മഴയാണേലും വെയിലാണേലും കുടയും പിടിച്ച് നടക്കുന്നത് പലര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. കുടപിടിച്ചു നടക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കനേഡിയന്‍ എന്‍ജിനിയര്‍ നിര്‍മിച്ച പറക്കും അംബ്രല്ലയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം.
ഉടമസ്ഥന്‍ പോകുന്നിടത്തെല്ലാം കൂടെ പറന്നുനടന്ന് സംരക്ഷണം നല്‍കുന്ന ഈ ടെക്‌നോളജി കുട നിര്‍മിച്ചത് ജോണ്‍ ത്സെ ആണ്. കൈകള്‍ പൂര്‍ണ്ണമായും ഫ്രീയായി വെച്ചുകൊണ്ട് ഉപയോഗിക്കാമെന്നതാണ് 'ഫ്‌ലൈയിങ് അംബ്രല്ല'യുടെ (Flying Umbrella) പ്രധാന പ്രത്യേകത.
തന്റെ യൂട്യൂബ് ചാനലായ 'ഐ ബില്‍ഡ് സ്റ്റഫ്' ലൂടെയാണ് ജോണ്‍ ഈ കുടയുടെ പ്രവര്‍ത്തനരീതികള്‍ പങ്കുവെച്ചത്. മുന്‍പ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന മോഡലില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ജോണ്‍ പുതിയ വേര്‍ഷന്‍ തയാറാക്കിയിരിക്കുന്നത്.
കാഴ്ചയില്‍ സാധാരണ ഒരു മഞ്ഞക്കുട പോലെ തോന്നിക്കുമെങ്കിലും, യഥാര്‍ത്ഥത്തില്‍ ഇതൊരു ക്വാഡ്‌കോപ്റ്റര്‍ ഡ്രോണ്‍ (Quadcopter Drone) ആണ്. കുടയുടെ ഉള്ളിലെ പ്രത്യേക ഫ്രെയിമില്‍ നാല് പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കുടയെ വായുവില്‍ ഉയര്‍ന്നു നില്‍ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നത് ഈ പ്രൊപ്പല്ലറുകളാണ്.
കുടയുടെ നടുവിലുള്ള കമ്പിക്ക് മാത്രമാണ് ഡ്രോണിന്റെ ഭാരം താങ്ങാനുള്ള ശേഷി ഉണ്ടായിരുന്നത്. എന്നാല്‍ എല്ലാ ഹാര്‍ഡ്വെയറുകളും അവിടെത്തന്നെ ഘടിപ്പിച്ചാല്‍ അത് കുടയുടെ വലിപ്പം കൂട്ടുകയും കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുമായിരുന്നു.
ഇതിനൊരു പരിഹാരമായി മടക്കി വെക്കാവുന്ന പ്രത്യേക കൈകള്‍ ജോണ്‍ രൂപകല്പന ചെയ്തു. കുട അടച്ചു വെക്കുമ്പോള്‍ ഈ കൈകള്‍ ഉള്ളിലേക്ക് മടങ്ങും. കുട നിവര്‍ത്തുമ്പോള്‍ ഇവ കൃത്യമായി ലോക്കാവുകയും ചെയ്യും. പറക്കുമ്പോഴുണ്ടാകുന്ന കുലുക്കം കുറയ്ക്കാന്‍ പ്രത്യേക ലോക്കിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഈ കുടയുടെ ഏറ്റവും വലിയ സവിശേഷത മാനുഷിക നിയന്ത്രണമില്ലാതെ ഉടമസ്ഥനെ കൃത്യമായി പിന്തുടരാന്‍ സാധിക്കും എന്നതാണ്. ഇതിനായി ഒരു പ്രത്യേക ട്രാക്കിംഗ് സിസ്റ്റം തന്നെ ജോണ്‍ വികസിപ്പിച്ചെടുത്തു.
ഭാവിയിലെ വ്യക്തിഗത റോബോട്ടിക്‌സ് സാങ്കേതികവിദ്യകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ജോണ്‍ ത്സെയുടെ ഈ പുതിയ കണ്ടുപിടുത്തമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍. കേരളത്തിലെ മണ്‍സൂണ്‍ കാലത്ത് ഈ കുടയുടെ പ്രയോജനം വലുതാണെന്ന് അഭിപ്രായപ്പെട്ട മലയാളികളും കുറവല്ല.
Read DhanamOnline in English
Subscribe to Dhanam Magazine