Image courtesy: canva  
News & Views

ക്രൂഡ് ഓയിലിന്റെ വിന്‍ഡ്ഫാള്‍ നികുതി ഒഴിവാക്കാന്‍ കേന്ദ്ര നീക്കം

അന്താരാഷ്ട്ര വില കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം

Dhanam News Desk

ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതോടെ ഇന്ത്യയില്‍ പ്രാദേശിക ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിന് നിലവിലുള്ള വിന്‍ഡ്ഫാള്‍ നികുതി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ക്രൂഡ് ഓയില്‍ വിലവര്‍ധിക്കുമ്പോള്‍ കമ്പനികള്‍ക്കുണ്ടാകുന്ന കൂടിയ ലാഭത്തില്‍ നിന്ന് ഈടാക്കുന്ന നികുതിയാണ് പുതിയ സാഹചര്യത്തില്‍ നിര്‍ത്തലാക്കുക. ക്രൂഡിന്റെ ആഗോള വില കുറഞ്ഞ സാഹചര്യത്തില്‍ നികുതി തുടരേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് തരുണ്‍ കപൂര്‍ വ്യക്തമാക്കിയിരുന്നു. നികുതി ഒഴിവാക്കുന്ന കാര്യം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.  2022 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ വിന്‍ഡ്ഫാള്‍ നികുതി ഏര്‍പ്പെടുത്തിയത്.

എന്താണ് വിന്‍ഡ്ഫാള്‍ നികുതി

ക്രൂഡ് ഓയിലിന്റെ ആഗോള വിലവര്‍ധിക്കുമ്പോള്‍ ഇന്ത്യയിലെ റിഫൈനറികള്‍ക്ക് കയറ്റുമതിയിലൂടെ ഉണ്ടാകുന്ന അമിത ലാഭം കുറക്കാനുള്ള നികുതിയാണ് വിന്‍ഡ്ഫാള്‍ നികുതി. പ്രത്യേക അധിക എക്‌സൈസ് ഡ്യൂട്ടിയായാണ് ഇത് ചുമത്തുന്നത്. രണ്ടാഴ്ച കൂടുമ്പോള്‍ ക്രൂഡിന്റെ ആഗോള ശരാശരി വില കണക്കാക്കിയാണ് ഈ നികുതി കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ടണിന് 1850 രൂപയാണ് ഈടാക്കിയിരുന്നത്. ആഗോള വിലയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഈ നിരക്ക് കൂടിയും കുറഞ്ഞുമിരിക്കും. ഇപ്പോള്‍ വിലയില്‍ ഇടിവ് സംഭവിച്ചതോടെയാണ് ഈ നികുതി പൂര്‍ണമായും ഒഴിവാക്കുന്നത്.

വില കുറയാന്‍ സാധ്യത

ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില ഇനിയും കുറയാനാണ് സാധ്യതയെന്ന് ജെ.പി മോര്‍ഗന്‍ വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷത്തോടെ 60 ഡോളറായി കുറയുമെന്നാണ് കണക്ക് കൂട്ടല്‍. പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ അവസാനിക്കാനുള്ള സാധ്യതയുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലും ചൈനയിലും ക്രൂഡിന് ഡിമാന്റ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്രായേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ബാരലിന് 81 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. സെപ്‌തംബറില്‍ 71 ഡോളറായിരുന്നു വില. വീണ്ടും അതേനിലയിലേക്കാണ് ഇപ്പോള്‍ വില കുറഞ്ഞു വരുന്നത്. അടുത്ത വര്‍ഷത്തോടെ ക്രൂഡിന്റെ വില്‍പ്പന അധികമാകുമെന്നാണ് കണക്കുകൂട്ടല്‍. പ്രതിദിന വില്‍പ്പന ഏഴ് ലക്ഷം ബാരല്‍ ആകുമെന്നാണ് റോബോ ബാങ്ക് ഇന്റര്‍നാഷണലിന്റെ നിരീക്ഷണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT