Image Courtesy: facebook.com/keralatourismofficial 
News & Views

മാട്ടുപ്പെട്ടി ജലാശയത്തില്‍ സീപ്ലെയിന്‍ വേണ്ടെന്ന് വനംവകുപ്പ്, മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിക്കും, പദ്ധതിക്കെതിരെ എതിര്‍പ്പുകള്‍ കടുക്കുന്നുവോ?

ആനകള്‍ പതിവായി ജലാശയം മുറിച്ചുകടന്നാണ് ദേശീയോദ്യാനങ്ങളിലേക്ക് പോകുന്നത്

Dhanam News Desk

മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ ഇടുക്കി ജില്ല കളക്ടര്‍ക്ക് കത്തുമായി വനംവകുപ്പ്. വനമേഖലയ്ക്ക് സമീപമായാണ് മാട്ടുപ്പട്ടി ജലാശയം ഉളളത്. പ്ലയിനില്‍ ആനമുടി ഷോല ദേശീയോദ്യാനത്തില്‍ നിന്ന് ഏകദേശം 3.5 കിലോമീറ്റര്‍ ദൂരമാണ് ജലാശയത്തിലേക്ക് ഉളളത്.

പാമ്പാടുംചോല ദേശീയോദ്യാനം, കുറിഞ്ഞിമല ഉദ്യാനം തുടങ്ങിയ പരിസ്ഥിതിദുര്‍ബല മേഖലകളും മാട്ടുപ്പെട്ടിക്ക് സമീപമാണ്. കാട്ടാനകള്‍ ധാരാളമുളള കണ്ണന്‍ ദേവന്‍ ഹില്‍സ് റിസര്‍വും പ്രദേശത്തിന് സമീപമായാണ് ഉളളത്. ആനകള്‍ പതിവായി ജലാശയം മുറിച്ചുകടന്ന് ദേശീയോദ്യാനങ്ങളിലേക്ക് പോകുന്നുണ്ട്.

മാട്ടുപ്പെട്ടി ജലാശയത്തില്‍ സീപ്ലെയിന്‍ ഇറക്കിയാല്‍ ആനകളുടെയും മറ്റു വന്യജീവികളുടെയും സ്വൈരൃവിഹാരത്തിന് വലിയ തടസമാണ് ഉണ്ടാകുക. മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിക്കാനും ഇടയുണ്ട്. ദേശീയ വന്യജീവി ബോര്‍ഡിന്റെ സംഘര്‍ഷ ലഘൂകരണ പദ്ധതി പ്രദേശത്ത് നിര്‍ബന്ധമായും നടപ്പാക്കണമെന്നും മൂന്നാര്‍ ഡി.എഫ്.ഒ. ഇന്‍ ചാര്‍ജ് ജോബ് ജെ. നേര്യംപറമ്പില്‍ കളക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

വനംവകുപ്പും അഭിപ്രായം രേഖപ്പെടുത്തിയതോടെ വലിയ പ്രചാരണങ്ങളോടെ അവതരിപ്പിച്ച സീപ്ലെയിന്‍ പദ്ധതിയില്‍ എതിര്‍പ്പുകള്‍ കടുക്കുകയാണ്. മൂന്നാറിലേക്കും ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വളരെ പെട്ടെന്ന് ടൂറിസ്റ്റുകള്‍ക്ക് എത്താം എന്ന ആകര്‍ഷണവുമായാണ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികളടക്കം വിവിധ വിഭാഗങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നത് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വിഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT