പൊതുമേഖലാ സ്ഥാപനമായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ (FACT) മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന കിഷോര്‍ റുങ്ത (62) അന്തരിച്ചു. അസമിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ സൂററ്റില്‍ നടക്കും.
വര്‍ഷങ്ങളോളം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന ഫാക്ടിനെ ലാഭത്തിന്റെ ട്രാക്കിലേക്ക് തിരികെ എത്തിച്ചതാണ് കിഷോര്‍ റുങ്തയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം. 2019-ല്‍ അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന സ്ഥാപനത്തെ, തന്റെ സാമ്പത്തിക വൈദഗ്ധ്യം കൊണ്ട് ചുരുങ്ങിയ കാലയളവില്‍ മികച്ച ലാഭത്തിലേക്ക് നയിച്ചു. 2022-23 കാലയളവില്‍ ഫാക്ട് 612.99 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭം കൈവരിച്ചത് റുങ്തയുടെ നേതൃത്വത്തിലായിരുന്നു. .
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബംഗാള്‍, മഹാരാഷ്ട്ര അടക്കം പുതിയ വിപണികളിലേക്ക് ഫാക്ട് ചുവടുവെച്ചു. ധനകാര്യ മാനേജ്മെന്റ് രംഗത്തെ പരിചയസമ്പത്ത് കൊണ്ട് ഫാക്ടിനെ ഒരു പ്രൊഫഷണല്‍ കോര്‍പ്പറേറ്റ് മികവിലേക്ക് കൊണ്ടു വരാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു. ഇതാണ് ഫാക്ടിന്റെ ലാഭവും വിറ്റുവരവും ഉല്‍പ്പാദനവും വര്‍ധിക്കാന്‍ വഴിയൊരുക്കിയത്. അദ്ദേഹം മുന്‍കയ്യെടുത്താണ് പെട്രോകെമിക്കല്‍ പ്ലാന്റും തുറന്നത്.
2019 ഫെബ്രുവരി രണ്ട് മുതല്‍ ഫാക്ടിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന റുങ്ത ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ECIL), ഹിന്ദുസ്ഥാന്‍ കേബിള്‍സ് (HCL) എന്നിവിടങ്ങളില്‍ ഫിനാന്‍സ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌കോപ്പ് (SCOPE) വൈസ് ചെയര്‍മാന്‍, ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (FAI) സതേണ്‍ റീജിയന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
സിമന്റ്, സ്റ്റീല്‍, കേബിള്‍സ്, സ്ട്രാറ്റജിക് ഇലക്ട്രോണിക്‌സ്, വളം തുടങ്ങിയ മേഖലകളിലായി പൊതു-സ്വകാര്യ മേഖലകളില്‍ നീണ്ട കാലത്തെ അനുഭവ സമ്പത്തുണ്ട്. രാജസ്ഥാനിലെ പ്രമുഖ വ്യവസായ കുടുംബത്തില്‍ നിന്നുള്ള അദ്ദേഹം ഗ്രാസിം ഇന്‍ഡസ്ട്രീസ്, മോദി ഗ്രൂപ്പ്, എസ്സാര്‍ സ്റ്റീല്‍, ഇസ്പാറ്റ് ഇന്‍ഡസ്ട്രീസ്, ഒഡീഷയിലെ എം.എം.ടി.സി പ്രൊമോട്ടഡ് സ്റ്റീല്‍ പ്ലാന്റ് എന്നിവിടങ്ങളില്‍ നിര്‍ണ്ണായക പദവികള്‍ വഹിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ എങ്ങനെ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാമെന്ന് പ്രായോഗികമായി കാണിച്ചുതന്ന മികവുറ്റ സാരഥിയായിരുന്നു അദ്ദേഹം.
പ്രതിസന്ധികള്‍ക്കിടയിലും ഫാക്ടിനെ വളര്‍ച്ചയുടെ പുത്തന്‍ ഉയരങ്ങളിലെത്തിച്ചതിന് അദ്ദേഹത്തിന് 'ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ വളം നിര്‍മ്മാണ മേഖലയെ പ്രതിനിധീകരിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഒരു മികച്ച കോസ്റ്റ് അക്കൗണ്ടന്റും നിയമ ബിരുദധാരിയുമായിരുന്നു അദ്ദേഹം.
Read DhanamOnline in English
Subscribe to Dhanam Magazine