മാലിന്യമായി ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് കൈത്തറി തുണിയും ലൈഫ്സ്‌റ്റൈല്‍ ഉല്‍പന്നങ്ങളും നിര്‍മിക്കുന്ന സംരംഭക ആശയത്തിന് കൊച്ചിയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. തിരുവാണിയൂരിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പാര്‍വതി നീലീയത്ത് ഒതയോത്ത്, സരസ്വതി നീലീയത്ത് ഒതയോത്ത് എന്നിവരാണ് കിഡ്‌സ്എംബിഎ (KidsMBA) സംഘടിപ്പിച്ച അന്താരാഷ്ട്ര Future Entrepreneur of the Year 2026 മത്സരത്തിലെ ഓവറോള്‍ വിജയികളായത്.
വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച UpWeave എന്ന സുസ്ഥിര സംരംഭക ആശയമാണ് അന്താരാഷ്ട്ര ജൂറിയുടെ അംഗീകാരം നേടിയത്. വിജയികള്‍ക്ക് സംരംഭം വികസിപ്പിക്കുന്നതിനായി 1,000 ഡോളര്‍ സീഡ് ഫണ്ടിംഗും ലഭിക്കും.
പ്ലാസ്റ്റിക് റാപ്പറുകള്‍, ക്യാരി ബാഗുകള്‍, മള്‍ട്ടി-ലെയര്‍ പാക്കേജിംഗ് തുടങ്ങിയ മാലിന്യങ്ങള്‍ സംസ്‌കരിച്ച് നൂലാക്കി മാറ്റി പരമ്പരാഗത കൈത്തറികളില്‍ നെയ്‌തെടുത്താണ് UpWeave ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത്. ടോട്ട് ബാഗുകള്‍, ലാപ്ടോപ്പ് സ്ലീവുകള്‍, ബാക്ക്പാക്കുകള്‍, പൗച്ചുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിന് പുതിയ മൂല്യം കണ്ടെത്തുന്നതിനൊപ്പം പരമ്പരാഗത കരകൗശല തൊഴിലാളികള്‍ക്ക് വരുമാനാവസരം സൃഷ്ടിക്കുകയെന്ന സാമൂഹിക ലക്ഷ്യവും പദ്ധതിക്കുണ്ട്.
രാഹുല്‍ ദുബെ, ലെസ്ലി ലി, ലൂക് ജാന്‍സന്‍സ് എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് മത്സരത്തിലെ വിജയികളെ തെരഞ്ഞെടുത്തത്. സുസ്ഥിരത, സാമൂഹിക സ്വാധീനം, കരകൗശലം എന്നിവ സംരംഭക ആശയവുമായി ബന്ധിപ്പിച്ച രീതിയാണ് ഈ മോഡലിനെ ശ്രദ്ധേയമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കിഡ്‌സ്എംബിഎ പ്രോഗ്രാമുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
Read DhanamOnline in English
Subscribe to Dhanam Magazine