Representational Image canva
News & Views

₹590 കോടിയുടെ തട്ടിപ്പ്; ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് മുന്‍ ജീവനക്കാരടക്കം നാലുപേര്‍ പിടിയില്‍, പങ്കാളിത്ത കമ്പനി സ്ഥാപിച്ച് പണം വകമാറ്റി

ഹരിയാന സര്‍ക്കാരിന്റെ ഫണ്ട് വകമാറ്റിയ കേസില്‍ ബാങ്ക് തുക തിരിച്ചടച്ചു. അന്വേഷണം ശക്തമാക്കി ആന്റി കറപ്ഷന്‍ ബ്യൂറോ

Dhanam News Desk

ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ (IDFC First Bank) ഹരിയാന സര്‍ക്കാര്‍ അക്കൗണ്ടുകളില്‍ നിന്ന് 590 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ ബാങ്ക് ഉദ്യോഗസ്ഥരടക്കം നാലുപേരെ ഹരിയാന സ്റ്റേറ്റ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ വ്യാജ രേഖകള്‍ ചമച്ചാണ് തുക തട്ടിയെടുത്തതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ബാങ്കിലെ മുന്‍ ജീവനക്കാരായ റിഭവ് ഋഷി, അഭയ്, അഭയിന്റെ ഭാര്യ സ്വാതി സിംഗ്ല, സഹോദരന്‍ അഭിഷേക് സിംഗ്ല എന്നിവരാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ഫണ്ടുകള്‍ വകമാറ്റുന്നതിനായി 'സ്വസ്തിക് ദേശ് പ്രോജക്ട്‌സ്' (Swastik Desh Projects) എന്ന പേരില്‍ ഒരു പങ്കാളിത്ത സ്ഥാപനം ഇവര്‍ രൂപീകരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

തട്ടിപ്പ് നടന്നത് എങ്ങനെ?

ഹരിയാന സര്‍ക്കാരിന്റെ ഡെവലപ്മെന്റ് ആന്റ് പഞ്ചായത്ത് വകുപ്പിന്റെ അക്കൗണ്ടുകളിലാണ് കൃത്രിമം നടന്നത്. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ വ്യാജ ചെക്കുകളും പേയ്മെന്റ് ഇന്‍സ്ട്രക്ഷനുകളും ഉപയോഗിച്ച് പണം സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ആഭ്യന്തര അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

തട്ടിപ്പ് വിവരം പുറത്തുവന്നതിന് പിന്നാലെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഹരിയാന സര്‍ക്കാരിന് നഷ്ടമായ തുക പൂര്‍ണ്ണമായും തിരിച്ചടച്ചു. പലിശയടക്കം 583 കോടി രൂപ ബാങ്ക് ഇതിനകം നല്‍കിക്കഴിഞ്ഞു. തട്ടിപ്പില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ബാങ്ക് മാനേജ്മെന്റ് വ്യക്തമാക്കി.

പ്രതിസന്ധിയില്ലെന്ന് ബാങ്ക്

ഈ സാമ്പത്തിക ക്രമക്കേട് ബാങ്കിന്റെ നിലനില്‍പ്പിനെ ബാധിക്കില്ലെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് അറിയിച്ചു. 2025 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന്റെ ആസ്തി ഗുണനിലവാരം സുരക്ഷിതമാണ്. ഗ്ലോബല്‍ റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ (CRISIL) ബാങ്കിന് 'AAA' റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. ബാങ്കിന്റെ മൊത്തം നിക്ഷേപത്തിലും വായ്പയിലും 22.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി കേസില്‍ കര്‍ശന നടപടിക്ക് ഉത്തരവിട്ടിട്ടുണ്ട്. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. ഐപിഎസ് ഓഫീസര്‍ ഗംഗാറാം പുനിയയുടെ മേല്‍നോട്ടത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT