News & Views

ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കാന്‍ പണം നല്‍കുന്ന സര്‍ക്കാര്‍!!

2022ല്‍ മാത്രം 5.3 ബില്യണ്‍ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കപ്പെടുമെന്നാണ് കണക്കുകള്‍

Dhanam News Desk

ലോകം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഇലക്ട്‌കോണിക് മാലിന്യങ്ങള്‍ അഥവാ ഇ-വേസ്റ്റുകള്‍. ഇന്റര്‍നാഷണല്‍ വേസ്റ്റ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എക്വിപ്‌മെന്റ് ഫോറത്തിന്റെ (WEEE) കണക്കുകള്‍ പ്രകരാം 2022ല്‍ മാത്രം 5.3 ബില്യണ്‍ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കപ്പെടുമെന്നാണ് കണക്കുകള്‍. വാഷിംഗ് മെഷീന്‍ മുതല്‍ റേഡിയോയും ഹെഡ്‌ഫോണുകളും അടങ്ങുന്ന മറ്റ് ഇ-വേസ്റ്റുകള്‍ കൂടി ചേരുമ്പോള്‍ സംഖ്യ ഇനിയും ഉയരും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍ക്കാരുകള്‍ ഇ-വേസ്റ്റ് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണ്. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഫ്രാന്‍സില്‍ സെപ്റ്റംബര്‍ 2022 മുതല്‍ നടപ്പാക്കിയ റിപ്പെയര്‍ ഫണ്ട്. അതായത് ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍, വാഷിംഗ് മെഷീന്‍ ഉള്‍പ്പടെയുള്ളവ നന്നക്കാന്‍ ചെലവാകുന്ന തുകയുടെ ഒരു വിഹിതം സര്‍ക്കാര്‍ നല്‍കും. മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ 25 യൂറോയും ലാപ്‌ടോപ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ 45 ഡോളര്‍വരെയും ഫ്രഞ്ച് സര്‍ക്കാര്‍ വകയായി ജനങ്ങള്‍ക്ക് ലഭിക്കും.

നിലവില്‍ എല്ലാ ഇലക്ട്രോണിക് ഉപകരങ്ങള്‍ക്കും ഈ ആനുകൂല്യം ലഭ്യമല്ല. ക്രമേണ കൂടുതല്‍ ഇലക്ട്രോണിക് ഉപകരങ്ങള്‍ പദ്ധതിയുടെ ഭാഗമാവും. ആനൂകൂല്യം ലഭിക്കാന്‍ ഉപഭോക്താക്കള്‍, പദ്ധതിക്ക് കീഴിലുള്ള സര്‍വീസ് സെന്ററുകളില്‍ ഉപകരങ്ങള്‍ നല്‍കിയാല്‍ മതി. 2020ല്‍ പാസാക്കിയ മാലിന്യ വിരുദ്ധ നിയമത്തിന്റെ ഭാഗമാണ് പദ്ധതി. നിലവില്‍ ഫ്രാന്‍സില്‍ കേടാവുന്ന 60 ശതമാനം ഇലക്ട്‌കോണിക് വസ്തുക്കളും ഉപേക്ഷിക്കപ്പെടുകയാണ്. 2027ഓടെ നന്നാക്കപ്പെടുന്ന ഇലക്ട്‌കോണിക് ഉപകരണങ്ങളുടെ എണ്ണം 20 ശതമാനത്തോളം ആയി ഉയര്‍ത്തുകയാണ് ഫ്രാന്‍സിന്റെ ലക്ഷ്യം.

ഇ-വേസ്റ്റ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യ റൈറ്റ് -ടു-റിപ്പയര്‍ നയം പ്രഖ്യാപിച്ചിരുന്നു. ഈ നയത്തിന്റെ ഭാഗമായി വിവിധ ബ്രാന്‍ഡുകളുടെ ഉപകരങ്ങള്‍ നന്നാക്കാന്‍ സഹായിക്കുന്ന ഒരു ഏകീകൃത പോര്‍ട്ടല്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT