News & Views

5 മണിക്കൂറിനിടെ ഒരു പവനില്‍ ₹3,160 രൂപയുടെ വര്‍ധന! ഇത് ഞെട്ടിക്കല്‍ സ്വര്‍ണം!

ഏവരെയും ഞെട്ടിച്ചാണ് ഉച്ചതിരിഞ്ഞ് 2.30ഓടെ ഗ്രാമിന് 200 രൂപ വര്‍ധിച്ചത്. ഉച്ചയ്ക്കുശേഷം മാത്രം പവനില്‍ കൂടിയത് 1,600 രൂപയാണ്.

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവില അടിച്ചു കയറുന്നു. അന്താരാഷ്ട്ര തലത്തിലെ വില ഉയരുന്നതും രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതുമാണ് സ്വര്‍ണത്തിലും പ്രതിഫലിക്കുന്നത്. സാധാരണ ദിവസത്തില്‍ ഒരു തവണയാണ് സ്വര്‍ണവില മാറുന്നത്. രാവിലെ 9.30നും 9.45നും ഇടയ്ക്കായിരിക്കുമിത്.

ഇന്ന് മൂന്നു തവണയാണ് സ്വര്‍ണവില കൂടിയത്. രാവിലെ 9.30ന് ഗ്രാമിന് 95 രൂപ വര്‍ധിച്ച് 13,500 രൂപയായിരുന്നു ഗ്രാം വില. ഈ സമയം പവന്‍വില 1,08,000 രൂപയായിരുന്നു. രണ്ടു മണിക്കൂറിനുശേഷം 11.30ഓടെ വീണ്ടും വില കൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഔണ്‍സിന് 4,700 ഡോളറിലേക്ക് സ്വര്‍ണവില ഉയര്‍ന്നതായിരുന്നു ഇതിന് കാരണം. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമായിരുന്നു ഈ സമയത്ത് വര്‍ധിച്ചത്.

ഏവരെയും ഞെട്ടിച്ചാണ് ഉച്ചതിരിഞ്ഞ് 2.30ഓടെ ഗ്രാമിന് 200 രൂപ വര്‍ധിച്ചത്. ഉച്ചയ്ക്കുശേഷം മാത്രം പവനില്‍ കൂടിയത് 1,600 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,400 രൂപയായി. ഗ്രാം വില 13,800 രൂപയും.

ഇന്ന് മാത്രം സ്വര്‍ണത്തില്‍ കൂടിയത് പവന് 3,160 രൂപയാണ്. സമീപകാലത്ത് ഒറ്റയടിക്ക് ഇത്രയും കൂടിയത് അപൂര്‍വമാണ്. ഗ്രീന്‍ലാന്‍ഡ് വിഷയം ചൂടു പിടിക്കുന്നതിനൊപ്പം യുഎസ് ഡോളറിനെതിരേ രൂപ കൂടുതല്‍ ദുര്‍ബലമായതും വിലയില്‍ പ്രതിഫലിച്ചു.

ആഭരണം വാങ്ങാന്‍

സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,19,561 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT