News & Views

ചൈനീസ് റോബോട്ട് നായയെ അടിച്ചുമാറ്റി ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി; എഐ സമ്മിറ്റില്‍ സംഘാടകരുടെ 'ശുദ്ധികലശം'

സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഇത് ചൈനീസ് കമ്പനിയുടെ ഉത്പന്നമാണെന്ന് പലരും തെളിവുസഹിതം വ്യക്തമാക്കി

Dhanam News Desk

ദക്ഷിണേഷ്യ ആദ്യമായി സാക്ഷ്യംവഹിക്കുന്ന വന്‍ എഐ സമ്മിറ്റില്‍ രാജ്യത്തിന് നാണക്കേടായി ചൈനീസ് റോബോട്ട്. ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റില്‍ ഗല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയാണ് ചൈനീസ് റോബോട്ടിനെ തങ്ങളുടേതാക്കി അവതരിപ്പിച്ച് വിമര്‍ശനം നേരിട്ടത്. സംഭവം വലിയതോതില്‍ വിവാദമായതോടെ യൂണിവേഴ്‌സിറ്റിയോട് എക്‌സ്‌പോ സ്റ്റാള്‍ ഒഴിയാന്‍ സംഘാടകര്‍ നിര്‍ദ്ദേശം നല്കി.

ഓറിയോണ്‍ എന്ന പേരിലാണ് ഗല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റി ഒരു റോബോട്ട് നായയെ അവതരിപ്പിച്ചത്. ഇത് വലിയ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തു. തങ്ങളുടെ ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്തതാണ് ഈ റോബോട്ടെന്ന് യൂണിവേഴ്‌സിറ്റി അവകാശപ്പെട്ടു. സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഇത് ചൈനീസ് കമ്പനിയുടെ ഉത്പന്നമാണെന്ന് പലരും തെളിവുസഹിതം വ്യക്തമാക്കി.

ചൈനീസ് കമ്പനിയായ യൂണിട്രീ (unitree) നിര്‍മിച്ച ഈ റോബോട്ട് മൂന്നു ലക്ഷം രൂപ നല്കിയാല്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ സാധിക്കും. വസ്തുത ഇതായിരിക്കെ റോബോട്ടിനെ തങ്ങളുടേതാക്കി അവതരിപ്പിച്ച യൂണിവേഴ്‌സിറ്റിക്കെതിരേ വലിയ രോഷമാണ് ഉയരുന്നത്.

മലക്കംമറിഞ്ഞ് യൂണിവേഴ്‌സിറ്റി

വിവാദം കനത്തതോടെ വിശദീകരണവുമായി യൂണിവേഴ്‌സിറ്റി രംഗത്തെത്തി. റോബോട്ടിനെ തങ്ങള്‍ നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കാന്‍ കൊണ്ടുവന്നതാണെന്നുമാണ് അവരുടെ വിശദീകരണം. എന്നാല്‍ വിവിധ ടിവി ചാനലുകള്‍ക്ക് നല്കിയ അഭിമുഖങ്ങളില്‍ അധ്യാപകര്‍ റോബോട്ടിനെക്കുറിച്ച് പറഞ്ഞ അവകാശവാദങ്ങള്‍ യൂണിവേഴ്‌സിറ്റിക്ക് തിരിച്ചടിയാകുകയും ചെയ്തു.

വിദ്യാര്‍ഥികള്‍ക്ക് മികച്ച അറിവ് നല്‍കുന്നതിനായി അമേരിക്ക, ചൈന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആധുനിക സാങ്കേതികവിദ്യകള്‍ തങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഈ പ്രത്യേക റോബോട്ട് തങ്ങള്‍ നിര്‍മിച്ചതല്ലെങ്കിലും, ഭാവിയില്‍ സമാനമായ സാങ്കേതികവിദ്യകള്‍ സ്വന്തമായി നിര്‍മിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് യൂണിവേഴ്‌സിറ്റി പറയുന്നു.

പ്രഗത്ഭരുടെ നീണ്ടനിര

ഫ്രാന്‍സില്‍ നിന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ, സ്പെയിന്‍ പ്രസിഡന്റ് പെഡ്രോ സാഞ്ചസ് എന്നിവര്‍ അതിഥികളായി എത്തുന്നുണ്ട്.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, ഓപ്പണ്‍ എ.ഐ സിഇഒ സാം ആള്‍ട്ട്മാന്‍, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് എന്നിവരും ഉച്ചകോടിയുടെ ശ്രദ്ധാകേന്ദ്രമാകും. അഞ്ച് ദിവസങ്ങളിലായി 500ലധികം സെഷനുകള്‍ ഉച്ചകോടിയുടെ ഭാഗമായി നടക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT