ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ ട്രെന്റാണ് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ സൗജന്യങ്ങള്‍ വാരിക്കോരി നല്കി ഭരണം പിടിക്കുകയെന്നത്. അടുത്ത കാലത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെല്ലാം ഈയൊരു മാറ്റം പ്രകടമാണ്. മുമ്പ് തമിഴ്‌നാട്ടില്‍ മാത്രം കണ്ടുവന്നിരുന്ന സൗജന്യ രാഷ്ട്രീയമാണ് ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും പടര്‍ന്നത്.
സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടികള്‍ ഭരണം നിലനിര്‍ത്താന്‍ ഈയൊരു തന്ത്രം കൃത്യമായി നടപ്പിലാക്കി. കര്‍ണാടകയിലും തെലങ്കാനയിലും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്താണ് സിദ്ധരാമയ്യയും രേവന്ത് റെഡ്ഡിയും അധികാരത്തിലേക്ക് നടന്നു കയറിയത്.
ബിഹാറിലും മഹാരാഷ്ട്രയിലും എന്‍ഡിഎ മുന്നണിക്ക് ഭരണത്തുടര്‍ച്ച സമ്മാനിച്ചത് വനിതകളുടെ അക്കൗണ്ടിലേക്ക് പണംകൈമാറുന്ന പദ്ധതിയായിരുന്നു. ഈ സംസ്ഥാനങ്ങളില്‍ ഭരണകക്ഷിക്കാണ് പദ്ധതികളുടെ നേട്ടം ലഭിച്ചത്.
എങ്ങനെയും ഭരണം പിടിക്കുന്നതിനായി ധനസ്ഥിതി മനസിലാക്കാതെ സൗജന്യങ്ങള്‍ വാരിക്കോരി നല്കുന്നത് സംസ്ഥാന ഖജനാവുകളെ ബാധിക്കും. ജനങ്ങളെ കൂടുതല്‍ മടിയന്മാരാകും. ജോലി ചെയ്ത് ജീവിക്കാനുള്ള താല്പര്യം ഇല്ലാതാക്കും. നികുതിപ്പണം തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ല. മറ്റ് അടിസ്ഥാന സൗകര്യവികസന രംഗങ്ങളില്‍ ചെലവഴിക്കല്‍ കുറയ്ക്കും. സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതിയെ തകര്‍ക്കില്ലെന്ന് ഉറപ്പുവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ പ്രത്യാഘാതം ഭയാനകമായിരിക്കും.മേരി ജോര്‍ജ്, സാമ്പത്തിക നിരീക്ഷക
വലിയ വാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലേറി ഇവ പാലിക്കാന്‍ വേണ്ടി കോടികള്‍ കടമെടുത്ത് പ്രതിസന്ധിയിലായ സംസ്ഥാനങ്ങളാണ് ഹിമാചല്‍പ്രദേശും തെലങ്കാനയും. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് ഹിമാചലിലെ സുഖ്‌വീന്ദര്‍ സിംഗ് സുഖു സര്‍ക്കാര്‍ എത്തി. സൗജന്യങ്ങള്‍ പാലിക്കുന്നതില്‍ മാത്രമായി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി താറുമാറാകാന്‍ കാരണമായത്.
മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശമ്പളം വെട്ടിക്കുറച്ചാണ് പ്രതിസന്ധി നേരിടാന്‍ ഹിമാചല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍, ഇതുകൊണ്ടൊന്നും കടുത്ത പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സംസ്ഥാനത്തിന് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സുഖും സ്വന്തം ശമ്പളത്തില്‍ നിന്ന് 50 ശതമാനമാണ് വിട്ടുനല്കിയത്. മറ്റ് മന്ത്രിമാരുടെ ശമ്പളത്തില്‍ 30 ശതമാനവും എംഎല്‍എമാര്‍ അടക്കമുള്ള മറ്റ് രാഷ്ട്രീയ നിയമനങ്ങളില്‍ 20 ശതമാനവും കുറവും വരുത്തിയിട്ടുണ്ട്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ അടക്കം മറ്റ് സുപ്രധാന വകുപ്പുകളിലെ ഉന്നത തസ്തികകളില്‍ ഇരിക്കുന്നവരുടെ ശമ്പളവും വെട്ടിക്കുറച്ചിട്ടുണ്ട്.
വലിയ പ്രതിസന്ധികളിലൂടെയാണ് തെലങ്കാനയും കടന്നുപോകുന്നത്. മാസങ്ങളായി വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ശമ്പളം പോലും വൈകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. വലിയ സൗജന്യങ്ങള്‍ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തികനില അത്ര നല്ല നിലയിലല്ല.
പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കുന്നതിനായി ആദ്യഘട്ടത്തില്‍ മന്ത്രിമാരുടെ ശമ്പളത്തില്‍നിന്ന് 50 ശതമാനം തിരിച്ചുപിടിക്കാനാണ് കഴിഞ്ഞദിവസം മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇതുകൊണ്ടൊന്നും മറികടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പെന്‍ഷന്‍ കുടിശിക. ഇന്ധന സെസ് അടക്കം കൂട്ടി വരുമാനം കൂട്ടാനാണ് രേവന്ത് റെഡ്ഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്ന വിമര്‍ശനവും ശക്തമാണ്.
നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരുടെ പ്രകടനത്തേക്കാള്‍ സൗജന്യങ്ങള്‍ നല്കുന്നത് ആരാണെന്നത് പ്രധാന ഘടകമായി മാറുന്നു. ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് അനുകൂലമാണിത്. പല സര്‍ക്കാരുകളും തിരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസം മുമ്പ് സൗജന്യങ്ങള്‍ പ്രഖ്യാപിച്ച് അത് നടപ്പിലാക്കുന്നു. ഇത് വോട്ടര്‍മാരെ സ്വാധീനിക്കുന്നു. ആനുകൂല്യങ്ങള്‍ നിലയ്ക്കുമെന്ന ഭയത്തില്‍ സൗജന്യങ്ങള്‍ നല്കിയവര്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുന്നു. തെറ്റായ ഈ പ്രവണത സംസ്ഥാനങ്ങളെ സാമ്പത്തികമായി തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഫ്രീബി പൊളിറ്റിക്‌സിന്റെ പ്രത്യാഘാതങ്ങള്‍ നോക്കാം-
സൗജന്യ വൈദ്യുതി, സബ്‌സിഡികള്‍, ക്യാഷ് ട്രാന്‍സ്ഫറുകള്‍ തുടങ്ങിയ ക്ഷേമ പദ്ധതികള്‍ വലിയ തോതില്‍ ചെലവ് വര്‍ധിപ്പിക്കുന്നു. വരുമാന വളര്‍ച്ച അത്ര വേഗത്തില്‍ കൂടുന്നില്ല. ഫലത്തില്‍ സാമ്പത്തികപ്രതിസന്ധി
ഹിമാചല്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ പഴയ കടബാധ്യത തന്നെ വളരെ കൂടുതലാണ്. പുതിയ പദ്ധതികള്‍ക്കായി വീണ്ടും കടം എടുക്കുമ്പോള്‍ പലിശ ചെലവ് തന്നെ വലിയ ഭാരമായി മാറുന്നു. ഇതാണ് ശമ്പളം പോലുള്ള സ്ഥിര ചെലവുകള്‍ക്ക് പണം കിട്ടാതെ പോകാനുള്ള പ്രധാന കാരണം.
പല സംസ്ഥാനങ്ങള്‍ക്കും ടൂറിസം, കേന്ദ്ര സഹായം തുടങ്ങിയവയില്‍ ആശ്രയിക്കേണ്ടി വരുന്നു. വരുമാനം സ്ഥിരമല്ലാത്തത് പ്രശ്‌നം രൂക്ഷമാക്കുന്നു.
അതേസമയം തെലങ്കാനയില്‍ വരുമാനം ഉണ്ടെങ്കിലും, വലിയ ക്യാപിറ്റല്‍ പദ്ധതികളും ക്ഷേമ പദ്ധതികളും ഒരുമിച്ച് നടത്തിയത് സമ്മര്‍ദ്ദം കൂട്ടി.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകളും നികുതി വിഹിതവും ചിലപ്പോള്‍ കുറയുകയോ വൈകുകയോ ചെയ്യാം.
സംസ്ഥാന സര്‍ക്കാരുകളുടെ ചെലവില്‍ വലിയൊരു വിഹിതം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ആണ്. വരുമാനം കുറഞ്ഞാല്‍ ആദ്യം ബാധിക്കുന്നത് ഇവയുടെ വിതരണത്തിലാണ്. അതിനാലാണ് ശമ്പളവിതരണം പോലും വൈകുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine