chatgpt and canva
News & Views

288 മണിക്കൂറില്‍ സ്വര്‍ണത്തില്‍ വ്യത്യാസം 6,320 രൂപ! ഈ പോക്കുപോയാല്‍ അകലെയല്ല മുക്കാല്‍ സെഞ്ചുറി!

ഏപ്രില്‍ എട്ടിലേക്ക് എത്തിയപ്പോള്‍ പവന്‍ വില 65,800 ആയി താഴ്ന്നിരുന്നു. എന്നാല്‍ പിന്നീടൊരു കുതിപ്പായിരുന്നു

Lijo MG

കേരളത്തില്‍ സ്വര്‍ണവില അതിവേഗം കുതിക്കുന്നു. വിവാഹ സീസണ്‍ തുടങ്ങിയതോടെ പല കുടുംബങ്ങളിലും ആശങ്ക ജനിപ്പിച്ചാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. ഇന്ന് പവന്‍വില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്.

ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ നല്‌കേണ്ടത് 9,015 രൂപയാണ്. പവന്‍ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയില്‍ തന്നെ നില്‍ക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,410 രൂപയായും ഉയര്‍ന്നു.

അന്താരാഷ്ട്ര വിലയും ഉയരത്തില്‍

അന്താരാഷ്ട്ര സ്വര്‍ണവില 3,284 ഡോളറിലാണ്. അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും താരിഫ് തര്‍ക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ലെന്നാണ് സ്വര്‍ണവ്യാപാരികള്‍ പറയുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ മുതലിറക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 19,000 രൂപയ്ക്കടുത്താണ് സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് ഒരു പവനിലുള്ള ലാഭം.

ഏപ്രില്‍ 30ന് എത്തുന്ന അക്ഷയതൃതീയ വരുന്നുണ്ട്. ഈ സമയത്ത് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നത് വില്പനയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങുന്നവരേക്കാള്‍ നിക്ഷേപത്തിനായി വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഓഹരി വിപണിയിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിച്ചിരുന്ന ഒരുവിഭാഗം സ്വര്‍ണത്തിലേക്കത് തിരിഞ്ഞിട്ടുണ്ട്.

ഏപ്രില്‍ പൊള്ളിച്ചു

ഈ മാസമാണ് സ്വര്‍ണം ആദ്യമായി പവന് 70,000 രൂപ കടക്കുന്നത്. ഏപ്രില്‍ ഒന്നിന് വില 68,080 രൂപയിലായിരുന്നു. ഏപ്രില്‍ എട്ടിലേക്ക് എത്തിയപ്പോള്‍ പവന്‍ വില 65,800 ആയി താഴ്ന്നിരുന്നു. എന്നാല്‍ പിന്നീടൊരു കുതിപ്പായിരുന്നു. 12 ദിവസം കൊണ്ട് 6,320 രൂപയാണ് കയറിയത്. വില കുറഞ്ഞേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് വലിയ പ്രഹരമായി ഈ മാറ്റം മാറി.

Gold prices surge by ₹6,320 per sovereign in 12 days, spiking to ₹72,120 ahead of Akshaya Tritiya in Kerala

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT