Image : Facebook 
News & Views

പതഞ്ജലി മുളകുപൊടി തിരിച്ചുവിളിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഉത്തരവ്; ഓഹരികളില്‍ ഇടിവ്

യോഗ ആചാര്യന്‍ ബാബ രാംദേവ് ദേശീയതയെ കൂട്ടുപിടിച്ച് ആരംഭിച്ച പതഞ്ജലി ഗ്രൂപ്പ് തുടക്കം മുതല്‍ വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്

Dhanam News Desk

ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഫുഡ്‌സ് പുറത്തിറക്കിയ മുളകുപൊടിയുടെ ഒരു ബാച്ച് തിരിച്ചു വിളിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഉത്തരവിട്ടു. 2011ലെ ഭക്ഷ്യ സുരക്ഷയും മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ടതാണ് നടപടിക്ക് കാരണമെന്നാണ് സൂചന.

എഫ്എസ്എസ്എഐയുടെ ഉത്തരവ് കിട്ടിയെന്നും ഈ ബാച്ചില്‍പ്പെട്ട മുളകുപൊടി വിപണിയില്‍ നിന്ന് തിരിച്ചു വിളിക്കുകയാണെന്നും പതജ്ഞജി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉത്പന്നം തിരിച്ചുവിളിക്കേണ്ടി വന്നത് പതഞ്ജലി ഓഹരികളെയും സമ്മര്‍ദത്തിലാക്കി. ഇന്നലെ 1,855.30ല്‍ ക്ലോസ് ചെയ്ത ഓഹരികള്‍ ഇന്ന് രാവിലെ 0.72 ശതമാനം വരെ ഇടിഞ്ഞു.

എഫ്എംസിജി രംഗത്ത് സജീവമായ പതഞ്ജലി ഗ്രൂപ്പിന്റെ സെപ്റ്റംബര്‍ പാദത്തിലെ ലാഭം 309 കോടി രൂപയാണ്. മുന്‍വര്‍ഷം സമാനപാദത്തില്‍ ഇത് 254.53 കോടി രൂപയായിരുന്നു. ആകെ വരുമാനം 7,845.79 കോടിയില്‍ നിന്ന് 8,198.52 കോടിയായി ഉയരുകയും ചെയ്തു.

എന്നും വിവാദങ്ങള്‍ക്കൊപ്പം

യോഗ ആചാര്യന്‍ ബാബ രാംദേവ് ദേശീയതയെ കൂട്ടുപിടിച്ച് ആരംഭിച്ച പതഞ്ജലി ഗ്രൂപ്പ് തുടക്കം മുതല്‍ വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. പല്‍പ്പൊടിയില്‍ മീന്‍പൊടി കണ്ടെത്തിയതിന്റെ പേരില്‍ ഹൈക്കോടതി നോട്ടീസ് ലഭിച്ചതാണ് ഏറ്റവും അവസാനത്തേത്. കോവിഡ് വാക്‌സിനേഷനെതിരേ പതഞ്ജലിയും അതിന്റെ സ്ഥാപകരും നടത്തിയ പ്രചാരണങ്ങളും വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. പത്രങ്ങളില്‍ മാപ്പുപറഞ്ഞ് പരസ്യം നല്‍കിയാണ് കമ്പനി വിവാദങ്ങളില്‍ നിന്ന് തലയൂരിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT