അന്താരാഷ്ട്ര നാണയധിനിയുടെ (ഐ.എം.എഫ്) ഡെപ്യൂട്ടി മാനേജര്‍ സ്ഥാനത്തു നിന്ന് ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു. മലയാളി വേരുകളുള്ള ഗീതാ ഗോപിനാഥ് നിലവില്‍ യു.എസ് പൗരയാണ്. 2016-18 കാലയളവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു അവര്‍. കണ്ണൂര്‍ സ്വദേശികളുടെ മകളായി കൊല്‍ക്കത്തയിലാണ് ഗീതാ ഗോപിനാഥ് ജനിച്ചത്.
2019ല്‍ ചീഫ് എക്കണോമിസ്റ്റ് എന്ന റോളിലാണ് അവര്‍ ഐ.എം.എഫില്‍ എത്തുന്നത്. ഈ സ്ഥാനത്തെത്തിയ ആദ്യ വനിതയെന്ന നേട്ടവും ഗീതയ്ക്കായിരുന്നു. 2022ലാണ് ഡെപ്യൂട്ടി മാനേജരായി സ്ഥാനക്കയറ്റം നേടുന്നത്.
സ്ഥാനമൊഴിയാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് പടിയിറക്കം. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഐ.എം.എഫും തമ്മിലുള്ള ശീതയുദ്ധം തുടരുന്നതും ഗീതയുടെ പടിയിറക്കത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.
ഓഗസ്റ്റ് മുതല്‍ ഐ.എം.എഫില്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ ഗീതയുടെ അടുത്ത ദൗത്യം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ്. മുമ്പ് അധ്യാപികയായി ജോലി ചെയ്തിരുന്ന സ്ഥലത്തേക്ക് തന്നെ ഗീത തിരിച്ചെത്തുന്നതായി വിജ്ഞാപനത്തിലൂടെ യൂണിവേഴ്‌സിറ്റി അറിയിച്ചിട്ടുണ്ട്.
പുതിയ ഫസ്റ്റ് ഡെപ്യൂട്ടി മാനേജറെ അധികം വൈകാതെ പ്രഖ്യാപിക്കുമെന്ന് ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും ട്രംപ് ഭരണകൂടവും തമ്മില്‍ ആശയസംഘര്‍ഷത്തിനിടയാണ് ഗീതയുടെ അവിടേക്കുള്ള പോക്കെന്നതും ശ്രദ്ധേയമാണ്.
അടുത്ത ഫസ്റ്റ് ഡെപ്യൂട്ടി മാനേജറെ നിര്‍ദ്ദേശിക്കാനുള്ള അവകാശം യു.എസിനാണ്. ഐ.എം.എഫില്‍ നിന്ന് പിന്മാറുമെന്ന് ഉള്‍പ്പെടെ ഭീഷണികള്‍ മുഴക്കിയ ട്രംപിന് താല്പര്യമുള്ളയാളെ ഈ റോളിലേക്ക് കൊണ്ടുവരാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine