രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സ്വകാര്യ ബാങ്ക് ആവുക എന്ന ലക്ഷ്യത്തോടെ ഫെഡറല്‍ ബാങ്ക്. ബിസിനസ് വലിപ്പം, വിപണി മൂല്യം, ലാഭക്ഷമത എന്നിവയില്‍ ഗണ്യമായ മുന്നേറ്റം നടത്തി രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ 'ബിഗ് ലീഗി'ലേക്ക് ഉയരുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നു ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ കെ.വി.എസ് മണിയന്‍.
2024 സെപ്റ്റംബറിലാണ് കെ.വി.എസ് മണിയന്‍ ഫെഡറല്‍ ബാങ്കിന്റെ സാരഥ്യത്തിലേക്ക് എത്തുന്നത്. മൂന്ന് ദശാബ്ദത്തോളം കൊട്ടക് മഹീന്ദ്ര ബാങ്കില്‍ സേവനമനുഷ്ഠിച്ച കെ.വി.എസ് മണിയന്‍, ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമെന്ന നിലയില്‍ നിന്ന് രാജ്യത്തെ മുന്‍നിര ബാങ്കുകളിലൊന്നായി കൊട്ടക് ബാങ്കിനെ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രൊഫഷണലാണ്.
ഫെഡറല്‍ ബാങ്കിന്റെ സ്ട്രാറ്റജിയില്‍ വരുന്ന മാറ്റങ്ങള്‍, ബാങ്കിംഗ് രംഗത്തെ എഐയുടെ സ്വാധീനം, നിയമനരീതിയിലെ ട്രെന്‍ഡുകള്‍, ബാങ്കിംഗ് പ്രൊഫഷണലുകളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ധനത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം സംസാരിക്കുന്നു.
? 14 വര്‍ഷമാണ് താങ്കളുടെ മുന്‍ഗാമി ബാങ്കിനെ നയിച്ചത്. പദവി കൈമാറ്റവും പിന്നീടുള്ള യാത്രയും സുഗമമായിരുന്നോ
ഫെഡറല്‍ ബാങ്കിന്റെ സാരഥ്യത്തില്‍ ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. നേതൃനിരയിലെ മാറ്റവും പിന്നീടുള്ള പ്രവര്‍ത്തനങ്ങളും സുഗമമായിരുന്നുവെന്നാണ് എന്റെ നിഗമനം. ബാങ്കിന് ദേശീയ സ്വഭാവം വന്നത് ശ്യാം ശ്രീനിവാസന്റെ കാലത്താണ്. അദ്ദേഹം തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ തുടരും. എന്നിരുന്നാലും വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തും. ബാങ്കിന്റെ ചരിത്രത്തിലെ അടുത്ത അധ്യായം കുറിക്കാനുള്ള ശ്രമമാണ്.
? താങ്കള്‍ വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്
ഫെഡറല്‍ ബാങ്ക് സ്ഥിരതയുള്ള ബാങ്കാണ്. മറ്റ് ചില ബാങ്കുകളെ പോലെ പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ ഇവിടെയില്ല. മികച്ച ടീമാണ്. മികച്ച ബിസിനസുണ്ട്. കേരള മാര്‍ക്കറ്റില്‍ അതിശക്തമായ സാന്നിധ്യം ബാങ്കിനുണ്ട്. സ്വകാര്യ ബാങ്കുകള്‍ക്കിടയില്‍ സ്വര്‍ണവായ്പാ രംഗത്ത് മുന്‍നിരയിലാണ് ബാങ്കിന്റെ സ്ഥാനം. കരുത്തുറ്റ ഒട്ടേറെ ഘടകങ്ങളുടെ പിന്‍ബലത്തില്‍ ബാങ്കിനെ രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ നിരയില്‍ വമ്പന്മാരുടെ പട്ടികയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.
രാജ്യത്തെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായി മാറാന്‍ ഫെഡറല്‍ ബാങ്കിന് സാധിക്കും. ബിസിനസ് വലുപ്പം, വിപണി മൂല്യം, ലാഭക്ഷമത തുടങ്ങിയ കാര്യങ്ങളില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
? കേരളത്തില്‍ ബാങ്കിന്റെ സ്വാധീനം എത്ര മാത്രമാണ്
ഞങ്ങളുടെ 1,589 ശാഖകളില്‍ ഏതാണ്ട് 600 എണ്ണം കേരളത്തിലാണ്. മൊത്തം ശാഖകളുടെ 40 ശതമാനമാണ് കേരളത്തിലുള്ളത്. പക്ഷേ മൊത്തം ബിസിനസിന്റെ 60 ശതമാനം കേരളത്തില്‍ നിന്നാണ്.
? വായ്പാ വിതരണത്തിലെ ഇപ്പോഴത്തെ പ്രവണതകള്‍ എന്തൊക്കെയാണ്
വായ്പാ രംഗത്തെ വളര്‍ച്ചയില്‍, പ്രത്യേകിച്ച് കോര്‍പ്പറേറ്റ് ക്രെഡിറ്റ് വളര്‍ച്ചയില്‍ ചില വെല്ലുവിളികള്‍ കാണുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ ഫണ്ടിനായി കൂടുതലായും ബോണ്ടുകളെ ആശ്രയിക്കുന്നതും അവരുടെ തന്നെ കയ്യിലുള്ള റിസര്‍വ് ഫണ്ട് എടുത്ത് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമെല്ലാം ഇതിന് കാരണമാണ്. മറ്റൊന്ന് പല കമ്പനികളും ഓഹരി വിപണിയിലെത്തി ഫണ്ട് സമാഹരണം നടത്തുന്നു.
ഈ മൂന്ന് ഘടകങ്ങളാണ് കോര്‍പ്പറേറ്റ് ക്രെഡിറ്റ് ഡിമാന്റിനെ സ്വാധീനിച്ചിരിക്കുന്നത്. റീറ്റെയ്ല്‍ വായ്പകളിലുണ്ടായ വര്‍ധനയാണ് പ്രധാനമായും വായ്പാ വര്‍ധനയെ സ്വാധീനിച്ചിരിക്കുന്നത്. അതേസമയം മൈക്രോ ഫിനാന്‍സ്, ഈടില്ലാത്തെ നല്‍കുന്ന റീറ്റെയ്ല്‍ വായ്പ എന്നിവയില്‍ സമ്മര്‍ദ്ദം പ്രകടമാണ്. മതിയായ ഈടോടെ നല്‍കുന്ന റീറ്റെയ്ല്‍ വായ്പ, ഈടില്ലാതെ നല്‍കുന്ന റീറ്റെയ്ല്‍ വായ്പ, കോര്‍പ്പറേറ്റ് വായ്പകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലും വളര്‍ച്ചയുണ്ടായാല്‍ മാത്രമേ ക്രെഡിറ്റ് വളര്‍ച്ച ഗണ്യമായുണ്ടാകൂ.
? ഡെപ്പോസിറ്റിന്റെ കാര്യത്തില്‍ എന്താണ് പ്രവണത
ഡെപ്പോസിറ്റ് മാര്‍ക്കറ്റില്‍ ചില ഘടനാപരമായ മാറ്റങ്ങള്‍ കാണുന്നുണ്ട്. എഫ്ഡി പോലുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. അതോടൊപ്പം തന്നെ നിക്ഷേപ താല്‍പ്പര്യങ്ങളും മാറുന്നു. പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2,000 ഡോളറില്‍ നിന്ന് 10,000-12,000 ഡോളറായി ഉയരുമ്പോള്‍ ടേം ഡെപ്പോസിറ്റ് പ്രാരംഭ നിക്ഷേപ ഉല്‍പ്പന്നമായി തുടരുക തന്നെ ചെയ്യും.
റിട്ടേണിന്റെ കാര്യം നോക്കുമ്പോള്‍ ഇത് സുരക്ഷിതമായ നിക്ഷേപം കൂടിയാണ്. വലിയൊരു സമ്പദ്‌വ്യവസ്ഥയിലെ ചെറിയൊരു വിഹിതം പോലും ചെറിയ സമ്പദ്വ്യവസ്ഥയിലെ വലിയ വിഹിതത്തേക്കാള്‍ കൂടുതലായിരിക്കും. മുതിര്‍ന്ന പൗരന്മാര്‍ പണം ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ യുവ സമൂഹത്തിന്റെ നിക്ഷേപം കുറഞ്ഞേക്കാം. പക്ഷേ ഡെപ്പോസിറ്റില്‍ മൊത്തത്തില്‍ വളര്‍ച്ചയുണ്ടാകും.
? ബാങ്കിന്റെ സ്ട്രാറ്റജികളില്‍ താങ്കള്‍ വരുത്താന്‍ ശ്രമിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്
പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ഫെഡറല്‍ ബാങ്കിനെ സംബന്ധിച്ചിടത്തോളം മൊത്തം ഡെപ്പോസിറ്റിന്റെ 24 ശതമാനം സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നാണ്. വെറും ആറ് ശതമാനം മാത്രമാണ് കറന്റ് അക്കൗണ്ടില്‍ നിന്നുള്ളത്. മറ്റ് പല ബാങ്കുകള്‍ക്കും ഇത് 10-15 ശതമാനമാണ്. അതുകൊണ്ട് ഒരു സ്ട്രാറ്റജി ചെറുകിട, ഇടത്തരം ബിസിനസുകളെ ഫോക്കസ് ചെയ്ത് അവയുടെ കറന്റ് അക്കൗണ്ട് നേടുകയെന്നതാണ്. അങ്ങനെ ഇഅടഅ അനുപാതം കൂട്ടി കോസ്റ്റ് ഓഫ് ഫണ്ട് കുറയ്ക്കാനാകും.
രണ്ടാമത്തെ സ്ട്രാറ്റജി നിക്ഷേപത്തിന്റെ കാര്യത്തിലാണ്. ഞങ്ങള്‍ മാസ് അഫ്ളുവന്റിനെ ഫോക്കസ് ചെയ്യുകയാണ്. ഞങ്ങളുടെ നിക്ഷേപവും വായ്പാ വിതരണവും മെച്ചപ്പെട്ട നിലയിലാണെങ്കിലും വെല്‍ത്ത് മാനേജ്‌മെന്റ് ബിസിനസ് രംഗത്തെ ശക്തിപ്പെടുത്താനുള്ള സാധ്യത ഇനിയും ശേഷിക്കുന്നുണ്ട്. ഇക്വിറസ് വെല്‍ത്തുമായി ഞങ്ങള്‍ക്ക് ധാരണയുണ്ട്. പുതിയ സ്ട്രാറ്റജിയുടെ ഭാഗമായി അത് പുനഃക്രമീകരിക്കുകയാണ്. മൂന്നാമത്തേത്, മിഡ്സൈസ് കോര്‍പ്പേറ്റുകളെ ഫോക്കസ് ചെയ്യുന്നതാണ്. ഞങ്ങള്‍ക്ക് ഇത്തരം ബിസിനസുകളുടെ ഒരു കംപ്ലീറ്റ് ബാങ്കിംഗ് പാര്‍ട്ണറായി മാറാന്‍ സാധിക്കും.
? വായ്പാ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ സ്ട്രാറ്റജികള്‍ മാറുമോ
ചില ഉല്‍പ്പന്നങ്ങളുടെ റിസ്‌ക്-റിവാര്‍ഡ് നോക്കിയാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ മെച്ചമില്ല. ഉദാഹരണത്തിന് ഭവന വായ്പ. ഒരു ഇടപാടുകാരന് സമ്പൂര്‍ണമായ ബാങ്കിംഗ് സേവനം നല്‍കുന്നതിന്റെ ഭാഗമായി ഭവന വായ്പ നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. നിലവിലുള്ളതോ അല്ലെങ്കില്‍ പുതുതായി വരുന്നതോ ആയ ഇടപാടുകാരെ സമഗ്രമായ ബാങ്കിംഗ് ബന്ധത്തിലേക്ക് കൊണ്ടുവരാനായുള്ള സമീപനം സ്വീകരിക്കുമെന്ന് മാത്രം.
ഞങ്ങള്‍ക്ക് വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ മുന്നില്‍ ഏറെയുണ്ട്. മൈക്രോഫിനാന്‍സ് രംഗത്ത് തളര്‍ച്ചയുണ്ട്. പക്ഷേ അത് ചാക്രികമായ ഒന്നാണ്. അതില്‍ നിന്ന് പുറത്തുവരും. പക്ഷേ സ്വര്‍ണ വായ്പ, കാര്‍ ഫിനാന്‍സ്, ഭൂമി ഈടുള്ള വായ്പ തുടങ്ങിയ രംഗത്തെല്ലാം സാധ്യതയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് രംഗം അതുപോലെ സാധ്യതയുള്ളതാണ്.
? നമ്മുടെ നാട്ടില്‍ നിന്നടക്കം ഒട്ടേറെ പേര്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക് അവിടെ സ്ഥിരതാമസം ലക്ഷ്യമിട്ട് തന്നെ കുടിയേറുകയാണ്. ഈ പ്രവണത ബാങ്കിന്റെ എന്‍ആര്‍ഐ ബിസിനസില്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടോ
അതെ, എന്‍ആര്‍ഐ ബിസിനസിന്റെ രീതി മാറുകയാണ്. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവര്‍ ഇപ്പോള്‍ മുന്‍കാലങ്ങളില്‍ കേരളത്തിലേക്ക് അയച്ചതുപോലെ പണം അയയ്ക്കുന്നുണ്ടാവില്ല. എന്നാല്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കുടിയേറ്റം ഇപ്പോള്‍ പ്രാഥമികഘട്ടത്തിലാണ്. അതുകൊണ്ട് ആ സംസ്ഥാനങ്ങളിലെ പ്രവാസി സമൂഹം കൂടുതല്‍ പണം നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്. അതുകൊണ്ട് കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ എന്‍ആര്‍ഐ ബിസിനസില്‍ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. നിക്ഷേപം 12 ശതമാനം കൂടി. രൂപ ദുര്‍ബലമായതും റെമിറ്റന്‍സ് കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്.
? ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ഇപ്പോള്‍ ഓട്ടോമേറ്റഡാണ്? എങ്ങനെയാണ് എഐ പ്രവര്‍ത്തനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്
കാര്‍ഡ് വിഭാഗം പൂര്‍ണമായും ഡിജിറ്റലാണ്. അക്കൗണ്ട് ഓപ്പണിംഗ് മിക്കവാറും ഡിജിറ്റലോ അല്ലെങ്കില്‍ അസിസ്റ്റഡ് ഡിജിറ്റലോ ആണ്. ബാങ്കിംഗ് എന്നാല്‍ മണി ബിസിനസാണ്. വിശ്വാസത്തിന്റെയും ബന്ധത്തിന്റെയും പുറത്താണ് ഇത് നടക്കുന്നത്. അതിനാല്‍ മാനുഷിക സ്പര്‍ശം പ്രധാനമാണ്. ബാങ്കിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍ക്ക് ഉല്‍പ്പന്നത്തെകുറിച്ചോ അല്ലെങ്കില്‍ പ്രോസസിനെ പറ്റിയോ ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ ചോദിക്കാനും അപ്പപ്പോള്‍ മറുപടി ലഭിക്കാനുമുള്ള 'Gen ai' ചാറ്റ് ബോട്ട് താമസിയാതെ പുറത്തിറക്കും.
ഇടപാടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഞങ്ങള്‍ എഐ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ക്രെഡിറ്റ് നോട്ടുകള്‍ എഴുതുന്നതിലൊക്കെ എജന്റിക് എഐ ഉപകാരപ്പെടുത്തുന്നു. ഇതുകൊണ്ട് ഏറെ സമയലാഭവുമുണ്ട്.
? പുതുതലമുറ ജീവനക്കാരെ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമായി തോന്നിയിട്ടുണ്ടോ
GenZയോട് അങ്ങേയറ്റം ആരാധന പുലര്‍ത്തുന്ന വ്യക്തിയാണ് ഞാന്‍. അവരുടെ പ്രായത്തില്‍ നമുക്ക് അറിയാമായിരുന്ന കാര്യങ്ങളേക്കാള്‍ എത്രയോ മടങ്ങ് അവര്‍ക്കിപ്പോള്‍ അറിയാം. അവര്‍ക്ക് എന്തിനോടെങ്കിലും പാഷനുണ്ടെങ്കില്‍ അവരത് ചെയ്തിരിക്കും. അത് നല്ല കാര്യമല്ലേ?
കുറേക്കൂടി സുരക്ഷിതമായ സാഹചര്യങ്ങളില്‍ നിന്നാണ് പുതുതലമുറയുടെ വരവ്. ആ സുരക്ഷിതത്വം അവരുടെ ഇഷ്ടങ്ങള്‍, താല്‍പ്പര്യങ്ങള്‍ എന്നിവ പ്രകടിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു. അവര്‍ക്ക് ഇഷ്ടമുണ്ടോ അത് ചെയ്യും. അത് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിലായാലും ജോലിയിലായാലും ഒരുപോലെയാണ്.
അവരുടെ ഡിമാന്റുകളും വ്യത്യസ്തമാണ്. ഞങ്ങള്‍ അത് മനസിലാക്കുന്നു. പുതുതലമുറയുടെ നിക്ഷേപ, ചെലവിടല്‍ രീതികളും വ്യത്യസ്തമാണ്. പഴയ തലമുറ ഒരു ലക്ഷ്യത്തിനായി പണം സ്വരൂപിച്ച് അത് സ്വന്തമാക്കും. എന്നാല്‍ യുവതലമുറ ആദ്യം തന്നെ ലക്ഷ്യം നേടി പിന്നീട് തവണ വ്യവസ്ഥയില്‍ ആ ബാധ്യത നികത്തും. ഉപഭോഗം അതുകൊണ്ട് കൂടിയിട്ടുണ്ട്. കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍ എന്നിവയെല്ലാം ഉപഭോഗം കൂടാനും സഹായിക്കുന്നു.
? ബാങ്ക് ജീവനക്കാരുടെ ജോലി സമ്മര്‍ദ്ദം ഒരു പ്രധാന കാര്യമാണല്ലോ. ഇത് കുറയ്ക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ
ബാങ്കിംഗ് രംഗത്ത് മാത്രമല്ല, ജോലി സമ്മര്‍ദ്ദം ഒരു സാധാരണ കാര്യമായി വന്നിരിക്കുന്നു. നമ്മള്‍ ചെയ്യുന്നതെന്തും ആസ്വദിച്ച് ചെയ്യാനാവുമെങ്കില്‍ അതിലെ സമ്മര്‍ദ്ദം ഒരു പരിധിവരെ കുറയ്ക്കാനാകും. ഫെഡറല്‍ ബാങ്ക് ടീം ഈ ബാങ്കിനൊപ്പം ആയിരിക്കുന്നതില്‍ ഏറെ അഭിമാനിക്കുന്നവരാണ്. ഞങ്ങളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് വളരെ കുറവുമാണ്. സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നിരക്ക് 20-30 ശതമാനമാണെങ്കില്‍ ഞങ്ങളുടേത് 2-3 ശതമാനമാണ്.
അടുത്തിടെ ഞങ്ങള്‍ തുടക്കമിട്ട പ്രധാന ഇനീഷ്യേറ്റീവായ 'ഓപ്പറേഷന്‍ ഉഡാന്‍' ശാഖകളുടെ പ്രവര്‍ത്തനം സ്ട്രീംലൈന്‍ ചെയ്യാനും ശാഖകളെ ആവര്‍ത്തന സ്വഭാവമുള്ള ജോലികളില്‍ നിന്ന് സ്വതന്ത്രമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. അങ്ങനെ വരുമ്പോള്‍ ശാഖയിലുള്ളവര്‍ക്ക് ഇടപാടുകാരുമായുള്ള ഇടപഴകലിനും ബിസിനസ് ഡെവലപ്‌മെന്റിനും ശ്രദ്ധ കൊടുക്കാന്‍ പറ്റും.
? ദേശീയ ബാങ്കെന്ന നിലയില്‍ ബാങ്കിന്റെ ആസ്ഥാനം മുംബൈയിലേക്ക് മാറാന്‍ ഇടയുണ്ടോ
അങ്ങനെയില്ല. ഇപ്പോള്‍ തന്നെ ബാങ്കിന്റെ കുറേയേറെ കാര്യങ്ങള്‍ മുംബൈ കേന്ദ്രീകരിച്ചാണ്. പക്ഷേ കൊച്ചി മനോഹരമായ സ്ഥലമാണ്. കേരളത്തില്‍ നിന്ന് മാറാന്‍ പ്ലാനില്ല. എന്റെ സമയത്തിന്റെ 50 ശതമാനവും ഇവിടെയാണ്. ഏതാണ്ട് 20-30 ശതമാനം സമയമാണ് മുംബൈയില്‍ ചെലവിടുന്നത്. ബാക്കി സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകള്‍ക്കുമാണ്.
? കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ താങ്കള്‍ കാണുന്ന സവിശേഷത എന്താണ്
കേരളം അനന്യമായ പ്രദേശമാണ്. കേരള ബാങ്കായ ഫെഡറല്‍ ബാങ്കിന് കേരളത്തില്‍ ഗണ്യമായ വിപണി വിഹിതമുണ്ട്. രാജ്യത്തെ മറ്റൊരു സ്വകാര്യ ബാങ്കിനും എന്തിന്, ഏറ്റവും വലിയ ബാങ്കുകള്‍ക്കു പോലും അവകാശപ്പെടാനാകാത്ത നേട്ടമാണിത്. ജിഡിപി എടുത്തുനോക്കിയാല്‍ മീഡിയം സൈസ് ഇക്കോണമിയാണ് കേരളത്തിന്റേത്. കേരളത്തില്‍ ഗ്രാമീണ മേഖലയില്ലെന്ന് തന്നെ പറയാം. കേരളത്തിലെ ഞങ്ങളുടെ ചില സെമി അര്‍ബന്‍ ബ്രാഞ്ച് രാജ്യത്തെ ചില അര്‍ബന്‍ ബ്രാഞ്ചുകളേക്കാള്‍ വലുതാണ്. ബാങ്കിംഗ് കടന്നുചെല്ലാത്ത മേഖലകള്‍ സംസ്ഥാനത്തില്ല.
കേരളം ഇനിയും വളരും. ധനം പോലുള്ള മാഗസിനുകള്‍ വ്യവസായ, നിക്ഷേപ വളര്‍ച്ചയ്ക്ക് ചെയ്യുന്ന സംഭാവനകളും നിസ്തുലമാണ്. ടെക്‌നോളജി, സര്‍വീസ് ഇന്‍ഡസ്ട്രി, ടൂറിസം എന്നിവയ്‌ക്കെല്ലാം വലിയ സാധ്യത ഇവിടെ ഇനിയുമുണ്ട്. അതുപോലെ തന്നെ ഓഹരി നിക്ഷേപമടക്കമുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ മലയാളിയുടെ പ്രാതിനിധ്യവും കൂടും.
? താങ്കളുടെ മാനേജ്‌മെന്റ് ശൈലി എന്താണ്
കൂട്ടായ പ്രവര്‍ത്തനത്തില്‍ അങ്ങേയറ്റം അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. വ്യക്തിഗതമായ ബുദ്ധിശക്തിക്കും നൈപുണ്യത്തിനും മുകളിലാണ് ടീമായുള്ള പ്രവര്‍ത്തനത്തിന്റേത്. എന്താണ് ഇനി വരുന്നത്? എന്താണ് ഇനി ചെയ്യേണ്ടത്? എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂട്ടായി ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ടീമാണ് നമുക്കൊപ്പം വേണ്ടത്.
മറ്റൊന്ന്, ഏത് ടീമിലും ഒരു താരമുണ്ടാകും. അവര്‍ ഏത് സാഹചര്യത്തിലും പെര്‍ഫോം ചെയ്യും. എന്നാല്‍ തികച്ചും സാധാരണക്കാരില്‍ നിന്ന് അസാധാരണമായ ഔട്ട്പുട്ട് സൃഷ്ടിക്കാനാണ് മാനേജര്‍മാര്‍ ശ്രദ്ധിക്കേണ്ടത്. ഞാന്‍ മാനേജര്‍മാരോട് പറയുന്നതും അതാണ്.
സുപ്രധാനമായ മറ്റൊരു കാര്യം ഞങ്ങളെ പോലുള്ള ബിസിനസ് രംഗത്തുള്ളവര്‍ക്ക് 'ട്രിപ്പിള്‍ എ' മനോഭാവമാണ് വേണ്ടത്. Agile, tsAute, Alert ഇതാണ് ട്രിപ്പിള്‍ എ. മുന്നില്‍ വരുന്ന ഏതൊരു സാഹചര്യവും ഉപയോഗപ്പെടുത്താന്‍ നമ്മള്‍ വഴക്കമുള്ളവരാകണം. അതുപോലെ ശരിയായ സമയത്ത് ശരിയായ കാര്യം നമ്മള്‍ ഏറ്റവും പെട്ടെന്ന് ചെയ്തിരിക്കണം, സദാ ജാഗരൂകവും ആകണം.
Read DhanamOnline in English
Subscribe to Dhanam Magazine