News & Views

ഇന്ത്യന്‍ ഫുട്ബോളില്‍ സര്‍വത്ര സ്തംഭനം, വരുമാനമില്ലാതെ കളിക്കാര്‍; അക്കാഡമികള്‍ക്കും തിരിച്ചടി; ഫുട്‌ബോള്‍ പ്രതിസന്ധിയുടെ സാമ്പത്തികശാസ്ത്രം

ഫുട്‌ബോളിനെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്ന കളിക്കാരുടെ എണ്ണം രാജ്യത്ത് ആയിരത്തിന് മുകളിലാണ്. ഇവരില്‍ പലരും പരിശീലനത്തിനും മറ്റ് കാര്യങ്ങള്‍ക്കുമായി ഫുട്‌ബോളില്‍ നിന്നുള്ള വരുമാനം മാത്രമാണ് ഉപയോഗിക്കുന്നത്

Dhanam News Desk

ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രവര്‍ത്തനം നിലച്ചതോടെ കളിക്കാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ഈ ഫീല്‍ഡുമായി ബന്ധപ്പെട്ടു നില്ക്കുന്നവരുമായ പതിനായിരക്കണക്കിന് പേരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ വരുമാനം നിലച്ച അവസ്ഥയിലാണ് രാജ്യത്തെ ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്നവര്‍.

ക്രിക്കറ്റ് കേന്ദ്രീകൃതമായിരുന്നു അടുത്ത കാലം വരെ കേരളത്തിലെ സ്‌പോര്‍ട്‌സ് രംഗം. എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടക്കം വന്നതോടെ ഫുട്‌ബോളിന്റെ സ്വാധീനം വര്‍ധിച്ചു. ഫുട്‌ബോള്‍ അക്കാഡമികളും പെരുകി. ഫുട്‌ബോളിലേക്ക് കുട്ടികളെ അയയ്ക്കുന്ന മാതാപിതാക്കളുടെ എണ്ണവും വര്‍ധിച്ചു. എന്നാല്‍ സമീപകാല പ്രതിസന്ധി ഈ മേഖലയെയാകെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

കളിക്കാരുടെ വരുമാനം നിലച്ചു

ഫുട്‌ബോളിനെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്ന കളിക്കാരുടെ എണ്ണം രാജ്യത്ത് ആയിരത്തിന് മുകളിലാണ്. ഇവരില്‍ പലരും പരിശീലനത്തിനും മറ്റ് കാര്യങ്ങള്‍ക്കുമായി ഫുട്‌ബോളില്‍ നിന്നുള്ള വരുമാനം മാത്രമാണ് ഉപയോഗിക്കുന്നത്. ഈ കളിക്കാരാണ് ഒരു സുപ്രഭാതത്തില്‍ വരുമാനമില്ലാത്തവരായി മാറിയത്. കളിക്കാരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങളും പ്രതിസന്ധിയിലായിട്ടുണ്ട്.

ഐലീഗ് ഫുട്‌ബോളിനൊപ്പം ഇന്ത്യന്‍ സൂപ്പര്‍ ലീഗും തുടങ്ങിയതോടെയാണ് ഫുട്‌ബോളിനെ ഒരു കരിയറാക്കി എടുക്കാമെന്ന ചിന്ത യുവാക്കളില്‍ വന്നത്. ഐഎസ്എല്‍ തുടങ്ങിയശേഷം കളിക്കാര്‍ക്ക് മാന്യമായ പ്രതിഫലവും മികച്ച സൗകര്യങ്ങളും ലഭിച്ചു തുടങ്ങി. ഒരു സീസണില്‍ 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന 25ഓളം കളിക്കാര്‍ കേരളത്തില്‍ തന്നെയുണ്ട്. ഇവരില്‍ പലരും പക്ഷേ ഇപ്പോള്‍ പ്രതിസന്ധിയിലാണ്.

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (എ.ഐ.എഫ്.എഫ്) തമ്മിലുള്ള കരാര്‍ ഡിസംബര്‍ എട്ടിന് അവസാനിക്കും. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. ഐഎസ്എല്ലിന്റെ നടത്തിപ്പ് വീണ്ടും ഏറ്റെടുക്കാന്‍ എഫ്എസ്ഡിഎല്ലിന് താല്പര്യമില്ല.

ഇത്രയും വര്‍ഷം ഐഎസ്എല്‍ നടത്തിയെങ്കിലും കാര്യമായ സാമ്പത്തികലാഭമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. പുതിയ നടത്തിപ്പുകാര്‍ക്കായി കരാര്‍ ക്ഷണിച്ചെങ്കിലും ആരും ലേലത്തില്‍ പോലും പങ്കെടുത്തില്ല. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വാണിജ്യസാധ്യത കുറവാണെന്നതാണ് കോര്‍പറേറ്റ് കമ്പനികളെ പിന്നോട്ടടിക്കുന്നത്.

ക്ലബുകള്‍ ഉടമകളായ കമ്പനി വരുമോ?

ക്ലബുകള്‍ക്ക് കൂടി ഉടമസ്ഥാവകാശം ലഭിക്കുന്ന രീതിയിലുള്ള ലീഗുകള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും അരങ്ങേറുന്നുണ്ട്. ഇത്തരത്തിലുള്ള ലീഗുകളില്‍ നിന്ന് ക്ലബുകള്‍ക്കും വരുമാനം ലഭിക്കും. ഇന്ത്യന്‍ ഫുട്‌ബോള്‍ സിസ്റ്റത്തില്‍ ക്ലബുകള്‍ക്ക് വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലെന്നത് വലിയ പ്രശ്‌നമാണ്. ഐഎസ്എല്ലില്‍ കളിക്കുന്ന ഒരു ക്ലബ് മാത്രമാണ് ലാഭത്തിലുള്ളത്.

ഏറ്റവും കൂടുതല്‍ ആരാധകരുടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് കഴിഞ്ഞ സീസണിലടക്കം കോടികളാണ് നഷ്ടമായത്. മിക്ക ക്ലബുകളുടെയും അവസ്ഥ ഇതുതന്നെയാണ്. സ്‌പോണ്‍സര്‍മാരെ പോലും കണ്ടെത്താന്‍ ക്ലബുകള്‍ കഷ്ടപ്പെടുന്നതാണ് സമീപകാല ചിത്രം.

ഇന്ത്യന്‍ ഫുട്‌ബോളില്‍ കളിക്കാര്‍ക്ക് അവരുടെ മികവിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നുവെന്നതാണ് സത്യമാണ്. ലോകകപ്പ് കളിച്ച രാജ്യങ്ങളില്‍ നടക്കുന്ന ലീഗുകളിലേക്കാള്‍ പ്രതിഫലം ഇന്ത്യന്‍ ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നുണ്ട്. അതിനുള്ള നിലവാരം പലര്‍ക്കുമില്ലെന്നതാണ് സത്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT