News & Views

30 ദിവസത്തിനിടെ സ്വര്‍ണം താഴ്ന്നിറങ്ങിയത് ₹11,800 വരെ; പഴയ പൊന്ന് വിറ്റഴിക്കാന്‍ ഉപയോക്താക്കളുടെ പാച്ചില്‍

വരുംദിവസങ്ങളിലും വില താഴേക്ക് വരുമെന്നാണ് വ്യാപാരികളുടെ നിഗമനം. വില പവന് ഒരുലക്ഷത്തില്‍ താഴെയാകാന്‍ വലിയ കാലതാമസം ഉണ്ടായേക്കില്ല

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12,845 രൂപയായി. പവന്‍ വിലയാകട്ടെ 1,320 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നത്തെ പവന്‍ വില 1,02,760 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന്റെ വില 135 രൂപ ഗ്രാമില്‍ കുറഞ്ഞ് 10,560 രൂപയായി. വെള്ളിവില 235 രൂപയാണ്.

ഈ മാസം സ്വര്‍ണവിലയിലുണ്ടായ കുറവ് 11,800 രൂപയാണ്. ജൂണ്‍ ഒന്നിന് പവന്‍വില 1,14,560 രൂപയായിരുന്നു. പിന്നീട് പടിപടിയായി വില താഴേക്ക് പോകുന്നതാണ് കണ്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവുവന്നതും യുഎസില്‍ നിന്നുള്ള സാമ്പത്തിക റിപ്പോര്‍ട്ടുകളും സ്വര്‍ണത്തെ സ്വാധീനിച്ചു. വരുംദിവസങ്ങളിലും വില താഴേക്ക് വരുമെന്നാണ് വ്യാപാരികളുടെ നിഗമനം. വില പവന് ഒരുലക്ഷത്തില്‍ താഴെയാകാന്‍ വലിയ കാലതാമസം ഉണ്ടായേക്കില്ല.

രാജ്യാന്തര വിലയും താഴുന്നു

കഴിഞ്ഞയാഴ്ച 4000 ഡോളറിനു താഴെ എത്തിയ ശേഷം തിരിച്ചു കയറിയ സ്വര്‍ണം ഇന്നു വീണ്ടും ഇടിവിലായി. ഇന്നലെ 73 ഡോളര്‍ (1.79 ശതമാനം) താഴ്ന്ന് ഔണ്‍സിന് 4017.60 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 1.74 ശതമാനം ഇടിഞ്ഞ് 3944 ഡോളര്‍ വരെ വില താഴ്ന്നു. പിന്നീടു തിരികെ 3974ലേക്കു കയറി.

സ്വര്‍ണവില താഴുന്ന പ്രവണത ശക്തമായതോടെ ഇന്ത്യയില്‍ പഴയ സ്വര്‍ണം വിറ്റഴിക്കുന്ന പ്രവണത ശക്തമായി. കഴിഞ്ഞ മൂന്നു മാസം കൊണ്ട് വിപണിയിലേക്ക് എത്തിയത് 50 ടണ്‍ സ്വര്‍ണമാണ്. കേരളത്തിലടക്കം വലിയതോതില്‍ സ്വര്‍ണം വിപണിയിലേക്ക് എത്തുന്നുണ്ട്.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് എത്രയാകും?

ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ചുമത്തുന്ന 3 ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതി എന്നിവയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,11,200 രൂപയെങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണം ഇന്ന് വാങ്ങുന്നതിനായി ചെലവാകും. ആഭരണങ്ങളുടെ ഡിസൈനില്‍വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലി ഇനത്തിലും വ്യത്യാസമുണ്ടാകുമെന്ന് ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT