News & Views

ലോകകപ്പ് നേടിയാല്‍ ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം; നിറഞ്ഞു കവിഞ്ഞ് ഫിഫയുടെ പണപ്പെട്ടി

ഇത്തവണ 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിനേക്കാള്‍ ആകെ സമ്മാനത്തുകയില്‍ 50 ശതമാനത്തിലേറെ വര്‍ധനയാണ് ഫിഫ വരുത്തിയിരിക്കുന്നത്.

Dhanam News Desk

എല്ലാം കൊണ്ടും വമ്പന്‍ ഫുട്‌ബോള്‍ ലോകകപ്പിനാണ് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ലോകകപ്പില്‍ കളിക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48ലേക്ക് ഉയര്‍ത്തിയത് മാത്രമല്ല ലോകകപ്പിനെ വ്യത്യസ്തമാക്കുന്നത്. പ്രൈസ് മണിയിലും ഇത്തവണ വന്‍ വര്‍ധനയാണ് സംഘാടകരായ ഫിഫ നടത്തിയിരിക്കുന്നത്.

ഇത്തവണ 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിനേക്കാള്‍ ആകെ സമ്മാനത്തുകയില്‍ 50 ശതമാനത്തിലേറെ വര്‍ധനയാണ് ഫിഫ വരുത്തിയിരിക്കുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്കുള്ള പങ്കാളിത്ത ഫീസ്, മറ്റ് ഗ്രാന്‍ഡുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ സമ്മാനത്തുക.

ചാമ്പ്യന്മാരെ കാത്ത് കോടികള്‍

ലോകകപ്പ് ചാമ്പ്യന്മാരാകുന്നവരെ കാത്തിരിക്കുന്നത് 50 മില്യണ്‍ ഡോളര്‍ (ഏകദേശം 490 കോടി രൂപ). അര്‍ജന്റീനയോ സ്‌പെയിനോ ഈ സമ്മാനത്തുക ലഭിക്കും. രണ്ടാംസ്ഥാനക്കാരെ കാത്ത് 33 മില്യണ്‍ ഡോളറും (ഏകദേശം 327 കോടി രൂപ). മൂന്നാംസ്ഥാനം ചെറുതല്ലെന്ന് ഫിഫയുടെ സമ്മാനത്തുക വ്യക്തമാക്കുന്നു. ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള ലൂസേഴ്സ് ഫൈനലില്‍ ഫ്രാന്‍സും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടുന്നത്. ഇതില്‍ ജയിച്ച് മൂന്നാം സ്ഥാനം നേടുന്ന ടീമിന് 29 മില്യണ്‍ ഡോളര്‍ (ഏകദേശം 279.3 കോടി രൂപ) നാലാം സ്ഥാനത്തെത്തുന്ന ടീമിന് 27 മില്യണ്‍ ഡോളറും (ഏകദേശം 260 കോടി രൂപ) ലഭിക്കും.

ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായ നാല് ടീമുകള്‍ക്ക് 192 കോടി രൂപ വീതം ലഭിക്കും. പ്രീക്വാര്‍ട്ടറിലെത്തി പുറത്തായ ടീമുകളെ കാത്തിരിക്കുന്നത് 154 കോടി രൂപ വീതമാണ്. ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായ ടീമുകള്‍ക്ക് പോലും 96 കോടി രൂപ വീതമാണ് ലഭിക്കുക.

ഈ ലഭിക്കുന്ന സമ്മാനത്തുക അതാത് രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്കാണ് ഫിഫ നല്കുക. ഇതില്‍ എത്ര ശതമാനം കളിക്കാര്‍ക്കും കോച്ചുമാര്‍ക്കും നല്‍കണമെന്ന് അസോസിയേഷനുകള്‍ക്ക് തീരുമാനിക്കാം. ബാക്കി തുക രാജ്യത്തെ ഫുട്‌ബോള്‍ വികസനത്തിനായി ഉപയോഗിക്കും. യു.എസ്.എ തങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ 80 ശതമാനവും പുരുഷ-വനിതാ ടീമുകള്‍ക്കായി തുല്യമായി വീതിച്ചു നല്‍കാന്‍ കരാറുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ഇംഗ്ലണ്ട് കളിക്കാര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന മാച്ച് ഫീ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുകയാണ് പതിവ്.

മെഡലുകളും മറ്റ് പുരസ്‌കാരങ്ങളും

പണക്കിഴിക്ക പുറമെ ഫൈനലില്‍ ജയിക്കുന്ന ടീമിലെ 26 കളിക്കാര്‍ക്കും പരിശീലകര്‍ക്കും സ്വര്‍ണ മെഡലുകള്‍ ലഭിക്കും. റണ്ണേഴ്‌സപ്പിന് വെള്ളിയും മൂന്നാം സ്ഥാനക്കാര്‍ക്ക് വെങ്കല മെഡലുകളും സമ്മാനിക്കും. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള 'ഗോള്‍ഡന്‍ ബോള്‍', മികച്ച ഗോള്‍കീപ്പര്‍ക്കുള്ള 'ഗോള്‍ഡന്‍ ഗ്ലൗസ്', ടോപ് സ്‌കോറര്‍ക്കുള്ള 'ഗോള്‍ഡന്‍ ബൂട്ട്' എന്നിവയും ഫൈനലിന് ശേഷം പ്രഖ്യാപിക്കും. എന്നാല്‍ ഈ വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്ക് പണമായി സമ്മാനങ്ങളൊന്നും ലഭിക്കില്ല.

Update: A previous version of this story featured incorrect prize money figures for the 2026 FIFA World Cup. The article has been updated to reflect the accurate amounts.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT