ഇന്ധന സെസ്, കിഫ്ബിയുടെ ഭാവി, വരുമാന വര്‍ധനവിന് പുതിയ ആസൂത്രണങ്ങള്‍... സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് വി.ഡി സതീശന്‍ സര്‍ക്കാര്‍ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. നികുതിയിതര വരുമാനം വര്‍ധിപ്പിക്കാനാകും താന്‍ കൂടുതല്‍ ശ്രദ്ധയൂന്നുകയെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ സമയത്തെ വിഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. വരുമാനം കണ്ടെത്താന്‍ എന്തൊക്കെ നീക്കങ്ങളാകും ബജറ്റില്‍ പ്രഖ്യാപിക്കുകയെന്ന ആകാംക്ഷയിലാണ് വാണിജ്യലോകം.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അടക്കമുള്ള ജനപ്രിയ പദ്ധതികള്‍ക്കായി പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍, യുവാക്കള്‍ക്കായി തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക തുടങ്ങി ഭാവി മുന്നില്‍ കണ്ടുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചന.
മൂന്നു രൂപയ്ക്ക് അടുത്ത് വരുന്ന ഇന്ധന സെസ് പിന്‍വലിക്കാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടായേക്കും. കുതിച്ചുയര്‍ന്ന പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ഇതു വഴിയൊരുക്കും. സെസ് പിന്‍വലിച്ചേക്കുമെന്ന സൂചന കഴിഞ്ഞദിവസവും മുഖ്യമന്ത്രി നല്കിയിരുന്നു. അതേസമയം, പ്രിയദര്‍ശിനി സൗജന്യ ബസ് സര്‍വീസ് നടപ്പിലാക്കിയതു വഴിയുള്ള അധികചെലവിനൊപ്പം സെസില്‍ നിന്നുള്ള വരുമാനം കൂടി കുറയുന്നത് ഖജനാവിന് സമ്മര്‍ദ്ദമേറ്റും.
സംസ്ഥാനത്തിന് അധിക ചെലവ് വരുത്തിവയ്ക്കുന്ന കിഫ്ബിയെ പൊളിച്ചുപണിയുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ധൂര്‍ത്തും അടുപ്പക്കാരെ വലിയ ശമ്പളം കൊടുത്ത് നിയമിക്കാനുള്ള വേദി മാത്രമാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രിയായ ശേഷവും സതീശന്‍ വിമര്‍ശിച്ചിരുന്നു.
കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ പറയുന്നത്. സംസ്ഥാന വരുമാനത്തിന്റെ 77% ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ നിര്‍ബന്ധിത ചെലവുകള്‍ക്കായി ചെലവാക്കുകയാണ്. കിഫ്ബി വലിയ പ്രതിസന്ധി നേരിടുന്നു. ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താന്‍ രൂപീകരിച്ച കിഫ്ബിയുടെ വായ്പകള്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാല്‍ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂര്‍ണമായും സര്‍ക്കാരിന്റെ മേലാകും. കൂടാതെ കിഫ്ബിക്ക് വായ്പ എടുക്കാന്‍ ഗവണ്‍മെന്റിനേക്കാള്‍ 1 മുതല്‍ 1.5% വരെ കൂടുതല്‍ പലിശ നല്‍കേണ്ടി വരുന്നുണ്ട്. കിഫ്ബിയുടെ പ്രാധാന്യം കുറച്ചുകൊണ്ട് നിലനിര്‍ത്തുന്ന പ്രഖ്യാപനങ്ങളാകും ബജറ്റില്‍ ഉണ്ടാകുക.
ആര്‍ ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വി.ഡി സതീശന്‍.
Read DhanamOnline in English
Subscribe to Dhanam Magazine