News & Views

കുന്നംകുളംകാരന്റെ വിമാനക്കമ്പനി ₹9,400 കോടിക്ക് 40 വിമാനങ്ങള്‍ വാങ്ങുന്നു; ഫ്‌ളൈ91 പറത്താന്‍ അഭിനന്ദന്‍ വര്‍ധമാന്‍

പ്രാദേശിക വിമാനക്കമ്പനി നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ എടിആര്‍ ഓര്‍ഡര്‍; പുതിയ വിമാനങ്ങളുടെ വിതരണം 2027 അവസാനത്തോടെ ആരംഭിക്കും

Dhanam News Desk

ഒരു ദിവസം രണ്ട് വാര്‍ത്തകളിലൂടെ ഇന്ത്യന്‍ വ്യോമയാന രംഗത്ത് ചര്‍ച്ചാവിഷയമായി മലയാളിയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി. മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളൈ91 (Fly91) വിമാനക്കമ്പനിയാണ് 40 പുതിയ വിമാനങ്ങള്‍ക്ക് ഒറ്റയടിക്ക് ഓര്‍ഡര്‍ നല്കി ഞെട്ടിച്ചത്.

രാജ്യത്തിന്റെ അഭിമാനമായി മാറിയ യുദ്ധവിമാന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ ഫ്‌ളൈ91ല്‍ പൈലറ്റായി എത്തുന്നുവെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള കമ്പനിയുടെ തീരുമാനവും എത്തുന്നത്.

വലിയ ഓര്‍ഡര്‍

ഫ്രഞ്ച്-ഇറ്റാലിയന്‍ വിമാന നിര്‍മാതാക്കളായ എടിആറില്‍ നിന്നാണ് വിമാനങ്ങള്‍ വാങ്ങുക. എടിആറിന് ലഭിക്കുന്ന ഏറ്റവും വലിയ ഒറ്റ ഓര്‍ഡറുകളിലൊന്നാണിത്. ഏകദേശം 9,400 കോടി രൂപയുടേതാണ് കരാര്‍.

പുതിയ വിമാനങ്ങളുടെ വിതരണം 2027 അവസാനത്തോടെ ആരംഭിക്കും. 2032ഓടെ 40 വിമാനങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫ്ളൈ91 സ്ഥാപകനും മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മനോജ് ചാക്കോ പറഞ്ഞു.

തൃശൂര്‍ കുന്നംകുളത്ത് കുടുംബവേരുള്ള മനോജ് ചാക്കോയ്ക്ക് വ്യോമയാന രംഗത്ത് മൂന്ന് പതിറ്റാണ്ടിലധികം പ്രവര്‍ത്തന പരിചയസമ്പത്തുണ്ട്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുന്‍ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം.

കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ ചെറുപട്ടണങ്ങള്‍ കോര്‍ത്തിണക്കി സര്‍വീസ് നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ 'ഉഡാന്‍' പദ്ധതിയുടെ ഭാഗമായാണ് ഫ്ളൈ91 സര്‍വീസുകള്‍ കൂടുതലും നടത്തുന്നത്. ഇന്ത്യയുടെ ടെലഫോണ്‍ കോഡ് സൂചിപ്പിച്ചുകൊണ്ടാണ് പേരില്‍ 91 ചേര്‍ത്തിട്ടുള്ളത്. കൊച്ചി അടക്കം വിവിധ നഗരങ്ങളില്‍ നിന്ന് ലക്ഷദ്വീപിലേക്ക് അടക്കം കമ്പനി സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ലക്ഷ്യം 60 വിമാനങ്ങളുള്ള കമ്പനി

നിലവില്‍ ആറ് എടിആര്‍ 72-600 വിമാനങ്ങളാണ് ഫ്ളൈ91 സര്‍വീസിന് ഉപയോഗിക്കുന്നത്. ആഴ്ച്ചയില്‍ 280ലധികം സര്‍വീസുകളും കമ്പനി നടത്തുന്നുണ്ട്. വരുംവര്‍ഷങ്ങളില്‍ വിമാനങ്ങളുടെ എണ്ണം 60ല്‍ അധികമാക്കാനാണ് പദ്ധതി. ആറു മുതല്‍ എട്ടുവരെ വിമാനങ്ങള്‍ കൂടി പാട്ടത്തിനെടുക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇതിലൂടെ അടുത്ത വര്‍ഷം അവസാനത്തോടെ വിമാനങ്ങളുടെ എണ്ണം 12-14 ആയി ഉയര്‍ത്തും. ചെറിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകളിലെ വളര്‍ച്ചയാണ് ഫ്ളൈ91 ലക്ഷ്യമിടുന്നത്.

250 കോടി സമാഹരിക്കും

വിമാന ഓര്‍ഡറിനുള്ള ധനസമാഹരണരീതി കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിമാനങ്ങള്‍ പാട്ടത്തിന് നല്‍കുന്ന കമ്പനികളുമായും ധനകാര്യ സ്ഥാപനങ്ങളുമായും ചര്‍ച്ചകള്‍ തുടരുകയാണ്. പ്രാരംഭ പണമടയ്ക്കല്‍ സ്വന്തം വിഭവങ്ങളില്‍നിന്നാണ് നടത്തുന്നതെന്ന് മനോജ് ചാക്കോ പറഞ്ഞു. നിലവില്‍ കടബാധ്യതയില്ലാത്ത ഫ്ളൈ91 അടുത്ത സാമ്പത്തികവര്‍ഷം ബ്രേക്ക് ഈവനിലെത്തുകയാണ് ലക്ഷ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT