സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനുള്ള സാധ്യതകള്‍ തേടി വി.ഡി സതീശന്‍ സര്‍ക്കാര്‍. ജൂണ്‍ 19നാണ് സംസ്ഥാന ബജറ്റ്. പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ഇന്ധന സെസ് പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബജറ്റില്‍ പ്രഖ്യാപനം നടത്തിയേക്കും.
സാമൂഹ്യ സുരക്ഷ സെസടക്കം മൂന്നു രൂപയാണ് ഓരോ ലിറ്റര്‍ പെട്രോളിലും ഡീസലിലും കേരളത്തില്‍ അധികമായി ഈടാക്കുന്നത്. ഇന്ധന സെസ് പിരിക്കാനുള്ള നീക്കം ഫലപ്രാപ്തിയിലെത്തിയില്ലെന്ന് മുന്‍ സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിരുന്നു.
2023-24 ബജറ്റില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എന്‍ ബാലഗോപാല്‍ ആണ് സാമൂഹ്യ സുരക്ഷ സെസ് പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്താനായിരുന്നു സെസ് ഏര്‍പ്പെടുത്തിയത്.
ഈ സെസ് മൂലം സംസ്ഥാനത്ത് ഇന്ധനവില്പനയില്‍ കുറവുണ്ടായെന്നാണ് കണ്ടെത്തല്‍. വില കുറയ്ക്കുന്നതു വഴി വില്പന കൂട്ടാമെന്നും ഉപയോക്താക്കളുടെ അധികഭാരം ലഘൂകരിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
അയല്‍സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ഇന്ധന വില്പനയില്‍ വന്‍ ഇടിവാണ് സമീപകാലത്ത് രേഖപ്പെടുത്തുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കേരളത്തേക്കാള്‍ ഇന്ധനവില കുറവാണ്. അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പോലും പുറത്തുനിന്നാണ് ഡീസല്‍ നിറയ്ക്കുന്നത്. ഇതുമൂലം സംസ്ഥാനത്ത് ഇന്ധന വില്പനയില്‍ വലിയതോതില്‍ ഇടിവുണ്ടായിട്ടുണ്ട്.
2022-23 സാമ്പത്തികവര്‍ഷം 11,827.4 കോടി രൂപയായിരുന്നു സംസ്ഥാനത്തെ ഇന്ധനികുതിയില്‍ നിന്നുള്ള വരുമാനം. 2023-24 സാമ്പത്തികവര്‍ഷം ഇത് 12,126.12 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ 2024-25 സാമ്പത്തികവര്‍ഷം ഇത് 9,105.3 കോടി രൂപയായി താഴ്ന്നു.
ഇന്ധന വിലയില്‍ കുറവു വരുത്തുന്നതിലൂടെ വില്പന കൂട്ടി നികുതി നഷ്ടം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന് ഉപദേശം ലഭിച്ചിരിക്കുന്നത്. ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനമായി ഇന്ധന വിലകുറയ്ക്കാനാണ് സാധ്യത.
Read DhanamOnline in English
Subscribe to Dhanam Magazine