News & Views

ക്ഷമ കാണിച്ചാല്‍ ലോട്ടറി അടിക്കുമോ? പരീക്ഷിച്ചു നോക്കാം, സ്വര്‍ണത്തിന്റെ കാര്യത്തില്‍

2011ല്‍ സ്വര്‍ണവില പവന് വെറും 15,000 രൂപയായിരുന്നു. ഈ സമയത്ത് ഇറക്കുമതി നികുതി നാമമാത്രമായിരുന്നു

Lijo MG

സ്വര്‍ണം വാങ്ങാന്‍ തയാറെടുക്കുകയാണോ? എങ്കില്‍ ഒരാഴ്ച കൂടി ഒന്നു കാത്തിരുന്നാല്‍ ചിലപ്പോള്‍ ഇപ്പോഴത്തെ നിരക്കിലും കുറഞ്ഞ വിലയില്‍ ആഭരണം വാങ്ങാന്‍ പറ്റിയേക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. സ്വര്‍ണക്കള്ളക്കടത്ത് വര്‍ധിച്ചതിന് കാരണം ഇറക്കുമതി നികുതി കൂട്ടിയതാണെന്ന തിരിച്ചറിവ് സര്‍ക്കാരിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചേക്കും.

പിടിവിട്ട് നികുതി

2011ല്‍ സ്വര്‍ണവില പവന് വെറും 15,000 രൂപയായിരുന്നു. ഈ സമയത്ത് ഇറക്കുമതി നികുതി നാമമാത്രമായിരുന്നു. 2012ല്‍ 2 ശതമാനമായിരുന്നു ഇറക്കുമതി നികുതി. അന്ന് വില 20,000ത്തിലായിരുന്നു. 2013ല്‍ വിലയും നികുതിയും കൂടുന്നതിനാണ് സാക്ഷ്യം വഹിച്ചത്. ഇറക്കുമതി ചുങ്കം 6 ശതമാനത്തിലേക്ക് ഉയര്‍ത്തി. ഉപയോക്താക്കളിലേക്ക് നികുതിബാധ്യത വന്നുചേരുകയും ചെയ്തു.

വിലയിലും നികുതിവര്‍ധന പ്രതിഫലിച്ചു. 2017ലെത്തിയപ്പോള്‍ ഇറക്കുമതി നികുതി 10 ശതമാനമായതിനൊപ്പം ജി.എസ്.ടിയായി 3 ശതമാനം കൂടി ചുമത്തി. 2022ലെത്തിയപ്പോള്‍ 15 ശതമാനം ഇറക്കുമതി നികുതിക്കൊപ്പം 3 ശതമാനം ജി.എസ്.ടിയും അടിസ്ഥാനവികസന, കാര്‍ഷിക സെസും ചേര്‍ത്ത് 18 ശതമാനമാക്കി നികുതി. ലോകത്ത് ഏറ്റവും കൂടുതല്‍ നികുതി സ്വര്‍ണത്തിന് ചുമത്തുന്ന രാജ്യങ്ങളില്‍ മുമ്പിലാണ് ഇന്ത്യ.

ബജറ്റില്‍ എന്തു പ്രതീക്ഷിക്കാം

സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിലേക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. സ്വര്‍ണക്കള്ളക്കടത്തിലൂടെ വന്‍തോതില്‍ നികുതി ചോരുന്നതും ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിച്ചേരുന്നതും കേന്ദ്രസര്‍ക്കാരിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. നികുതി കുറയുന്നതിലൂടെ കള്ളക്കടത്ത് അനാകര്‍ഷമായി തീരും.

ബജറ്റ് കഴിയുംവരെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനുള്ള തീരുമാനം വൈകിപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് വ്യാപാരികളും പറയുന്നത്. നികുതി ഇനിയും വര്‍ധിപ്പിക്കില്ലെന്നതിനാല്‍ ബജറ്റിന്റെ പേരില്‍ സ്വര്‍ണവില കൂടില്ല. ബജറ്റില്‍ നികുതി കുറച്ചാല്‍ വില കുറയാനും ഇടയാക്കും.

നികുതി കുറച്ചാല്‍ കള്ളക്കടത്തും കുറയും

ഇറക്കുമതി ചുങ്കം 10 ശതമാനം കുറച്ചാല്‍ സ്വര്‍ണ്ണവില 45,000 രൂപയിലേക്ക് എത്തുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറയുന്നു. ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവരുമ്പോള്‍ 9 ലക്ഷം രൂപയില്‍ അധികമാണ് കള്ളക്കടത്തുകാര്‍ക്ക് ലഭിക്കുന്നത്. നികുതി കൂടുന്നത് ഫലത്തില്‍ കള്ളക്കടത്തുകാര്‍ക്കാണ് ഗുണം ചെയ്യുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT