കേരളത്തിലെ ആരോഗ്യ മേഖലയില്‍ വന്‍കിട കമ്പനികളുടെ കടന്നുവരവ് തുടരുമ്പോഴും ചെറുകിട ഇടത്തരം ആശുപത്രികള്‍ പ്രതിസന്ധി നേരിടുന്നുവെന്നതിന് മറ്റൊരു തെളിവ് കൂടി. കൊച്ചി എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഹോസ്പിറ്റലാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജപ്തിയില്‍ എത്തിയത്.
എറണാകുളം സി.ജെ.എം കോടതിയില്‍ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിക്ക് മുന്നില്‍ ടാറ്റ ക്യാപിറ്റല്‍ ലിമിറ്റഡ് നോട്ടീസ് പതിച്ചിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ നിയന്ത്രണം ടാറ്റ ക്യാപിറ്റലിന്റെ നിയന്ത്രണത്തിലാണ്. പുതിയ രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പ്രവര്‍ത്തനം ഏകദേശം തടസപ്പെട്ട അവസ്ഥയിലാണ്.
കമ്പനിയില്‍ നിന്ന് വസ്തു ഈടുവച്ച് ഉടമകള്‍ വായ്പയെടുത്തിരുന്നു. ഈ തുകയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ടാറ്റ ക്യാപിറ്റല്‍ ലിമിറ്റഡ് നിയമനടപടികളിലേക്ക് കടന്നത്.
ആശുപത്രിക്ക് സ്വന്തമായി 92.46 സെന്റ് സ്ഥലമുണ്ടായിരുന്നു. ഇതും കെട്ടിടവും ഉപകരണങ്ങളും ഈടായി നല്കിയാണ് 2019ലും 2021ലും 46.53 കോടി രൂപ വായ്പയെടുത്തത്. മുതലും പലിശയും അടക്കം 34.24 കോടി രൂപ കുടിശിക വന്നതോടെയാണ് ടാറ്റ ക്യാപിറ്റല്‍ ജപ്തി നടപടികളിലേക്ക് കടന്നത്. 2023ല്‍ ജപ്തിക്ക് ഉത്തരവായെങ്കിലും മാനേജ്‌മെന്റ് സ്റ്റേ വാങ്ങിയാണ് ഇത്രനാളും പിടിച്ചു നിന്നത്.
വായ്പയുടെ ഒരു ഭാഗം തിരിച്ചടച്ച് ജപ്തി നടപടികള്‍ തല്ക്കാലത്തേക്ക് മരവിപ്പിക്കാന്‍ മാനേജ്‌മെന്റ് തലത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും വിജയം കണ്ടില്ല. ഇടയ്ക്ക് ചില വലിയ ആശുപത്രികള്‍ സിറ്റി ഹോസ്പിറ്റലിനെ ഏറ്റെടുക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഇതും പക്ഷെ യാഥാര്‍ത്ഥ്യമായില്ല.
കേരളത്തിലെ ഇടത്തരം ഹോസ്പിറ്റലുകള്‍ ഏറ്റെടുക്കാന്‍ വന്‍കിട ഹോസ്പിറ്റല്‍ ശൃംഖലകള്‍ ശ്രമം നടത്തുന്നുണ്ട്. കേരളത്തില്‍ ഏറ്റെടുക്കലുമായി കടന്നുവന്ന ഹൈദരാബാദ് ആസ്ഥാനമായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (KIMS) ഇതിന് ഉദാഹരണമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ 14 ജില്ലകളിലും സ്വന്തമായി ആശുപത്രികളാണ് കിംസ് ലക്ഷ്യം വയ്ക്കുന്നത്. അടുത്തിടെ കണ്ണൂരിലും തൃശൂരിലും കമ്പനി ആശുപത്രികള്‍ ഏറ്റെടുത്തിരുന്നു.
ഇത്തരത്തില്‍ നിരവധി ഏറ്റെടുക്കലുകള്‍ കേരളത്തിലെ ഇടത്തരം ആശുപത്രികളില്‍ നടക്കുന്നുണ്ട്. വലിയ ഹോസ്പിറ്റലുകളുടെ കടന്നുവരവ് ചെറുകിട ഇടത്തരം ഹോസ്പിറ്റലുകളുടെ നിലനില്പിന് തിരിച്ചടിയാകുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine