News & Views

ഇന്ത്യക്കാരുടെ സ്വര്‍ണഭ്രമത്തിന് ചെക്ക് വച്ചത് പൊന്നിന്‍ വിലയോ? 2025ല്‍ സ്വര്‍ണ ഉപഭോഗത്തില്‍ വന്‍ കുറവ്

ക്രൂഡ്ഓയില്‍ കഴിഞ്ഞാല്‍ ഇറക്കുമതിക്കായി ഇന്ത്യ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് സ്വര്‍ണത്തിനാണ്.

Dhanam News Desk

ഈ വര്‍ഷം രാജ്യത്ത് സ്വര്‍ണ ഉപഭോഗത്തില്‍ വലിയ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യയുടെ നിഗമനം അനുസരിച്ച് ഈ വര്‍ഷത്തെ ഉപഭോഗം 650-700 ടണ്ണിലേക്ക് താഴും. ഇത് മുന്‍വര്‍ഷത്തെ 802.8 ടണ്ണിനേക്കാള്‍ വളരെ താഴെയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 12 ശതമാനം കുറവാണിത്.

വില വലിയ തോതില്‍ വര്‍ധിച്ചതിനാല്‍ ഡിമാന്‍ഡില്‍ വന്ന കുറവാണ് വാങ്ങലുകള്‍ കുറയാന്‍ കാരണം. ക്രൂഡ്ഓയില്‍ കഴിഞ്ഞാല്‍ ഇറക്കുമതിക്കായി ഇന്ത്യ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് സ്വര്‍ണത്തിനാണ്. സ്വര്‍ണ ഇറക്കുമതി വര്‍ധിക്കുന്നത് വ്യാപാര കമ്മി വര്‍ധിക്കുന്നതിനും കാരണമാകുന്നുണ്ട്.

ഈ വര്‍ഷം തുടക്കവുമായി തട്ടിച്ചുനോക്കുമ്പോള്‍ സ്വര്‍ണവിലയില്‍ 65 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് സൂചന.

വില കൂടിയെങ്കിലും ഇന്ത്യന്‍ ഉപയോക്താക്കള്‍ ഇപ്പോഴും 22 കാരറ്റ് സ്വര്‍ണം വാങ്ങാനാണ് ഇഷ്ടപ്പെടുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ സിഇഒ സച്ചിന്‍ ജയിന്‍ വ്യക്തമാക്കി. കുറഞ്ഞ വിലയിലുള്ള 18 കാരറ്റ്, 14 കാരറ്റ് സ്വര്‍ണാഭരണത്തിലേക്കുള്ള താല്പര്യം കാലാന്തരത്തില്‍ സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചെറുകിട ജുവലറികള്‍ക്ക് തിരിച്ചടി

ആഭരണ വിഭാഗത്തില്‍ ഡിമാന്‍ഡ് കുറഞ്ഞെങ്കിലും നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. വിവാഹ സീസണുകളില്‍ ഒഴികെ ആഭരണങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞു വരികയാണ്. കുറച്ചു വര്‍ഷങ്ങളായി ഈ ട്രെന്റ് നിലനില്‍ക്കുന്നുണ്ട്. ഉയര്‍ന്ന വിലയും ആഭരണങ്ങള്‍ വാങ്ങുന്ന മൂല്യം വില്ക്കുമ്പോള്‍ കിട്ടാത്തതും ഇതിനു കാരണമാണ്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഡേറ്റ പ്രകാരം ഇന്ത്യയുടെ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സ്വര്‍ണ ഉപഭോഗം 462.4 ടണ്‍ ആണ്. വരും മാസങ്ങളില്‍ ആഭരണങ്ങളുടെ വില്പനയില്‍ കുറവു വന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സ്വര്‍ണവില കൂടുന്ന സമയത്ത് തന്നെ ഉയര്‍ന്ന വരുമാനക്കാരില്‍ 100 ഗ്രാം മുതല്‍ 400 ഗ്രാം വരെയുള്ള സ്വര്‍ണക്കട്ടികളുടെ വില്പന വര്‍ധിച്ചിട്ടുണ്ട്. നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണത്തിനുള്ള മുന്‍തൂക്കമാണ് ഇതിനു കാരണം.

വലിയ ജുവലറി നെറ്റ്‌വര്‍ക്കുകള്‍ വലിയ പരിക്കില്ലാതെ മുന്നോട്ടു പോകുന്നുവെങ്കിലും താഴത്തട്ടിലുള്ള ഇടത്തരം ചെറുകിട ജുവലറികള്‍ക്ക് വിലവര്‍ധന വലിയ സമ്മര്‍ദമാണ് സമ്മാനിക്കുന്നത്.

Gold demand in India may drop 12% in 2025 due to price hikes, impacting small jewellers

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT