ജി.സി.സി അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ സുഗമമായ യാത്ര സാധ്യമാക്കുന്ന വണ്‍ സ്‌റ്റോപ്പ് യാത്രാ സംവിധാനത്തിന് തുടക്കം. പരീക്ഷണാടിസ്ഥാനത്തില്‍ യു.എ.ഇക്കും ബഹ്‌റൈനിനും ഇടയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനയാത്ര ചെയ്യുന്നവര്‍ക്ക് അടുത്ത മാസം മുതല്‍ സേവനം ഉപയോഗിക്കാം. പദ്ധതി പൂര്‍ണമായും നടപ്പിലാക്കുന്നതോടെ ഒരു രാജ്യത്തിനുള്ളിലെ വിവിധ നഗരങ്ങളില്‍ യാത്ര ചെയ്യുന്ന ലാഘവത്തോടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാന്‍ കഴിയും. യൂറോപ്പിലെ ഷെന്‍ഗന്‍ (Schengen) മാതൃകയില്‍ ജി.സി.സി ടൂറിസ്റ്റ് വിസ കൊണ്ടുവരുന്നതിന്റെ ഭാഗമാണിത്.
ജി.സി.സി രാജ്യങ്ങളുടെ സംയുക്ത പരിശോധന സംവിധാനമാണിത്. യോഗ്യരായ യാത്രക്കാരുടെ സുരക്ഷാ, ഇമിഗ്രേഷന്‍ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാനാണിത്. യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ തന്നെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും. ചെന്നിറങ്ങുന്ന സ്ഥലത്ത് നിന്ന് ആഭ്യന്തര വിമാനത്താവളത്തിലേത് പോലെ പുറത്തിറങ്ങാം. അതായത് ദുബായ് വിമാനത്താവളത്തില്‍ പരിശോധന പൂര്‍ത്തിയാക്കുന്ന യാത്രക്കാരന് ദോഹയിലെത്തുമ്പോള്‍ ലഗേജ് ശേഖരിച്ച് പരിശോധനകള്‍ കൂടാതെ വേഗത്തില്‍ പുറത്തിറങ്ങാം.
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രവാസികള്‍ക്ക് ഈ സേവനം ലഭിക്കില്ല. യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹറൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ സ്വദേശികള്‍ക്ക് മാത്രമാണ് അവസരം. അടുത്ത ഘട്ടങ്ങളില്‍ കൂടുതല്‍ പേരിലേക്ക് സേവനം വ്യാപിപ്പിക്കുമോ എന്ന കാര്യത്തിലും അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല.
എന്നാല്‍ വിദേശികള്‍ക്കും സമാനമായ രീതിയില്‍ യാത്ര ചെയ്യാനാവുന്ന മറ്റൊരു പദ്ധതി നടപ്പിലാക്കാനും ജി.സി.സി രാജ്യങ്ങള്‍ ഒരുങ്ങുന്നുണ്ട്. ഒരൊറ്റ യാത്രാ പെര്‍മിറ്റ് സ്വന്തമാക്കിയാല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാവുന്ന ജി.സി.സി ടൂറിസ്റ്റ് വിസയാണിത്. അധികം വൈകാതെ തന്നെ ഈ പദ്ധതിയും നടപ്പിലാക്കുമെന്നാണ് വിവരം. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന വണ്‍ സ്റ്റോപ്പ് പദ്ധതി ഇതില്‍ നിന്ന് വ്യത്യസ്തമാണ്. പൗരന്മാര്‍ക്ക് ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ പരിശോധനകളില്ലാതെ യാത്ര ചെയ്യാവുന്ന സംവിധാനമാണ് വണ്‍ സ്‌റ്റോപ്പ്. സംയുക്ത പരിശോധനാ കേന്ദ്രങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine