സംസ്ഥാനത്ത് അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന കേരളത്തിന്റെ സ്വന്തം കെ ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്) യാഥാര്‍ത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ആദ്യ ഘട്ടം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായാണ് ഉദ്ഘാടനം. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍, കെഎസ്ഇബി എന്നിവയുടെ സംയുക്ത സംരംഭമാണു കെ ഫോണ്‍ ലിമിറ്റഡ്. ആദ്യ ഘട്ടത്തില്‍ 7 ജില്ലകളിലെ 1000 ഓഫീസുകളെ അതിവേഗ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് ശൃംഖല മുഖേന ബന്ധിപ്പിക്കുന്നതാണു പദ്ധതി.
സേവനദാതാക്കള്‍ മുഖേന വീടുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും പദ്ധതിയിലൂടെ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നു. 14 ജില്ലകളെയും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയാണു കെ ഫോണ്‍ നെറ്റ്വര്‍ക്ക് ബന്ധിപ്പിക്കുന്നത്. തുടര്‍ന്നു സര്‍ക്കാര്‍ ഓഫിസുകളെയും മറ്റ് ഉപയോക്താക്കളെയും ആക്‌സസ് നെറ്റ്വര്‍ക്ക് വഴിയും ബന്ധിപ്പിക്കും. കെഎസ്ഇബിയുടെ 378 സബ് സ്റ്റേഷനുകളില്‍ ടെലികോം ഉപകരണങ്ങള്‍ സ്ഥാപിക്കും. 14 ജില്ലകളിലും കെഎസ്ഇബി സബ്‌സ്റ്റേഷനുകളില്‍ കോര്‍ പോപ് ഉണ്ടാകും. ഇവയെ 110, 220, 440 കെവി ടവറുകളിലൂടെ സ്ഥാപിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വഴി ബന്ധിപ്പിക്കും. ഇവയുടെ ശേഷി 100 ജിബിപിഎസ് ആണ്. ശൃംഖലയിലെ ഇലക്ട്രോണിക് ഉപകരണങ്ങളും അവയുടെ പ്രവര്‍ത്തനവും നിരീക്ഷിക്കാന്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. മൊത്തം 35,000 കിലോമീറ്ററാണ് ശൃംഖലയുടെ ദൈര്‍ഘ്യം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ 7 ജില്ലകളിലെ ആയിരത്തോളം ഓഫിസുകളുടെ കണക്ടിവിറ്റിയാണ് 1100 കോടി രൂപയോളം ചെലവാക്കി ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. ജൂലൈയോടെ 5700 സര്‍ക്കാര്‍ ഓഫിസുകളില്‍ സേവനം ലഭ്യമാക്കും. 29,000 ഓഫിസുകള്‍, 32,000 കിലോമീറ്റര്‍ ഒഎഫ്‌സി, 8 ലക്ഷം കെഎസ്ഇബി തൂണുകള്‍, 375 പോപ്പുകളുടെ പ്രീഫാബ് ലൊക്കേഷന്‍ എന്നിവയുടെ സര്‍വേ പൂര്‍ത്തിയായി. 14 ജില്ലകളിലുമായി 7200 കിലോമീറ്റര്‍ ഒഎഫ്‌സി കേബിളും സ്ഥാപിച്ചു. വൈദ്യുതി ടവറുകള്‍ വഴിയുള്ള കേബിളിംഗ് 360 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചു.
വീടുകളിലേക്കുള്ള കണക്ഷനുകള്‍ ഉടനുണ്ടാവില്ല. തുടക്കത്തില്‍ സര്‍ക്കാര്‍ ഓഫിസുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് കേബിള്‍ ശൃംഖലയെത്തുക. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ശൃംഖല പൂര്‍ണതോതിലാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഏഴു ര്‍ഷത്തേക്ക് ശൃംഖല ഏകോപിപ്പിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള ചുമതല കൂടി പദ്ധതി നടപ്പാക്കുന്ന ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബെല്‍) കണ്‍സോര്‍ഷ്യത്തിനുണ്ട്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്പനിക്കാണ് പദ്ധതിയുടെ നിയന്ത്രണം.
Read DhanamOnline in English
Subscribe to Dhanam Magazine