ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ആവേശകരമായ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നോക്കൗട്ട് റൗണ്ടിലേക്ക് എത്തിയതോടെ ലോകകപ്പ് ആവേശം പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ആദ്യമായി 48 ടീമുകള്‍ മാറ്റുരച്ച, ചരിത്രത്തിലെ ഏറ്റവും വലിയ ഈ ടൂര്‍ണമെന്റ് ആതിഥേയ രാജ്യങ്ങളിലെ ബിസിനസ് മേഖലയ്ക്ക് വലിയ ഉണര്‍വാണ് സമ്മാനിച്ചിരിക്കുന്നത്.
യുഎസും മെക്‌സിക്കോയും കാനഡയും ഉള്‍പ്പെടുന്ന ആതിഥേയര്‍ക്ക് മാത്രമല്ല ഈ കൊച്ചുകേരളത്തില്‍ വരെ ലോകകപ്പ് വലിയ ബിസിനസാണ് സമ്മാനിക്കുന്നത്. കേരളത്തിലെ ടൂറിസം, ഫുഡ് ഡെലിവറി, ഇലക്‌ട്രോണിക് മേഖലകളിലടക്കം വളര്‍ച്ച പ്രകടമാണ്.
കോഴിക്കോട് സ്വദേശിയായ വിവേക് ഗോപന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കൊച്ചിയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ആദ്യമായിട്ടാണ് രാത്രിയില്‍ ഇത്രയധികം ഓര്‍ഡറുകള്‍ ലഭിക്കുന്നതെന്ന് വിവേക് പറയുന്നു. ഇപ്പോള്‍ രാത്രിയും പുലര്‍ച്ചെയുമൊക്കെ കൂടുതല്‍ ഡെലിവറി നടക്കുന്നതിനാല്‍ പകല്‍ വിശ്രമിച്ച് രാത്രിയിലാണ് ഈ ചെറുപ്പക്കാരന്‍ സൊമാറ്റോ ഓടുന്നത്.
ലോകകപ്പ് മത്സരങ്ങള്‍ രാത്രി വൈകി നടക്കുന്നതാണ് ഫുഡ് ഡെലിവറി ഈ സമയത്ത് വര്‍ധിക്കാന്‍ കാരണം. മുമ്പ് നേരത്തെ അടച്ചിരുന്ന ഹോട്ടലുകള്‍ ബിസിനസ് കൂടിയതോടെ കൂടുതല്‍ നേരം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ചെറുതും വലുതുമായ നഗരങ്ങളിലും ഗ്രാമങ്ങളിലും പൊതു സ്‌ക്രീനുകള്‍ വച്ച് ലോകകപ്പ് പ്രദര്‍ശനം തുടങ്ങിയത് ഹോട്ടല്‍ മേഖലയ്ക്കും ഗുണം ചെയ്യുന്നുണ്ട്.
ലോകകപ്പ് തുടങ്ങിയ ശേഷം കച്ചവടം ഇരട്ടിയായെന്ന് ആലുവ-അങ്കമാലി റോഡില്‍ റെസ്‌റ്റോറന്റ് നടത്തുന്ന മുജീബ് റഹ്‌മാന്‍ പറഞ്ഞു. ഹോട്ടലിനോട് ചേര്‍ന്നു തന്നെ വലിയ സ്‌ക്രീനില്‍ എല്ലാ മത്സരങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രധാന മത്സരങ്ങള്‍ നടക്കുമ്പോള്‍ 150നും 250 ഇടയില്‍ ആളുകള്‍ കളി കാണാനെത്തുന്നുണ്ട്. ഇവരില്‍ നിന്ന് തന്നെ നല്ല കച്ചവടം ലഭിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ലോകകപ്പിനോട് അനുബന്ധിച്ച് കൊച്ചിയില്‍ മാത്രം 100ഓളം ബാറുകളിലും റെസ്‌റ്റോറന്റുകളിലും സ്‌ക്രീനിംഗുകള്‍ നടക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണെങ്കിലും വരുന്നവര്‍ മദ്യവും ഭക്ഷണം കഴിച്ചാണ് കളി ആസ്വദിക്കുന്നത്. ആവേശകരമായ അന്തരീക്ഷത്തിലായതിനാല്‍ പലരും വീടുകള്‍ വിട്ട് ഇത്തരം കേന്ദ്രങ്ങളിലാണ് കളികാണുന്നത്.
ലോകകപ്പിന്റെ കേരളത്തിലെ പബ്ലിക് സ്‌ക്രീനിംഗിന്റെ അവകാശം സ്വന്തമാക്കിയ മേത്തര്‍ ഈഗിള്‍സ് എഫ്‌സ് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലടക്കം വലിയ സ്‌ക്രീനുകളില്‍ കളി സംപ്രേക്ഷണം ചെയ്യുന്ന ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കിയിട്ടുണ്ട്. 99 രൂപ മുതല്‍ 2,500 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ചൂടപ്പം പോലെയാണ് ഈ ടിക്കറ്റുകള്‍ വിറ്റഴിയുന്നത്.
ഫാന്‍ പാര്‍ക്കിലെത്തുന്ന കാണികള്‍ക്കായി സൗദി പ്രോ ലീഗ് മത്സരങ്ങള്‍ നേരിട്ട് കാണാനുള്ള ടിക്കറ്റുകള്‍, കൊച്ചി നഗരത്തിന് മുകളിലൂടെയുള്ള ഹെലികോപ്റ്റര്‍ യാത്ര, ഐഫോണ്‍, ലാപ്ടോപ്പുകള്‍, ആപ്പിള്‍ എയര്‍പോഡ്സ് എന്നിവ ഉള്‍പ്പെടെയാണ് സമ്മാനമായി നല്കിയിരിക്കുന്നത്. ഫാന്‍ പാര്‍ക്കിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മേത്തര്‍ ഈഗിള്‍സ് എഫ്.സി ചെയര്‍മാന്‍ ഷാഫി മേത്തര്‍ പറഞ്ഞു.
ലോകകപ്പ് ആവേശം കൊടുമുടിയിലെത്തുമ്പോള്‍ പ്രമുഖ ടീമുകളുടെ ജേഴ്‌സികള്‍, ഫുട്‌ബോള്‍ സാമഗ്രികള്‍, മറ്റ് കായിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവും സജീവമാണ്. പ്രമുഖ ബ്രാന്‍ഡുകളെല്ലാം പരസ്യങ്ങള്‍ക്കായി വന്‍തുകയാണ് ഈ സമയത്ത് ചിലവഴിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine