സ്വര്‍ണവിലയെ സ്വാധീനിച്ചേക്കാവുന്ന സംഭവവികാസങ്ങള്‍ നടക്കാനിരിക്കേ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. യുഎസ്-ചൈന വ്യാപാര ചര്‍ച്ചയും യുഎസ് ഫെഡ് പലിശ നിരക്കില്‍ നിര്‍ണായക പ്രഖ്യാപനവും വരാനിരിക്കേ ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 11,145 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 89,160 രൂപയാണ്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 9,170 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,140 രൂപയാണ്. വെള്ളിവില 155 രൂപയില്‍ തന്നെ തുടരുന്നു.
ആഗോള തലത്തില്‍ സ്വര്‍ണവില ഇന്ന് കുറയുകയാണുണ്ടായത്. ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3,960.50 ഡോളറാണ് നിലവില്‍. യുഎസ് ഫെഡ് പലിശനിരക്കില്‍ നിര്‍ണായക തീരുമാനം ഇന്ന് വരാനിരിക്കേ ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് വിദഗ്ധരുടെ നിഗമനം. ചൈന-യുഎസ് കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ആഗോളതലത്തില്‍ ഓഹരികള്‍ കുതിക്കും. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കും. തല്‍ഫലമായി വില കുറയുകയും ചെയ്യും.
ഈ മാസം ഒന്നിന് കേരള മാര്‍ക്കറ്റില്‍ സ്വര്‍ണവില പവന് 87,000 രൂപയായിരുന്നു. 17 എത്തിയപ്പോള്‍ ഇത് 97,360 രൂപ വരെയായി ഉയര്‍ന്നു. ഇതിനുശേഷമാണ് താഴേക്കിറക്കം തുടങ്ങിയത്. അവസാന രണ്ടാഴ്ച സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടം ദൃശ്യമാണ്.
ഇന്ന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 98,900 രൂപയെങ്കിലും വേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് ജുവലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന കാര്യം ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine