Image : Canva 
News & Views

സ്വര്‍ണത്തില്‍ കേരള 'കണ്‍ഫ്യൂഷന്‍' വലഞ്ഞ് ഉപയോക്താക്കള്‍; അവിടുത്തെ വിലയല്ല ഇവിടെ! എന്താണ് സംഭവിക്കുന്നത്?

ഒരുകൂട്ടര്‍ നിശ്ചയിക്കുന്ന വിലയില്‍ നിന്ന് ചെറിയ കുറവു വരുത്തി മറ്റേ കൂട്ടര്‍. പെട്ടതാകട്ടെ ഉപയോക്താക്കളും

Dhanam News Desk

കേരളത്തില്‍ സ്വര്‍ണവിലയില്‍ വല്ലാത്ത കണ്‍ഫ്യൂഷന്‍. സ്വര്‍ണവ്യാപാരികളുടെ സംഘടന പിളര്‍ന്നതോടെ വിലയിലും രണ്ടായി മാറി. ഒരുകൂട്ടര്‍ നിശ്ചയിക്കുന്ന വിലയില്‍ നിന്ന് ചെറിയ കുറവു വരുത്തി മറ്റേ കൂട്ടര്‍. പെട്ടതാകട്ടെ ഉപയോക്താക്കളും. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) ആയിരുന്നു കേരളത്തില്‍ സ്വര്‍ണവില നിശ്ചയിച്ചിരുന്നത്. ഈ സംഘടന കഴിഞ്ഞ ദിവസം പിളര്‍ന്നു. സംഘടന രണ്ടായി മാറി.

ജസ്റ്റിന്‍ പാലത്ര പ്രസിഡന്റും ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ബി. ഗോവിന്ദന്‍ ചെയര്‍മാനുമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നു. മലപ്പുറം സഹാറ ഗോള്‍ഡ് ഉടമ അയമു ഹാജി പ്രസിഡന്റായി മറുവിഭാഗവും. തങ്ങളാണ് യഥാര്‍ത്ഥ എ.കെ.ജി.എസ്.എം.എയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

സംഘടനകള്‍ പലത്

ജസ്റ്റിന്‍ പാലത്ര പ്രസിഡന്റായിരുന്ന എ.കെ.ജി.എസ്.എം.എയും ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനായിരുന്ന എ.കെ.ജി.എസ്.എം.എയും തമ്മില്‍ കഴിഞ്ഞദിവസം ലയിച്ചിരുന്നു. ഇത് അംഗീകരിക്കാത്ത എസ്. അബ്ദുല്‍ നാസറും (ട്രഷറര്‍) സുരേന്ദ്രന്‍ കൊടുവള്ളിയും (ജനറല്‍ സെക്രട്ടറി) ചേര്‍ന്നാണ് ആക്ടിംഗ് പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. ഇവരും പ്രതിദിനം സ്വര്‍ണവില പുതുക്കി പ്രഖ്യാപിക്കുന്നുണ്ട്. രണ്ട് കൂട്ടരും വില പ്രഖ്യാപിച്ചു തുടങ്ങിയതോടെ സ്വര്‍ണമേഖലയില്‍ കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുകയാണ്.

അബ്ദുല്‍ നാസറെ അനുകൂലിക്കുന്നവര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇന്നത്തെ സ്വര്‍ണവില പവന് 63,440 രൂപയാണ്. ഇന്നലെയും ഇതേ വിലയായിരുന്നു. എന്നാല്‍ മറുവശത്തുള്ളവരുടെ ഇന്നലത്തെ വില 63,600 രൂപയും ഇന്നത്തേത് 63,520 രൂപയുമാണ്. ഇന്നത്തെ വിലയില്‍ പവന് 80 രൂപയോളം കൂടുതല്‍. ഇരു കൂട്ടരും തമ്മിലുള്ള പ്രശ്ങ്ങള്‍ കോടതി കയറുമെന്നാണ് ലഭിക്കുന്ന വിവരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT