കേരളത്തിന്റെ അടുത്തഘട്ട വികസനത്തിന് കൂടുതല്‍ പങ്കാളിത്ത വികസന മാതൃകകള്‍ ആവശ്യമാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ്. ആളുകള്‍ക്ക് താമസിക്കാനും ജോലി ചെയ്യാനും ഭാവി തലമുറയെ വളര്‍ത്താനും ആഗ്രഹിക്കുന്ന മികച്ച കേന്ദ്രമായി കേരളം മാറുന്നതിന് അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്‌നോപാര്‍ക്കിന്റെ ആസ്പയര്‍: സ്റ്റോറീസ് ഓഫ് ഇന്നവേഷന്‍' എന്ന വോഡ്കാസ്റ്റ് പരമ്പരയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയോജിത വികസന മാതൃകയ്ക്കായി എല്ലാ മേഖലകളിലുള്ളവര്‍ക്കും ഒത്തുചേരാനും ആശയങ്ങള്‍ പങ്കുവെക്കാനും സാധിക്കുന്നയിടങ്ങള്‍ കേരളം രൂപീകരിക്കണമെന്ന് ജോര്‍ജ് എം. ജോര്‍ജ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മിക്ക സാമൂഹിക, വികസന സൂചികകളിലും കേരളം മുന്നിലാണ്. ഈ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തുല്യമാണ് കേരളത്തിന്റെ സ്ഥാനം. എന്നാല്‍ അടുത്ത ഘട്ടമെന്ന നിലയില്‍ വിവിധ ആവാസവ്യവസ്ഥകളിലെ പങ്കാളികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന സംയോജിത വികസന പങ്കാളിത്ത മാതൃക ആവശ്യമാണ്.
സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ടെക്‌നോപാര്‍ക്കിന് കൂടുതല്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് പോലുള്ള പദ്ധതികളിലൂടെ ശക്തമായ ഒരു സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ നാം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ യുവ പ്രതിഭകളെ ആകര്‍ഷിക്കുന്ന ടെക്‌നോപാര്‍ക്ക് പോലുള്ള ഇടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ജോര്‍ജ് എം. ജോര്‍ജ് പറഞ്ഞു.
സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ മാറിയ ആശയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാല പദ്ധതികളായി കോര്‍പ്പറേറ്റുകള്‍ പ്ലാന്‍ ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ ഗുണഭോക്താക്കളുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം നിരന്തരം വിലയിരുത്തേണ്ടതും പ്രധാനമാണെന്നും ജോര്‍ജ് എം. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine