News & Views

ടൂറിസ്റ്റുകള്‍ക്ക് ഗോവ മടുത്തോ? ഹോട്ടല്‍ റൂം നിരക്കുകള്‍ കുറയുന്നു; ട്രെന്റ് മാറ്റത്തിന് കാരണമെന്ത്?

അടുത്തിടെ ഗോവന്‍ ടൂറിസം കേന്ദ്രങ്ങളിലെ അമിത വിലയ്‌ക്കെതിരേ സോഷ്യല്‍മീഡിയയില്‍ അടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു

Dhanam News Desk

പുതുവത്സരാഘോഷത്തിന് ഇന്ത്യക്കാരും വിദേശികളും തിരഞ്ഞെടുക്കുന്ന ആദ്യ സ്‌പോട്ടാണ് ഗോവ. ഡിസംബര്‍ ആരംഭിച്ചാല്‍ ഗോവയില്‍ നിന്ന് തിരിയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം നിറഞ്ഞു കവിയും. ഈ സമയത്ത് മുറിവാടക പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലായിരിക്കും. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ഇക്കണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് ഗോവ ഒഴികെ മറ്റെല്ലാ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലും പുതുവത്സരത്തോട് അനുബന്ധിച്ച് മുറിവാടക ഉയരുന്ന സമയമാണ്. എന്നാല്‍ ഗോവയില്‍ മാത്രം നേരെ തിരിച്ചാണ് റിപ്പോര്‍ട്ട് അടിവരയിടുന്നു. ഈ വര്‍ഷം ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ സഞ്ചാരികളുടെ വരവ് 6.23 ശതമാനം വര്‍ധിച്ചെന്ന് സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അടുത്തിടെ ഗോവന്‍ ടൂറിസം കേന്ദ്രങ്ങളിലെ അമിത വിലയ്‌ക്കെതിരേ സോഷ്യല്‍മീഡിയയില്‍ അടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതാകാം മുറിവാടക ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വര്‍ധനയുണ്ടാകാതിരിക്കാന്‍ കാരണമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

നടക്കുന്നത് തിരുത്തല്‍?

ഉത്സവകാലത്ത് മറ്റെല്ലാ വിപണികളും വളരുകയാണ്. എന്നാല്‍ ഗോവയില്‍ മാത്രം നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ഡിസംബര്‍ 24,25 തീയതികളില്‍ പൊതുവേ ബുക്കിംഗുകള്‍ മാസങ്ങള്‍ക്ക് മുന്നേ പൂര്‍ത്തിയാകുന്നതാണ്. എന്നാല്‍ ഇത്തവണ ഗോവയിലെ ഹോട്ടല്‍, റിസോര്‍ട്ടുകളില്‍ ബുക്കിംഗുകള്‍ക്ക് 48 ശതമാനം വരെ ഇളവ് പല ബുക്കിംഗ് വെബ്‌സൈറ്റുകളിലും കാണിക്കുന്നുണ്ട്.

ഉത്സവകാലങ്ങളില്‍ ഗോവയിലെ തിരക്കില്‍ നിന്ന് മാറിനില്‍ക്കാന്‍ സഞ്ചാരികള്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നാണ് വിവരം. മുന്‍ വര്‍ഷം ഡിസംബര്‍, ജനുവരി കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ബുക്കിംഗില്‍ കുറവുണ്ടെന്നുമാണ് ഈ രംഗത്തുള്ളവര്‍ പറയുന്നു.

വിനോദസഞ്ചാരികളുടെ വരവില്‍ ഈ പുതുവര്‍ഷത്തില്‍ 30 ശതമാനത്തോളം കുറവുണ്ടാകുമെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം അസോസിയേഷന്‍ ഓഫ് ഗോവ പ്രസിഡന്റ് ജാക് സുകിജ പറഞ്ഞു.

കേരളം ഉള്‍പ്പെടെയുള്ള മറ്റ് ദക്ഷിണേന്ത്യന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുതുവത്സരത്തില്‍ കൂടുതല്‍ ഇവന്റുകള്‍ നടക്കുന്നുണ്ട്. ഇത് ഗോവയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനെ ബാധിക്കുന്നുവെന്നാണ് പൊതുവിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT