Image courtesy: Canva
News & Views

സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ? ഒറ്റദിവസം കൊണ്ട് കൂടിയത് ₹1,680! വിപണിയെ തീപിടിപ്പിച്ച് പശ്ചിമേഷ്യന്‍ സംഘര്‍ഷം

ഇറാന്‍-യു.എസ് സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനകളാണ് പവന് 1,680 രൂപയുടെ വര്‍ധനയ്ക്ക് ഇടയാക്കിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 210 രൂപ വര്‍ധിച്ച് 13,430 രൂപയായി. ഇതോടെ ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന്റെ നിരക്ക് 1,07,440 രൂപയിലെത്തി.

ആഭരണ വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപ ഉയര്‍ന്ന് 11,035 രൂപയിലെത്തി. 8 ഗ്രാമിന് 88,280 രൂപയാണ് ഇന്നത്തെ വില. ഭാരം കുറഞ്ഞ ആഭരണങ്ങള്‍ക്ക് സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ വര്‍ധിച്ച് 8,595 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ വര്‍ധിച്ച് 5,545 രൂപയുമായി.

അതേസമയം, സംസ്ഥാനത്ത് വെള്ളി നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 240 രൂപയും 10 ഗ്രാം വെള്ളിയുടെ വില 2,400 രൂപയുമായി സ്ഥിരത പുലര്‍ത്തുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് പ്രാദേശിക വിപണിയിലും സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

അന്താരാഷ്ട്ര സാമ്പത്തിക അനിശ്ചിതത്വങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ആളുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതുമാണ് വിലയിലെ ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിലും വിപണിയില്‍ സമാനമായ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സ്വര്‍ണവില ഉയര്‍ന്ന റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്ന ട്രെന്‍ഡ് ഈ വര്‍ഷം തുടക്കത്തിലെ പ്രകടമായിരുന്നു. ജനുവരി 29നാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപ വരെയുമായിരുന്നു.

ഇറാന്‍-യുഎസ് യുദ്ധം നീണ്ടുനിന്നാല്‍?

ഇന്ത്യയെപ്പോലുള്ള വലിയ അളവില്‍ എണ്ണയും സ്വര്‍ണവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍, എണ്ണവില വര്‍ധന രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകും. ഡോളറിനെതിരെ രൂപയുടെ മൂല്യം തകരുമ്പോള്‍ ഇറക്കുമതി ചെലവ് കൂടുകയും അന്താരാഷ്ട്ര വിപണിയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പ്രാദേശികമായി സ്വര്‍ണവില ഉയരുകയും ചെയ്യും.

ഇറാന്‍-യു.എസ് സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT