Gulf tourism  image Credit : canva
News & Views

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏകീകൃത ടൂറിസ്റ്റ് വിസ; ഒരു വിസയില്‍ എല്ലാ രാജ്യങ്ങളിലുമെത്താം; കരട് നിയമം അന്തിമഘട്ടത്തില്‍

ടൂറിസം ഡാറ്റകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ പരസ്പരം കൈമാറും; ഈ വര്‍ഷത്തെ ടൂറിസം തലസ്ഥാനമാകാന്‍ അല്‍ ഐന്‍

Dhanam News Desk

വിനോദ സഞ്ചാരികള്‍ക്ക് ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സഹായകമാകുന്ന ഏകീകൃത ടൂറിസ്റ്റ് വിസയുടെ കരട് നിയമം അന്തിമഘട്ടത്തില്‍. ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികള്‍ ചേര്‍ന്നാണ് ഇത്തരമൊരു വിസ സംവിധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. കുവൈത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തിലും നിയമം നടപ്പാക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. ഏകീകൃത വിസ ഏറെ വൈകാതെ നിലവില്‍ വരുമെന്ന് യോഗത്തിന് ശേഷം യുഎഇ സാമ്പത്തിക കാര്യമന്ത്രിയും ടൂറിസം കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി വ്യക്തമാക്കി. ഏകീകൃത വിസയിലൂടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും സന്ദര്‍ശകര്‍ എത്തുമെന്നും തങ്ങുന്ന സമയം വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂറിസം ഡാറ്റകള്‍ കൈമാറും

എണ്ണ ഇതര വരുമാനങ്ങളില്‍ ശ്രദ്ധയൂന്നുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ടൂറിസം വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാരുകള്‍ എടുത്തു വരുന്നത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കൂടുതല്‍ ടൂറിസ്റ്റുകളെ എത്തിക്കാനുള്ള പരസ്പര സഹകരണ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ടൂറിസം രംഗത്തെ ഡാറ്റകള്‍ പരസ്പരം കൈമാറാന്‍ ധാരണയായിട്ടുണ്ട്. ഓരോ രാജ്യങ്ങളിലെയും ടൂറിസം മികവ്, ദൗര്‍ബല്യം എന്നിവ തിരിച്ചറിഞ്ഞ് വികസനം ആസൂത്രണം ചെയ്യുന്നതിനാണ് ഈ സഹകരണം. ആഗോള തലത്തില്‍ ഗള്‍ഫിലെ ടൂറിസം കേന്ദ്രങ്ങളെ അവതരിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രി പറഞ്ഞു.

ടൂറിസം തലസ്ഥാനമാകാന്‍ അല്‍ ഐന്‍

ഈ വര്‍ഷം ജിസിസി രാജ്യങ്ങളുടെ ടൂറിസം തലസ്ഥാനമായി യുഎഇയിലെ അല്‍ ഐനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ വര്‍ഷവും ഓരോ ജിസിസി നഗരങ്ങളെയാണ് തലസ്ഥാനമായി പരിഗണിക്കുന്നത്. ഇത്തവണ അല്‍ ഐനില്‍ കൂടുതല്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കും. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ അല്‍ ഐന് വേണ്ടി പ്രൊമോഷനുകള്‍ നടക്കും. കഴിഞ്ഞ വര്‍ഷം മനാമയായിരുന്നു ഗള്‍ഫിന്റെ ടൂറിസം തലസ്ഥാനം.

കോവിഡ് കാലത്തിന് ശേഷം ജിസിസി രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. 2019 നും 2023 നും ഇടയില്‍ 42.8 ശതമാനമാണ് വര്‍ധന. ഈ കാലയളവില്‍ ജിസിസി രാജ്യങ്ങളുടെ അന്താരാഷ്ട്ര ടൂറിസം വരുമാനം 28.2 ശതമാനം ഉയര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT