.
2015 വരെ നേരിട്ടുള്ള വിദേശ നിക്ഷേപം 26 ശതമാനം മാത്രമായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2015ലാണ് 49 ശതമാനത്തിലേക്ക് വിദേശനിക്ഷേപം ഉയര്‍ത്തിയത്. പിന്നീട് 2021ലാണ് ഇത് 74 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്. പുതിയ മാറ്റത്തോടെ അന്താരാഷ്ട്ര രംഗത്തെ പല വമ്പന്‍ ഇന്‍ഷുറന്‍സ് കമ്പനികളെയും ഇന്ത്യന്‍ വിപണിയില്‍ കാണാനായേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine