News & Views

ഗ്രീന്‍ലാന്‍ഡില്‍ സ്വര്‍ണത്തിന് 'തീപിടിച്ചു', സര്‍വകാല റെക്കോഡില്‍'; പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക്

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 175 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്

Dhanam News Desk

പുതുവര്‍ഷത്തില്‍ വെനസ്വേലയില്‍ ആരംഭിച്ച ട്രംപിന്റെ സംഘര്‍ഷം ഗ്രീന്‍ലാന്‍ഡിലേക്ക് നീങ്ങിയതോടെ സ്വര്‍ണവിലയിലും കുതിപ്പ്. ഗ്രീന്‍ലാന്‍ഡിനെ സംരംക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുവന്നതോടെ ആഗോള സംഘര്‍ഷവും വര്‍ധിക്കുകയാണ്. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 175 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ ഗ്രാം വില 13,355 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 1,400 രൂപയാണ് ഇന്നൊരൊറ്റ ദിവസം ഉയര്‍ന്നത്. 1,06,840 രൂപയാണ് പവന്‍ വില. ചരിത്രത്തിലെ ഉയര്‍ന്ന വിലയാണിത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 140 രൂപ ഉയര്‍ന്ന് 10,975 രൂപയിലെത്തി. 14 കാരറ്റിന്റെ വില ഗ്രാമിന് 8,550 രൂപയാണ്. വെള്ളിവില ഇന്ന് ഗ്രാമിന് 305 രൂപയാണ്.

വരുംദിവസങ്ങളിലും വില ഉയരുമെന്ന് തന്നെയാണ് വ്യാപാരികള്‍ പറയുന്നത്. യുഎസിലും പുറത്തുമായി ട്രംപ് നടത്തുന്ന കൈവിട്ട കളികള്‍ ആഗോള സമാധാനത്തിന് മാത്രമല്ല രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിക്കും തുരങ്കം വയ്ക്കുകയാണ്. എതിര്‍ക്കുന്നവരെ തീരുവയിലൂടെ നേരിടുന്ന ട്രംപിന്റെ നയങ്ങള്‍ക്കെതിരേ അമേരിക്കയില്‍ തന്നെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

മുന്‍ ഗവര്‍ണര്‍ കെവിന്‍ വാര്‍ഷിനെ ഫെഡിന്റെ തലപ്പത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ട്രംപ് തുടങ്ങി കഴിഞ്ഞു. ഇത് അമേരിക്കന്‍ നിക്ഷേപകരുടെ സ്വര്‍ണത്തിലേക്കുള്ള ഒഴുക്കിലേക്ക് നയിക്കുമെന്നാണ് പൊതുവിലയിരുത്തല്‍.

ജനുവരി കത്തിച്ചു

സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് ജനുവരി സമ്മാനിക്കുന്നത്. പുതുവര്‍ഷ ദിനത്തില്‍ പവന് 99,040 രൂപയായിരുന്നു സ്വര്‍ണവില. ഇപ്പോഴത് 1,06,840 രൂപയായി ഉയര്‍ന്നു. വെറും 18 ദിവസങ്ങള്‍ കൊണ്ട് 7,800 രൂപയുടെ വര്‍ധന. ഈ മാസം പിന്നിടും മുമ്പ് വില 1.10 ലക്ഷത്തിലേക്ക് എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

ആഭരണം വാങ്ങാന്‍

ഇന്നത്തെ സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,16,000 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT