പ്രതീകാത്മക ചിത്രം Image Source: Canva
News & Views

സെപ്റ്റംബറില്‍ സ്വര്‍ണവിലയില്‍ ഇടിവിന് സാധ്യതയോ? വിപണിയിലെ ഇന്നത്തെ നിര്‍ണായക മാറ്റങ്ങള്‍ അറിയാം

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി കുറയ്ക്കാനുള്ള തീരുമാനം ഈ മാസം ഉണ്ടായേക്കും

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 14,385 രൂപയായി. പവന്‍ വില 120 രൂപ വര്‍ധിച്ച് 1,15,080 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 11,815 രൂപയായി. പവന്‍ വില 94,520 രൂപയായി. 14 കാരറ്റ് സ്വര്‍ണാഭരണത്തിന്റെ വില ഗ്രാമിന് 9,205 രൂപയായി.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നയങ്ങളും പലിശ നിരക്ക് വര്‍ധന സംബന്ധിച്ച സൂചനകളും അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ സെപ്റ്റംബറില്‍ നിര്‍ണായക ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. ജാക്സണ്‍ ഹോള്‍ യോഗത്തില്‍ ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് നല്‍കിയ കടുത്ത നിരീക്ഷണങ്ങളെത്തുടര്‍ന്ന്, സെപ്റ്റംബറില്‍ പലിശ നിരക്ക് കൂട്ടിയേക്കുമെന്ന ആശങ്ക വിപണിയില്‍ ശക്തമാണ്.

ഇത് സ്വര്‍ണവിലയില്‍ ചെറിയ തോതിലുള്ള തിരുത്തലുകള്‍ക്കും ചാഞ്ചാട്ടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. എങ്കിലും ഔണ്‍സിന് 4,400-4,450 ഡോളറിന് അടുത്തുള്ള പ്രധാന സപ്പോര്‍ട്ട് നിലവിലെങ്കിലും സ്വര്‍ണം പിടിച്ചുനില്‍ക്കുമെന്നാണ് ആഗോള വിപണിയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ക്രൂഡ് ഓയില്‍ വിലയിലുള്ള മുന്നേറ്റവും സൃഷ്ടിക്കുന്ന പണപ്പെരുപ്പ ഭയവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് താങ്ങാവുന്നുണ്ട്. ആഗോള സെന്‍ട്രല്‍ ബാങ്കുകള്‍ തുടര്‍ച്ചയായ സ്വര്‍ണ ശേഖരണം വര്‍ധിപ്പിക്കുന്നതും ഡിമാന്‍ഡ് ഉയര്‍ന്നു നില്ക്കാന്‍ വഴിയൊരുക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ എന്തുമാറ്റം?

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി കുറയ്ക്കാനുള്ള തീരുമാനം ഈ മാസം ഉണ്ടായേക്കും. അങ്ങനെ വന്നാല്‍ ഗ്രാമിന് 1,100-1,300 രൂപയ്ക്കടുത്ത് കുറയാന്‍ ഇതു വഴിയൊരുക്കും. കള്ളക്കടത്ത് വര്‍ധിച്ചതും ജിഎസ്ടി വരുമാനം കുറഞ്ഞതുമാണ് നയത്തില്‍ മാറ്റംവരുത്താന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 12ന് നടക്കുന് ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനം വന്നേക്കും.

ആഭരണ വില അറിയാം

ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്. അതുപ്രകാരം, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,24,750 രൂപയെങ്കിലും ആകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT