Image : Canva 
News & Views

അമേരിക്കന്‍ പലിശ നിരക്ക് 'രക്ഷിച്ചു' സ്വര്‍ണത്തില്‍ ഇടിവ്; കേരളത്തില്‍ ഇനിയും വില കുറയുമോ?

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 81,520 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുക

Dhanam News Desk

യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറച്ചതിന് പിന്നാലെ സ്വര്‍ണവിലയില്‍ കുറവ്. രാജ്യാന്തര വിപണിയില്‍ വലിയ ഇടിവിനുശേഷം സ്വര്‍ണവില തിരിച്ചുവന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 50 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാം വില 10,190 രൂപയാണ്. പവന്‍ വില 81,520 രൂപയായി. ഒരു പവനില്‍ കുറഞ്ഞത് 400 രൂപയാണ്.

സാധാരണ ഗതിയില്‍ പലിശനിരക്ക് കുറയ്ക്കുമ്പോള്‍ സ്വര്‍ണവില കൂടുകയാണ് ചെയ്യുന്നത്. പലിശനിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനം വന്നതോടെ അമേരിക്കന്‍ മാര്‍ക്കറ്റില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. തൊട്ടുപിന്നാലെ നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് പോയതോടെ വില താഴുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുറഞ്ഞത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 8,370 രൂപയായി, 40 രൂപയുടെ കുറവ്. വെള്ളിവിലയില്‍ ഇന്ന് 2 രൂപയുടെ കുറവുണ്ടായി. ഇന്നത്തെ വെള്ളിവില 135 രൂപ. സെപ്റ്റംബര്‍ 16ന് പവന് 82,080 രൂപയായതാണ് കേരളത്തിലെ സ്വര്‍ണവിലയിലെ റെക്കോഡ്.

ഈ വര്‍ഷം ഇനിയും പലിശ കുറയ്ക്കുമെന്ന സൂചന യു.എസ് ഫെഡ് നല്കിയിട്ടുണ്ട്. ഇത് സ്വര്‍ണവിലയെ ഇനിയും പുതിയ ദൂരത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ഇനി രണ്ടുതവണ പലിശനിരക്ക് കുറയ്ക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ സ്വര്‍ണവില 4000 ഡോളറിലേക്ക് കയറുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 3,658 ഡോളറിലാണ് സ്വര്‍ണവില.

കേരളത്തില്‍ എങ്ങനെ ബാധിക്കും?

സ്വര്‍ണവില ഉയരുന്നത് കേരളത്തിലെ വ്യാപാരികള്‍ക്ക് അത്ര സന്തോഷകരമായ കാര്യമല്ല. വില്പനയുടെ അളവ് കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണത്തിന്റെ നികുതികള്‍ കുറയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വില അനിയന്ത്രിതമായി കൂടുന്നത് വില്പനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ തിരിച്ചടിയാണ്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 81,520 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുക. അതുപ്രകാരം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് 88,217 രൂപയ്ക്ക് മുകളിലാലാകും. ഓണക്കാലത്തെ ഈ വിലക്കയറ്റം വ്യാപാരികളെയും ആഭരണ പ്രേമികളെയും ഒരു പോലെ വലയ്ക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT