News & Views

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ വികസന പദ്ധതിയുമായി ജി ടെക്

സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥികളുടെ സ്‌കില്‍ കൂട്ടാന്‍ ഉപകരിക്കുന്ന പദ്ധതി

Dhanam News Desk

എപിജെ അബ്ദുല്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ജി ടെക് അക്കാഡമിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് കേരളത്തിലെ എന്‍ജിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്കായി നൈപുണ്യ വികസന പദ്ധതി നടപ്പാക്കുന്നു. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ 'ഇന്‍ഡസ്ട്രി റെഡി' ആക്കുന്നതിനുള്ള ചട്ടകൂടാണ് ജിടെക് എടിഎഫ്ജി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയാണ് ജിടെക്ക്. ജിടെക്കില്‍ നിന്നുള്ള ഒരു സംഘം വിദഗ്ധരാണ് അക്കാഡമിയ ആന്‍ഡ് ടെക്‌നോളജി ഫോക്കസ് ഗ്രൂപ്പിലുള്ളത്.

കേരളത്തിലെ വ്യവസായം, സ്റ്റാര്‍ട്ടപ്പ്, ആര്‍ ആന്‍ഡ് ഡി രംഗത്തെ പരിതസ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കപ്പെടുന്നത്. മൈക്രോ ലേണിംഗ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അതിലൂടെ കുട്ടികള്‍ക്ക് പുതിയ ടെക്‌നോളജികളെ കുറിച്ചുള്ള അറിവ് നല്‍കുന്നതിനൊപ്പം നൈപുണ്യ വികസനവുമാണ് ലക്ഷ്യമിടുന്നത്. അതത് മേഖലയിലെ വിദഗ്ധരായ മെന്റര്‍മാരുടെ നേതൃത്വത്തിലാണ് ഇവ നടത്തുന്നത്.

ജെന്‍സ്‌കില്‍ എന്ന 12 ആഴ്ച നീളുന്ന നൈപുണ്യ വികസന പദ്ധതി ജിടെക്കുമായി സഹകരിക്കുന്ന കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തും. വിദ്യാര്‍ത്ഥികളെയും കോളെജുകളും കമ്പനികളെയും ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്ന പദ്ധതിയാണ് ജെന്‍സ്‌കില്‍. എന്‍ജിനീയറിംഗ് വിദ്യാഭ്യാസ രംഗത്തെ എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന സംവിധാനമാണിത്. വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി മെച്ചപ്പെടുത്താന്‍ എന്‍ജിനീയറിംഗ് കോളെജുകള്‍ക്ക് ഇതിലൂടെ സാധിക്കും. പ്ലേസ്‌മെന്റ് പ്രോസസ് മെച്ചപ്പെടുത്താനും ജെന്‍സ്‌കില്‍ സഹായിക്കും.

കെ ടി യു വൈസ് ചാന്‍സലര്‍ ഡോ. രാജശ്രി എം എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജി ടെക് ചെയര്‍മാന്‍ സുനില്‍ ജോസ്, സെക്രട്ടറി ബിനു ജേക്കബ്, വൈസ് ചെയര്‍മാന്‍ ദിനേഷ് തമ്പി എന്നിവര്‍ സംസാരിച്ചു. ജെന്‍സ്‌കില്‍ കോഴ്‌സിനെ കുറിച്ച് ജെന്‍സ്‌കില്‍ സിഇഒയും സഹസ്ഥാപകനുമായ ആസിഫ്, ചീഫ് മെന്ററും സഹസ്ഥാപകനുമായ നൗഫല്‍ ഇബ്രാഹിം എന്നിവര്‍ വിശദീകരിച്ചു. ജിടെക് എടിഎഫ്ജി കണ്‍വീനര്‍ ദീപു എസ് നാഥ് മോഡറേറ്ററായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT