പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് സ്വര്‍ണം യാത്ര തുടരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളര്‍ കടന്നതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും ദൃശ്യമാകുന്നത്. ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 90,000 പിന്നിട്ടു. ഇന്നത്തെ വില 90,320 രൂപയാണ്. ഇന്നലത്തേക്കാള്‍ പവന് കൂടിയത് 840 രൂപയാണ് കൂടിയത്. ഇന്നൊരു ഗ്രാം സ്വര്‍ണത്തില്‍ ഉയര്‍ന്നത് 105 രൂപയാണ്. ഗ്രാം വില 11,290 രൂപ.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 90 രൂപ വര്‍ധിച്ച് 9,290 ആയി. വെള്ളിവിലയും അതിവേഗം കുതിക്കുകയാണ്. ഇന്ന് രണ്ടുരൂപ ഉയര്‍ന്ന് 163 രൂപയായി.
ഭൗമരാഷ്ട്രീയ വിഷയങ്ങളാണ് ആഗോളതലത്തില്‍ സ്വര്‍ണവിലയെ മുന്നോട്ടു നയിക്കുന്നത്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നതിന്റെ തിരക്കിലാണ്. ഇതും വിലയില്‍ സ്വാധീനിച്ചു.
അന്താരാഷ്ട്ര വില 4,000 ഡോളര്‍ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് മറികടന്നത്. 2008ല്‍ 1,000 ഡോളറും, 2011ല്‍ 2,000 ഡോളറും എത്തിയ വില 2021ല്‍ 3,000 ഡോളര്‍ പിന്നിട്ടിരുന്നു. വെറും മൂന്നു വര്‍ഷം കൊണ്ട് 1,000 ഡോളറാണ് കൂടിയത്. കേരളത്തിലെ ജനങ്ങളുടെ കൈവശം 2,000 ടണ്ണിലധികം സ്വര്‍ണം ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ആഗോളതലത്തിലെ സാഹചര്യങ്ങള്‍ അതേപടി നില്‍ക്കുന്നതിനാല്‍ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പിടിവിട്ട രീതിയില്‍ വില ഉയരുന്നത് വില്പനയുടെ അളവ് കുറച്ചിട്ടുണ്ടെങ്കിലും ജുവലറികളില്‍ തിരക്കിന് കാര്യമായ കുറവുണ്ടായിട്ടില്ല.
ഉത്സവകാലത്തിന്റെ തുടക്കമായതിനാല്‍ വില വര്‍ധന ഇനിയും തുടരുമെന്നാണ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ ധനംഓണ്‍ലൈനോട് പറഞ്ഞു. അന്താരാഷ്ട്ര വില 4,200 ഡോളറിലേക്ക് വരുന്ന ദിവസങ്ങളില്‍ എത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് ശതമാനം പണിക്കൂലിയും നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയും സഹിതം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 98,621 രൂപയെങ്കിലും നല്‍കേണ്ടി വരും. പണിക്കൂലി 10 ശതമാനമായാല്‍ ഇത് ഒരു ലക്ഷത്തിനു മുകളിലാകുമെന്ന കാര്യവും ശ്രദ്ധിക്കുക.
ഒക്ടോബര്‍ 01: 87,000 രൂപ
ഒക്ടോബര്‍ 02: 87,440 രൂപ
ഒക്ടോബര്‍ 03: 87,040 രൂപ
ഒക്ടോബര്‍ 03: 86,920 (വൈകുന്നേരം)
ഒക്ടോബര്‍ 04: 87,560 രൂപ
ഒക്ടോബര്‍ 05: 87,560 രൂപ
ഒക്ടോബര്‍ 06: 88,560 രൂപ
ഒക്ടോബര്‍ 07: 89,480 രൂപ
ഒക്ടോബര്‍ 08: 90,320 രൂപ
Read DhanamOnline in English
Subscribe to Dhanam Magazine