റെക്കോഡ് ഉയരത്തിലേക്ക് എത്തിയ സ്വര്‍ണവില പതിയെ താഴേക്ക്. ഡിസംബര്‍ 27ന് സര്‍വകാല റെക്കോഡായ 1,04,440 രൂപയിലെത്തിയ പവന്‍ വില അതിനുശേഷം താഴുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. ആഗോളതലത്തില്‍ ലാഭമെടുപ്പിലേക്ക് നിക്ഷേപകര്‍ മാറിയതാണ് ഒരു പവനില്‍ 5,000 രൂപയ്ക്കടുത്ത് കുറയാന്‍ വഴിയൊരുക്കിയത്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,485 രൂപയാണ്. 265 രൂപയുടെ കുറവാണ് ഗ്രാമില്‍ ഉണ്ടായിരിക്കുന്നത്. ഒരു പവനില്‍ 2,120 രൂപയുടെ കുറവും ഇന്ന് രേഖപ്പെടുത്തി. ഇന്നത്തെ പവന്‍വില 99,880 രൂപ.
സ്വര്‍ണത്തില്‍ നിക്ഷേപിച്ചിരുന്നവര്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടത്തുന്നത് വിപണിയിലേക്ക് കൂടുതല്‍ ചരക്ക് എത്തിക്കുന്നുണ്ട്. ഇത് വില താഴുന്നതിന് ഇടയാക്കി. മാത്രമല്ല, ഡോളറിനെതിരേ രൂപ കരുത്താര്‍ജിച്ചതും ഇന്ത്യയിലെ വിലയെ സ്വാധീനിച്ചു.
ഡിസംബര്‍ ഒന്നിന് സംസ്ഥാനത്ത് സ്വര്‍ണവില പവന് 95,680 രൂപയായിരുന്നു. ഡിസംബര്‍ 23നാണ് വില ആദ്യമായി ഒരു ലക്ഷം തൊട്ടത്. ആഗോള തലത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നുണ്ട്. ഇത് വരും ദിവസങ്ങളില്‍ സ്വര്‍ണത്തിലെ കയറ്റത്തിന് വഴിയൊരുക്കിയേക്കാം. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിക്കാനുള്ള സാധ്യതകളുണ്ടെങ്കിലും വെനസ്വേലയ്ക്കും ഇറാനുമെതിരേ യുഎസിന്റെ ഭീഷണി വര്‍ധിച്ചിട്ടുണ്ട്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,10,000 രൂപയെങ്കിലും കൊടുക്കേണ്ടിവരും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine