chatgpt and canva
News & Views

ടെഹ്‌റാനില്‍ തട്ടി സ്വര്‍ണം കുതിക്കുന്നു, ഒറ്റയടിക്ക് ₹760 രൂപ കയറി; ഇന്നത്തെ വിലനിലവാരം അറിയാം

പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുകയോ വീണ്ടും വര്‍ധിക്കുമെന്ന സൂചന ശക്തമാകുകയോ ചെയ്താല്‍ പലിശ നല്‍കാത്ത സ്വര്‍ണം പോലുള്ള ആസ്തികളിലെ നിക്ഷേപ ആകര്‍ഷണം കുറയാം.

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവില ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം കുതിപ്പ്. ഇന്നലെ കുറഞ്ഞ വില ഇന്നു കുതിച്ചുയര്‍ന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് സ്വര്‍ണത്തില്‍ പ്രതിഫലിച്ചത്.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തില്‍ 95 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പവന് 760 രൂപയായും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 1,13,560 രൂപയാണ്. ഗ്രാം വില 14,195 രൂപയായും വര്‍ധിച്ചു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,660 രൂപയായി. പവന്‍ 93,280 രൂപയിലുമെത്തി. വെള്ളിവില ഗ്രാമിന് 255 രൂപയാണ്.

ഈ ആഴ്ച വലിയ ചാഞ്ചാട്ടം?

ഓഗസ്റ്റ് 10 മുതല്‍ 16 വരെയുള്ള കാലയളവില്‍ യുഎസിലെ പണപ്പെരുപ്പ കണക്കുകളും തൊഴില്‍ വിപണി സംബന്ധിച്ച ഡാറ്റയും സ്വര്‍ണവിലയെ കാര്യമായി സ്വാധീനിച്ചേക്കാം. ഈ ആഴ്ച ഔണ്‍സിന് 3,951 ഡോളര്‍ മുതല്‍ 4,760 ഡോളര്‍ വരെയുള്ള വിശാലമായ പരിധിയില്‍ വില നീങ്ങാമെന്നാണ് പ്രവചനം.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനയമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുകയോ വീണ്ടും വര്‍ധിക്കുമെന്ന സൂചന ശക്തമാകുകയോ ചെയ്താല്‍ പലിശ നല്‍കാത്ത സ്വര്‍ണം പോലുള്ള ആസ്തികളിലെ നിക്ഷേപ ആകര്‍ഷണം കുറയാം.

അതേസമയം, ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം കരുതല്‍ ശേഖരത്തിലേക്ക് വാങ്ങുന്നത് വിലയ്ക്ക് പിന്തുണ നല്‍കുന്ന ഘടകമാണ്. 2026 രണ്ടാം പാദത്തില്‍ ആഗോള സ്വര്‍ണ ആവശ്യം 942 ടണ്ണായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 124,250 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT