chatgpt and canva
News & Views

വെറും 18 ദിവസംകൊണ്ട് സ്വര്‍ണത്തില്‍ കൂടിയത് ₹4,000! 85,000 മാര്‍ക്ക് അരികെ? കുടുംബങ്ങള്‍ക്ക് ആശങ്ക

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 81,640 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ നല്‍കേണ്ടി വരും

Dhanam News Desk

അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഗ്രാമിന് 15 രൂപയാണ് ഇന്നത്തെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇതോടെ 10,205 രൂപയായി ഉയര്‍ന്നു. പവന്‍ വിലയിലുള്ള ഉയര്‍ച്ച 120 രൂപയാണ്. ഇന്നത്തെ പവന്‍ വില 81,640 രൂപയാണ്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കൂടിയിട്ടുണ്ട്. 10 രൂപ വര്‍ധിച്ച് 8,380 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളിവില 135 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.

കേരളത്തില്‍ സ്വര്‍ണവിലയിലെ റെക്കോഡ് സെപ്റ്റംബര്‍ 16ന് രേഖപ്പെടുത്തിയ 82,080 രൂപയാണ്. സെപ്റ്റംബര്‍ ഒന്നിന് സ്വര്‍ണവില പവന് 77,640 രൂപയായിരുന്നു. വെറും 18 ദിവസം കൊണ്ട് പവന് കൂടിയത് 4,000 രൂപയ്ക്ക് മുകളിലാണ്. ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രമാത്രം വിലയില്‍ കയറ്റമുണ്ടാകുന്നത് അടുത്ത കാലത്ത് സര്‍വസാധാരണമായി മാറിയിട്ടുണ്ട്.

വരുംദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്ന സൂചനയാണ് അന്താരാഷ്ട്ര വിപണി നല്കുന്നത്. യുഎസ് ഫെഡ് പലിശനിരക്ക് കുറയ്ക്കുന്നത് സ്വര്‍ണത്തില്‍ വലിയ ചലനമുണ്ടാക്കുന്നുണ്ട്. സ്വര്‍ണവില കുറച്ചു നിര്‍ത്താന്‍ നികുതിയില്‍ ഇളവു വേണമെന്ന ആവശ്യം വ്യാപാരികള്‍ ഉന്നയിക്കുന്നുണ്ട്. വില അനിയന്ത്രിതമായി കൂടുന്നത് വില്പനക്കാര്‍ക്കും തിരിച്ചടിയാണ്.

ആഭരണത്തിന് എത്ര കൊടുക്കണം?

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 81,640 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുക.

അതുപ്രകാരം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് 88,017 രൂപയ്ക്ക് മുകളിലാകും. ഓണക്കാലത്തെ ഈ വിലക്കയറ്റം വ്യാപാരികളെയും ആഭരണ പ്രേമികളെയും ഒരു പോലെ വലയ്ക്കുന്നുണ്ട്.

Gold prices surge over ₹4,000 in just 18 days, nearing ₹85,000 per sovereign, raising concerns for households in Kerala

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT