പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തുവിട്ട 2026-ലെ ടോപ്പ് ഹെല്‍ത്ത്‌കെയര്‍ ലീഡേഴ്‌സ് പട്ടികയില്‍ മികച്ച നേട്ടം കൊയ്ത് മലയാളി സംരംഭകരും എക്‌സിക്യൂട്ടീവുകളും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ഫൗണ്ടറും ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലിലുമാണ് പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ചത്.
ആരോഗ്യമേഖലയിലെ വളര്‍ച്ച, നിക്ഷേപം, നവീകരണം, വിപുലീകരണം, വ്യവസായ രംഗത്തെ സ്വാധീനം എന്നിവ വിലയിരുത്തിയാണ് ഫൗണ്ടര്‍, എക്‌സിക്യൂട്ടീവ് എന്നീ രണ്ട് വിഭാഗങ്ങളിലായി റാങ്കിംഗ് പ്രഖ്യാപിച്ചത്.
സ്ഥാപകരുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്താണ് ഡോ ആസാദ് മൂപ്പന്‍. ജിസിസിയില്‍ 16 ആശുപത്രികളും 128 ക്ലിനിക്കുകളും 360 ഫാര്‍മസികളും ആസ്റ്ററിന് കീഴിലുണ്ട്. ഈ വര്‍ഷം ആദ്യം യു.എ.ഇയില്‍ പ്രഖ്യാപിച്ച 272.3 ദശലക്ഷം ഡോളറിന്റെ പുതിയ പദ്ധതികളും, സൗദി അറേബ്യയിലെ 250 ദശലക്ഷം ഡോളറിന്റെ നിക്ഷേപ പദ്ധതികളും ഗ്രൂപ്പ് നടത്തുന്നുണ്ട്.
പട്ടികയില്‍ നാലാം സ്ഥാനത്താണ് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനായ ഡോ. ഷംഷീര്‍ വയലില്‍. 2007-ല്‍ അബുദാബിയില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപിച്ച അദ്ദേഹം ചെയര്‍മാന്‍ പദവിക്ക് പുറമെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിഇഒ പദവിയും ഏറ്റെടുത്തിരുന്നു. യുഎഇയിലും സൗദി അറേബ്യയിലുമായി നൂറോളം ആസ്തികളുള്ള ശൃംഖലയില്‍ 20 ആശുപത്രികളാണുള്ളത്.
അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും പ്രസിഡന്റുമായ മുഹമ്മദ് ആലുങ്ങല്‍ പട്ടികയില്‍ 40-ാം സ്ഥാനത്താണ്. 33 ഹോള്‍ഡിങ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് മിയാന്‍ദാദ് വി.പി 42-ാം സ്ഥാനത്തുണ്ട്. ഡോ. സണ്ണി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഫൗണ്ടറും ചെയര്‍മാനുമായ ഡോ. സണ്ണി കുര്യനാണ് 43-ാം സ്ഥാനത്ത്.
ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ പ്രത്യേക ഹെല്‍ത്ത്‌കെയര്‍ എക്‌സിക്യൂട്ടീവ്‌സ് പട്ടികയിലും മലയാളി പ്രൊഫഷണലുകള്‍ ഇടംപിടിച്ചിട്ടുണ്ട്. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്‌സിന്റെ യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ മേഖലകളിലെ ഗ്രൂപ്പ് സിഇഒ ഷെര്‍ബാസ് ബിച്ചു 17-ാം സ്ഥാനത്താണ്. മെഡ്‌കെയര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് മെഡിക്കല്‍ സെന്റേഴ്‌സ് ഗ്രൂപ്പ് സിഇഒ ഷാനില ലൈജു 64-ാം സ്ഥാനത്തും ഇടംപിടിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine