News & Views

ഒരു ലിറ്റര്‍ പെട്രോള്‍ വിറ്റാല്‍ നഷ്ടം ₹18, ഡീസലില്‍ ₹35, എണ്ണക്കമ്പനികള്‍ക്ക് ഒരുദിവസം ചോരുന്നത് ₹2,400 കോടി വരെ; റഷ്യന്‍ ഇളവ് പിന്‍വലിക്കാന്‍ യുഎസ്

ജനുവരി-മാര്‍ച്ച് പാദത്തില്‍ എണ്ണക്കമ്പനികളെല്ലാം വലിയ നഷ്ടം രേഖപ്പെടുത്താനാണ് സാധ്യതയെന്ന് വിപണി പറയുന്നു.

Dhanam News Desk

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുവദിച്ചിരുന്ന 30 ദിവസത്തെ ഇളവ് പുതുക്കില്ലെന്ന് യുഎസ്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണലഭ്യത കുറയുകയും വില വര്‍ധിക്കുകയും ചെയ്തപ്പോഴാണ് യുഎസ് ഉപരോധത്തില്‍ ഇളവ് വന്നത്. ഈ അവസരം പ്രയോജനപ്പെടുത്തിയ ഇന്ത്യ എണ്ണ ഇറക്കുമതി പരമാവധിയിലേക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു.

റഷ്യ കിട്ടിയ അവസരം മുതലാക്കി എണ്ണവില്പനയിലൂടെ വലിയതോതില്‍ പണം വാരിക്കൂട്ടുകയാണെന്നും ഇളവ് തുടര്‍ന്നാല്‍ യുക്രെയ്‌നെതിരായ യുദ്ധത്തില്‍ ഈ പണം തുടര്‍ന്നും ഉപയോഗിക്കുമെന്നും അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി. നിലവില്‍ കടലിലെത്തിയ കപ്പലുകളിലെ എണ്ണയ്ക്കാണ് ഇളവുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണ ലഭ്യമാക്കാന്‍ ഒരുക്കമാണെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. യുഎസില്‍ ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുമെന്നാണ് പ്രതീക്ഷയെന്നും സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി. കഴിഞ്ഞ മാസം ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങല്‍ മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു.

പെട്രോളിന് 18 രൂപ, ഡീസല്‍ 35 രൂപ നഷ്ടം

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയില്‍ വില കുത്തനെ ഉയര്‍ന്നതുമൂലം കനത്ത നഷ്ടമാണ് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ നേരിടുന്നത്. വില കൂട്ടാത്തത് മൂലം പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും ലിറ്ററില്‍ നേരിടുന്നുണ്ട്. ക്രൂഡ് വില 100 ഡോളര്‍ പിന്നിട്ടിട്ടും ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല. ഇതാണ് എണ്ണക്കമ്പനികളുടെ നഷ്ടം വര്‍ധിപ്പിച്ചത്.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ എണ്ണവില 100 ഡോളര്‍ പിന്നിട്ടശേഷം 70കളിലായിരുന്നു ക്രൂഡ് വില. ഇതുകാരണം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് തുടങ്ങിയ പൊതുമേഖല കമ്പനികള്‍ 2022 ഏപ്രിലിന് ശേഷം എണ്ണവില വര്‍ധിപ്പിച്ചിട്ടില്ല.

എണ്ണവില 85 ഡോളറില്‍ താഴാത്ത പക്ഷം എണ്ണവില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതാണ് ഇന്ധനവില കൂട്ടാതിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം ഇന്ധനവില കൂടാന്‍ ഇടയുണ്ടെന്നാണ് സൂചന.

എണ്ണക്കമ്പനികള്‍ കഴിഞ്ഞമാസം പ്രതിസന്ധി മൂര്‍ച്ഛിച്ച സമയത്ത് ഒരുദിവസത്തെ നഷ്ടം 2,400 കോടി രൂപയായിരുന്നു. സ്ഥിതി മെച്ചപ്പെട്ട ശേഷം പ്രതിദിന നഷ്ടം 1,600 കോടി രൂപയിലേക്ക് താഴ്ന്നു. എങ്കിലും എണ്ണക്കമ്പനികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജനുവരി-മാര്‍ച്ച് പാദത്തില്‍ എണ്ണക്കമ്പനികളെല്ലാം വലിയ നഷ്ടം രേഖപ്പെടുത്താനാണ് സാധ്യതയെന്ന് വിപണി പറയുന്നു.

നിലവില്‍ ആഗോള എണ്ണവില 100 ഡോളറില്‍ താഴെയാണ്. ബ്രെന്റ് ക്രൂഡ് വില 94 ഡോളറും മര്‍ബന്‍ ക്രൂഡ് ബാരലിന് 99 ഡോളറുമാണ്. ഹോര്‍മൂസ് കടലിടുക്കില്‍ പ്രതിസന്ധി ശക്തമായാല്‍ വില ഇനിയും ഉയര്‍ന്നേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT