അടിസ്ഥാന ഘടകങ്ങള്‍ അനുകൂലമായതിനാല്‍ 2026-27 സാമ്പത്തികവര്‍ഷം ഇന്ത്യയ്ക്ക് ശുഭവര്‍ഷമായിരിക്കുമെന്ന് ആക്‌സിസ് ബാങ്ക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി 7.5 ശതമാനത്തിനടുത്ത് വളരും.
പണപ്പെരുപ്പം താഴ്ന്നു തന്നെ നില്ക്കുമെന്നും അടിസ്ഥാനപരമായ സാമ്പത്തിക പരിഷ്‌കരണങ്ങളും ഉയര്‍ന്ന മൂലധന ലഭ്യതയും കുറഞ്ഞ പലിശ ചെലവുകളും ഇന്ത്യയുടെ വളര്‍ച്ചയെ മുന്നോട്ടു നയിക്കുമെന്നും ആക്‌സിസ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റും ഗ്ലോബല്‍ റിസര്‍ച്ച് തലവനുമായ നീല്‍കാന്ത് മിശ്ര പറഞ്ഞു.
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ട്രെന്റ് അടുത്ത സാമ്പത്തിക വര്‍ഷത്തിലും തുടരാമെന്ന് ആക്‌സിസ് ബാങ്ക് റിപ്പോര്‍ട്ട് അടിവരയിടുന്നു. മൂലധന ലഭ്യത കൂടിയതും അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ തുക ചെലവഴിക്കുന്നതും വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്ന ഘടകങ്ങളാണ്.
2026-27 സാമ്പത്തികവര്‍ഷം പണപ്പെരുപ്പം 4 ശതമാനത്തില്‍ നില്ക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മൂലധന ലഭ്യതയില്‍ ഇപ്പോഴുള്ള കുതിച്ചുചാട്ടം അടുത്ത പാദങ്ങളില്‍ ഉണ്ടായേക്കില്ലെന്ന സൂചനയും റിപ്പോര്‍ട്ടില്‍ പറയുന്നു.
കടുത്ത നടപടി സ്വീകരിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്ന തരത്തില്‍ പണപ്പെരുപ്പം ഉയര്‍ന്നേക്കില്ല. പണപ്പെരുപ്പം കഴിഞ്ഞ 18 മാസമായി ഏകദേശം 3% നിലയില്‍ സ്ഥിരമായി തുടരുകയാണ്. ഇത് സമ്പദ്വ്യവസ്ഥയില്‍ തുടര്‍ച്ചയായ മാന്ദ്യത്തെ സൂചിപ്പിക്കുന്നുവെന്നും മിശ്ര വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്ക് നിലവിലെ ധനനയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും, മറ്റ് ആഗോള എതിരാളികളേക്കാള്‍ വേഗത്തില്‍ വിപണി പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളരുമെന്നും ആക്സിസ് ബാങ്ക് റിപ്പോര്‍ട്ട് പ്രതീക്ഷ വയ്ക്കുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയില്‍ ചെറിയ കയറ്റമുണ്ടാകുമെങ്കിലും നിയന്ത്രണവിധേയമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine