Image courtesy: Canva
News & Views

ലാഭമെടുപ്പില്‍ വിദേശ നിക്ഷേപകര്‍, ജൂലൈ ആദ്യ വാരം വിറ്റഴിച്ചത് ₹1,421 കോടി രൂപയുടെ ഓഹരികള്‍; നീക്കത്തിന് പിന്നിലെന്ത്?

ജനുവരിയില്‍ മാത്രം 78,027 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. ഫെബ്രുവരിയില്‍ 34,574, മാര്‍ച്ചില്‍ 3,973 കോടി രൂപയുമാണ് പിന്‍വലിച്ചത്

Dhanam News Desk

തുടര്‍ച്ചയായ വാങ്ങലുകള്‍ക്കൊടുവില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. മുന്‍ മാസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ സക്രിയമായിരുന്ന വിദേശ നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് മാറിയതാണ് കാരണം. ജൂലൈ ആദ്യ വാരം മാത്രം 1,421 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്.

ജൂണില്‍ വിദേശ നിക്ഷേപകര്‍ 14,590 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്. മറ്റ് ഏഷ്യന്‍ വിപണികളേക്കാള്‍ കൂടുതല്‍ റിട്ടേണ്‍ കിട്ടുമെന്നതാണ് ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ പ്രധാന കാരണം. ആഗോള തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന തലത്തിലാണ്.

കാത്തിരുന്ന് നിക്ഷേപിക്കല്‍

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍, ആദ്യ പാദ ഫലം വരുന്നത് തുടങ്ങി ഒരുപിടി കാരണങ്ങള്‍ വിദേശ നിക്ഷേപകരെ മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വിറ്റൊഴിക്കല്‍ പൊതു ട്രെന്റ് ആകില്ലെന്നും താല്‍ക്കാലിക ലാഭമെടുപ്പിന് മാത്രമാണ് വിദേശ നിക്ഷേപകര്‍ ശ്രമിക്കുന്നതെന്നും വിപണി വിദഗ്ധര്‍ പറയുന്നു.

ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വലിയ തോതില്‍ വിറ്റഴിക്കല്‍ വിദേശ നിക്ഷേപകരില്‍ നിന്നുണ്ടായിരുന്നു. ജനുവരിയില്‍ മാത്രം 78,027 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. ഫെബ്രുവരിയില്‍ 34,574, മാര്‍ച്ചില്‍ 3,973 കോടി രൂപയുമാണ് പിന്‍വലിച്ചത്.

ഈ ട്രെന്റ് നോക്കുമ്പോള്‍ ഇപ്പോഴത്തെ വില്പനയില്‍ ആശങ്കപ്പെടേണ്ടതില്ല. സമ്പദ്‌വ്യവസ്ഥയ്ക്ക് അനുകൂല സ്വഭാവമാണുള്ളത്. അതുകൊണ്ട് തന്നെ നിക്ഷേപകരുടെ പിന്മാറ്റം ആശങ്കപ്പെടുത്തുന്നില്ലെന്നാണ് വിദഗ്ധ വിലയിരുത്തലുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT