News & Views

അദാനി പോര്‍ട്‌സില്‍ സുപ്രധാന തലമുറമാറ്റം! പടിയിറക്കം പ്രഖ്യാപിച്ച് ഗൗതം അദാനി, പാദഫലം അനുകൂലമായിട്ടും ഓഹരികളില്‍ ഇടിവ്

രാജ്യത്തെ കാര്‍ഗോ മാര്‍ക്കറ്റില്‍ 27.8 ശതമാനവും കണ്ടെയ്‌നര്‍ നീക്കത്തില്‍ 45.2 ശതമാനവും വിപണിവിഹിതം അദാനി പോര്‍ട്‌സിനാണ്.

Dhanam News Desk

അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (APSEZ) എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഗൗതം അദാനി പടിയിറങ്ങി. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ സമര്‍പ്പിച്ച രേഖകളിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുടെ സുപ്രധാന മാനേജീരിയല്‍ പോസ്റ്റില്‍ നിന്ന് ഇന്നുമുതല്‍ (ഓഗസ്റ്റ് 5) ഒഴിവാകുന്നതായിട്ടാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മനീഷ് കെജരിവാളിനെ അഡീഷണല്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി കമ്പനി മൂന്നുവര്‍ഷത്തേക്ക് നിയമിക്കുകയും ചെയ്തു. ഗൗതം അദാനിയുടെ പടിയിറക്കം അദാനി പോര്‍ട്‌സ് ഓഹരികളില്‍ രണ്ടു ശതമാനത്തിന് മുകളില്‍ ഇടിവിന് കാരണമായി. ജൂണ്‍ പാദ ഫലങ്ങളില്‍ മികച്ച വളര്‍ച്ച നേടിയിട്ടും തലപ്പത്തെ മാറ്റമാണ് ഓഹരിക്ക് തിരിച്ചടിയായത്.

വിഴിഞ്ഞവും പ്രതിഫലിച്ചു, വരുമാനവും ലാഭവും കൂടി

മുന്‍വര്‍ഷം ജൂണ്‍ പാദത്തേക്കാള്‍ വരുമാനത്തില്‍ 6.48 ശതമാനമാണ് കമ്പനിയുടെ ലാഭം ഉയര്‍ന്നത്. 3,112.83 കോടി രൂപയില്‍ നിന്ന് 3,314.59 കോടി രൂപയായി ലാഭം വര്‍ധിച്ചു. വരുമാനത്തില്‍ 31.19 ശതമാനമാണ് കൂടിയത്. ഈ പാദത്തില്‍ 9,126.14 കോടി രൂപയാണ് വരുമാനം. മുന്‍ വര്‍ഷം സമാനപാദത്തിലിത് 6,956.32 കോടി രൂപയായിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ നിന്നുള്ള വിഹിതവും വരുമാനം കൂടുന്നതിന് വഴിയൊരുക്കി.

രാജ്യത്തെ കാര്‍ഗോ മാര്‍ക്കറ്റില്‍ 27.8 ശതമാനവും കണ്ടെയ്‌നര്‍ നീക്കത്തില്‍ 45.2 ശതമാനവും വിപണിവിഹിതം അദാനി പോര്‍ട്‌സിനാണ്. ഓസ്‌ട്രേലിയയിലെ NQXT തുറമുഖം, കൊളംബോ വെസ്റ്റ് ഇന്റര്‍നാഷണല്‍ തുറമുഖം എന്നിവയെല്ലാം അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തിലാണ്. അടുത്തിടെയാണ് ഈ തുറമുഖങ്ങള്‍ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

രാജ്യത്തെ തുറമുഖങ്ങളില്‍ നിന്നുള്ള ചരക്കു നീക്കത്തിന്റെ 28 ശതമാനവും അദാനി പോര്‍ട്‌സ് വഴിയാണ്. വിഴിഞ്ഞം അടക്കം ചെറുതും വലുതുമായ 15 തുറമുഖങ്ങളില്‍ അദാനി പോര്‍ട്‌സിന് പങ്കാളിത്തമുണ്ട്.

Gautam Adani steps down as Adani Ports chairman; stock dips despite strong quarterly results and new leadership appointment

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT