gold merchants Image courtesy : AdobeStocks
News & Views

കത്തിക്കയറി പൊന്ന്! ഒറ്റദിവസം കൂടിയത് ₹1,400! പതുങ്ങി നിന്നശേഷമുള്ള വര്‍ധനയ്ക്ക് കാരണമെന്ത്?

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 93,160 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധന. ഗ്രാമിന് 175 രൂപ വര്‍ധിച്ച് 11,645 രൂപയായി. അതേസമയം, പവന്‍വിലയില്‍ 1,400 രൂപയാണ് ഇന്ന് ഉയര്‍ന്നത്. 93,160 രൂപ കൊടുക്കണം ഒരു പവന്‍ സ്വര്‍ണം കിട്ടാന്‍. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,580 രൂപയും പവന് 76,640 രൂപയുമാണ്.

സ്വര്‍ണത്തിന് പെട്ടെന്നുള്ള കയറ്റത്തിന് കാരണം അമേരിക്കയില്‍ ഫെഡ് പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചനകളാണ്. പലിശനിരക്ക് കുറച്ചാല്‍ സ്വഭാവികമായും ട്രഷറി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തും. സ്വര്‍ണവില പവന് ഒരു ലക്ഷമാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് വ്യാപാരികളും സൂചന നല്കുന്നത്.

ഡിമാന്‍ഡ് കുറയുമോ?

സ്വര്‍ണത്തിന്റെ വില കൂടിയാലും വാങ്ങലില്‍ കുറവുണ്ടാകില്ലെന്നതാണ് മുന്‍കാല അനുഭവം. അടുത്തിടെ വില കുത്തനെ കൂടിയ സമയത്തുപോലും വില്പനയില്‍ വലിയ ഇടിവുണ്ടായിരുന്നില്ല. നിക്ഷേപമെന്ന നിലയിലും മലയാളികള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് ഇതിനു കാരണം.

ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നത് ആഗോളതലത്തില്‍ ഡിമാന്‍ഡ് വര്‍ധിപ്പിച്ച് നിര്‍ത്തുമെന്നാണ് കരുതുന്നത്. ഒക്ടോബറില്‍ കുത്തനെ കൂടിക്കൊണ്ടിരുന്ന സ്വര്‍ണവില നവംബറില്‍ വലിയ തോതില്‍ വര്‍ധിച്ചിരുന്നില്ല. നവംബര്‍ ഒന്നിന് വില 90,200 രൂപയായിരുന്നു. അഞ്ചിന് 89,080 രൂപയിലേക്ക് വില താഴുകയും ചെയ്തിരുന്നു. ഈ മാസം 13ന് 94,320 രൂപ വരെ ഉയര്‍ന്നതാണ് നവംബറിലെ വലിയ വില.

ഒരു പവന്‍ വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 93,160 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,00,200 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുന്നത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT