canva
News & Views

കയറ്റത്തിനിടയില്‍ ഒരിറക്കം! സ്വര്‍ണവിലയില്‍ ചെറിയ ഇടിവ്; കല്യാണ സീസണ്‍ ലക്ഷ്യമിട്ട് ജുവലറികള്‍

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 9,210 രൂപയായി. പവന്‍ വില 73,680 രൂപയാണ്, കുറഞ്ഞത് 360 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കുറഞ്ഞ് ഗ്രാമിന് 7,555 രൂപയിലെത്തി. വെള്ളിവിലയില്‍ രണ്ടു രൂപയുടെ കുറവുണ്ട്, 123 രൂപ.

സമ്മിശ്ര രീതിയിലാണ് ഈ മാസം സ്വര്‍ണത്തിലെ കയറ്റിറക്കങ്ങള്‍. ജൂലൈ മധ്യത്തില്‍ 72,000 രൂപ വരെ പവന് താഴ്ന്ന ശേഷം പടിപടിയായി വില ഉയരുകയായിരുന്നു. ജൂലൈ 23ന് 75,000 രൂപയ്ക്കു മുകളില്‍ പവന് ഉയര്‍ന്ന ശേഷം വീണ്ടും താഴ്ച്ചയുടെ സൂചനകള്‍ നല്കിയത്.

യു.എസില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസം സ്വര്‍ണം വലിയതോതില്‍ ഉയരാന്‍ കാരണമായത്. ആഗോള തലത്തില്‍ വ്യാപാര കരാറുകള്‍ ഒപ്പിടുന്നതും സ്വര്‍ണവിലയെ വരും ദിവസങ്ങളില്‍ സ്വാധീനിക്കും.

ഓഗസ്റ്റ് പകുതി മുതല്‍ സംസ്ഥാനത്ത് വിവാഹ സീസണ്‍ തുടങ്ങുകയാണ്. കേരളത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്നു നില്ക്കുന്ന സമയവും ഇതുതന്നെയാണ്. മുന്‍കൂര്‍ ബുക്കിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ജുവലറികള്‍ സജീവമാണ്. വില അടിക്കടി മാറിമറിയുന്നതില്‍ ഉപയോക്താക്കളും മുന്‍കൂര്‍ ബുക്കിംഗില്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നുണ്ട്.

ആഭരണ വിലയെത്ര?

ഇന്നത്തെ സ്വര്‍ണ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില നിശ്ചയിക്കുന്നത്. അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെയൊക്കെയാണ് വിവിധ ആഭരണങ്ങള്‍ക്ക് പണിക്കൂലി ഈടാക്കുന്നത്. ഇതനുസരിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 79,750 രൂപയ്ക്ക് മുകളില്‍ നല്‌കേണ്ടി വരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT