ആപ്പിള്‍ ഐഫോണിന്റെ പ്രമുഖ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍ തെലങ്കാനയില്‍ പുതിയ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നു. 50 കോടി ഡോളര്‍ (4,100 കോടി രൂപ) മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന പ്ലാന്റില്‍ ആദ്യ ഘട്ടത്തില്‍ 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തെലങ്കാന മന്ത്രി കെ.ടി രാമറാവു അറിയിച്ചു. ഹൈദരാബാദിന് സമീപം രംഗ റെഡ്ഡി ജില്ലയിലെ കൊങ്കാര്‍ കാലാനിലാണ് ഫോക്സ്‌കോണിന്റെ പ്ലാന്റ് തുറക്കുന്നത്. തെലങ്കാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ഇതിനായി 196 ഏക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാതാക്കളാണ് തായ്‌വാനിലെ ന്യൂ തായ്പേയ് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്സ്‌കോണ്‍. കമ്പനിയുടെ ഭൂരിഭാഗം പ്ലാന്റുകളും ചൈനയിലാണ്. എന്നാല്‍ ആപ്പിള്‍ ഉപകരണങ്ങളുടെ ഉത്പാദനത്തിനാണോ പ്ലാന്റ് തുറക്കുന്നതെന്ന് വ്യക്തമല്ല.
ഇന്ത്യയിലേക്ക് ചുവടുമാറ്റം
കോവിഡ് പ്രതിസന്ധിയും തുടര്‍ന്നുള്ള കടുത്ത നിയന്ത്രണങ്ങളും ഫോക്‌സ്‌കോണിന്റെ ചൈനയിലെ പ്ലാന്റുകളിലെ ആപ്പിള്‍ ഉപകരണങ്ങളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കൂടാതെ ചൈനയിലെ പ്രധാന ഫാക്ടറിയില്‍ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെ കുറിച്ച് നിരവധി വാര്‍ത്തകളും വന്നിരുന്നു. ഇത് ഒരു വിപണിയെ അമിതമായി ആശ്രയിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവിലേക്ക് കമ്പനിയെ എത്തിച്ചിരുന്നു.
വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതും ചൈനയ്ക്ക് പുറത്തേക്ക് സാന്നിധ്യം വ്യാപിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ മാസം ഡല്‍ഹിയിലും മുംബൈയിലും ആപ്പിളിന്റെ സ്റ്റോറുകള്‍ തുറന്നതും ഇന്ത്യന്‍ വിപണിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. ഇന്ത്യയിലെത്തിയ ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി.
ബാംഗളൂരിലും പ്ലാന്റിനായി സ്ഥലം ഏറ്റെടുത്തതായാണ് കഴിഞ്ഞ മാസം ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ഫോക്‌സ്‌കോണ്‍ നല്‍കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. സംസ്ഥാനത്തെ പുതിയ പ്ലാന്റില്‍ നിന്ന് ആപ്പിള്‍ ഐഫോണുകള്‍ ഉടന്‍ നിര്‍മിക്കുമെന്നും ഏകദേശം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ എസ്.ബൊമ്മൈ കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിരുന്നു. തെലങ്കാന പ്ലാന്റിനൊപ്പം കര്‍ണാടക പ്ലാന്റ് ഇനിയും ഉണ്ടാകുമോ എന്നും വ്യക്തമല്ല.
Read DhanamOnline in English
Subscribe to Dhanam Magazine